ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലുള്ള വിദേശികളുടെ ബയോമെട്രിക് റസിഡന്റ് പെർമിറ്റുകൾ അഥവാ ബിആർപി കാർഡുകൾ ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി. ഡിസംബർ 31നകം എല്ലാ ബിആർപി കാർഡുകളും ഇയു സെറ്റിൽമെന്റ് വീസ സ്കീമും (ഇയുഎസ്എസ്) ബയോമെട്രിക് റസിഡൻസ് കാർഡുകളും (ബിആർസി) യുകെ വീസ അക്കൗണ്ടുകൾ വഴി ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റണമെന്നായിരുന്നു ഹോം ഓഫിസിന്റെ നിർദേശം. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവേ ഒട്ടേറെ സാങ്കേതിക തടസങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പലരും ചൂണ്ടിക്കാട്ടിയതോടെയാണ് ഇതിനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്.

ഇതനുസരിച്ച് ഡിസംബർ 30ന് കാലാവധി അവസാനിക്കുന്ന ബിആർപി കാർഡുകളുമായി റസിഡന്റ് പെർമിറ്റുകാർക്ക് മാർച്ച് 31 വരെ വിദേശയാത്രകൾ സാധ്യമാകും. ബ്രിട്ടനിലേക്കുള്ള മടക്കയാത്രയിൽ എമിഗ്രേഷൻ പോയിന്റുകളിൽ ഇതിന്റെ പേരിൽ ആരെയും തടയില്ല. മൂന്നു മാസത്തെ അധിക കാലാവധിക്കുള്ളിൽ എല്ലാ കാർഡ് ഉടമകളുടെയും വീസ സ്റ്റാറ്റസ് ഓൺലൈനാക്കി മാറ്റാനാകും എന്നാണ് സർക്കാർ പ്രതീക്ഷ. 

മൈഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മിനിസ്റ്റർ സീമ മൽഹോത്രയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. വീസ ഹോൾഡർമാരിൽനിന്നുള്ള പ്രതികരണവും ഇതിനായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിൽനിന്നും ലഭിച്ച വിവരങ്ങളും എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ അഭിപ്രായവും കണക്കിലെടുത്താണ് മൂന്നു മാസത്തെ സമയം അധികമായി നൽകാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 

ഓൺലൈൻ സ്റ്ററ്റസിലേക്കുള്ള ഈ മാറ്റം പരമാവധി സൗകര്യപ്രദമാക്കാനുള്ള എല്ലാ നടപടികളും സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പലതരത്തിലുള്ള ഉപദേശവും പിന്തുണയും ഇതിനായി നൽകുമെന്നും മന്ത്രി പറഞ്ഞു. 31 ലക്ഷത്തോളം ആളുകൾ ഇതിനോടകം തന്നെ തങ്ങളുടെ വീസ സ്റ്റാറ്റസ് ഓൺലൈൻ ഫോർമാറ്റിൽ ആക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന ചെറിയ ഒരു ശതമാനത്തിന് സംഭവിച്ച സാങ്കേതിക തടസങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഇതിനുള്ള സമയം മൂന്നു മാസംകൂടി നീട്ടിയത്. 

ഹോം ഓഫിസിനു കീഴിൽ പ്രവർത്തിക്കുന്ന യുകെ വീസ ആൻഡ് ഇമിഗ്രേഷൻ (യുകെവിഐ) ഓൺലൈൻ അക്കൗണ്ടിലൂടെയണ് ബയോമെട്രിക് കാർഡുകളുടെ സ്റ്റാറ്റസ് മാറ്റേണ്ടത്. കാർഡുകൾ നഷ്ടപ്പെടുന്നതും അപഹരിക്കപ്പെടുന്നതും കാർഡിൽ കൃത്രിമം നടത്തുന്നത് ഒഴിവാക്കുന്നതും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കാരം. ഇതിനുള്ള നടപടികൾ ലഘൂകരിക്കാനും സഹായിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനും ഓൺലൈൻ ചാറ്റ് ബോക്സും സജ്ജമാക്കിയിട്ടുണ്ട്. 

കൺസർവേറ്റീവ് സർക്കാരിന്റെ കാലത്ത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. ഓരോ ബിആർപി കാർഡ് ഉടമകളെയും ഇ-മെയിൽ വഴിയും ടെസ്റ്റ് മെസേജ് വഴിയും  ഇക്കാര്യം നേരിട്ട് അറിയിച്ചാണ് ഹോം ഓഫിസ് ഇതിനുള്ള നടപടികൾ പുരോഗമിപ്പിച്ചത്.

English Summary:

UK Introduces Grace Period for EVisa Transition Until March 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com