മാർപാപ്പയെ ഏലയ്ക്കാമാല അണിയിച്ച് പ്രവാസി അപ്പോസ്തലേറ്റ് സംഘം
Mail This Article
വത്തിക്കാന്‍സിറ്റി ∙ മാർപാപ്പയ്ക്ക് പ്രവാസികളുടെ സ്നേഹത്തിന്റെ ഉപഹാരമായി ഏലയ്ക്കാ മാല അണിയിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളം.
അപ്പോസ്തലേറ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നിന്നുള്ള 30 പേരുള്‍പ്പടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് 61 പേരാണ് പ്രവാസി അപ്പോസ്തലേറ്റിന്റെ സംഘത്തിലുണ്ടായിരുന്നത്.
ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ റ്റെജി പുതുവീട്ടില്‍ക്കളം, അതിരൂപതാ മുന്‍ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വാണിയപ്പുരക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രവാസികളുടെ സ്നേഹോപഹാരമായി ഏലയ്ക്കാ മാല മാര്‍പ്പാപ്പയെ അണിയിച്ചത്. ജീവിതത്തില്‍ ലഭിച്ച ഏറ്റവും അസുലഭ സൗഭാഗ്യമാണ് മാര്‍പാപ്പയെ നേരിട്ട് അടുത്ത് കാണാനും ഹാരാര്‍പ്പണം നടത്താനും സാധിച്ചതെന്ന് ഫാ. റ്റെജി പുതുവീട്ടില്‍ക്കളം പറഞ്ഞു.
ഡിസംബര്‍ ഏഴിന് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനാണ് സംഘം വത്തിക്കാനിലെത്തിയത്. കേരള സഭയ്ക്ക് അഭിമാനമായ മാര്‍ കൂവക്കാട്ട് പിതാവിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പരിശുദ്ധ പിതാവ് വ്യക്തിപരമായി ആശീര്‍വാദം നല്‍കിയെന്നും ഫാ.റ്റെജി അറിയിച്ചു.