‘ഇനി വിളിക്കാൻ സാധിക്കുമോ എന്ന് അറിയില്ല’; റഷ്യ–യുക്രെയ്ന്‍ യുദ്ധത്തില്‍ കൂലിപട്ടാളമായി ഉപയോഗിക്കുന്നു, പരാതിയുമായി മലയാളികൾ
Mail This Article
തൃശൂർ ∙ റഷ്യ–യുക്രെയ്ന്‍ യുദ്ധത്തില്‍ കൂലിപട്ടാളമായി മലയാളി യുവാക്കളെ ഉപയോഗിക്കുന്നതായി പരാതി. തൃശൂർ കുറാഞ്ചേരി സ്വദേശികളായ ജെയിന്‍റെയും വിനിലിന്‍റെയും കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരെ തിരികെ എത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഇലക്ട്രിഷന്‍ ജോലിക്കായിട്ടാണ് ഇരുവരും റഷ്യയിലേക്ക് പോയത്. ഏപ്രിൽ 4 ന് സന്ദർശക വീസയിൽ റഷ്യയിലേക്ക് പോയ ഇരുവരുടെയും ഫോണും പാസ്പോർട്ടും നഷ്ടമായിരുന്നു. തുടർന്ന് രണ്ട് മാസത്തോളം ഇവരുടെ വിവരം കുടുംബത്തിന് ലഭ്യമായിരുന്നില്ല. മറ്റൊരാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച ഇരുവരും റഷ്യൻ സൈന്യത്തിൽ കൂലിപട്ടാളമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തുകയായിരുന്നു.
റഷ്യയിൽ പട്ടാളക്കാർക്ക് ഭക്ഷണം കൊണ്ട് കൊടുക്കുന്നതായിരുന്നു ജോലി. ഇനി യുദ്ധത്തിന് അയ്ക്കുമെന്നും വീട്ടിലേക്ക് വിളിക്കാൻ സാധിച്ചുവെന്ന് വരില്ലെന്നും കരഞ്ഞ് പറഞ്ഞതായും കുടുംബം വെളിപ്പെടുത്തി.
നേരത്തെ യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ട കല്ലൂർ സ്വദേശി കാങ്കിൽ സന്ദീപ് ചന്ദ്രൻ (36) കൊല്ലപ്പെട്ടിരുന്നു. സൈനിക ക്യാംപിലെ കന്റീനിലേക്ക് എന്നുപറഞ്ഞാണ് സന്ദീപ് ഉൾപ്പെടെയുള്ളവരെ റഷ്യയിലേക്കു കൊണ്ടുപോയതെന്നാണു കുടുംബാംഗങ്ങൾ പറഞ്ഞത്. ബിസിനസ് തൊഴിൽ വീസ ലഭിച്ചു എന്നാണ് സന്ദീപ് കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്.
മാതാപിതാക്കളും ഇളയ സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു സന്ദീപ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് റഷ്യയിലേക്ക് സന്ദീപ് പോകുന്നത്. സന്ദീപ് കൊല്ലപ്പെട്ടുവെന്ന വാർത്ത ജന്മനാട് ഞെട്ടലോടെയാണ് കേട്ടത്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നു സുരക്ഷിതമായ വീട്ടിലേക്ക് മാറണമെന്ന ആഗ്രഹം ബാക്കിവച്ചാണ് സന്ദീപ് വിടവാങ്ങിയത്.