ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന് വിശ്വാസ വോട്ടെടുപ്പിൽ പരാജയം ; ജർമനിയിൽ തിരഞ്ഞെടുപ്പ് ഫെബ്രുവരി 23ന്
Mail This Article
ബര്‍ലിന്‍ ∙ പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ജർമൻ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പരാജയപ്പെട്ടു. 733 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ (ബുണ്ടെസ്റ്റാഗ്) 207 പേരുടെ പിന്തുണ മാത്രമാണ് ഷോള്‍സിനു ലഭിച്ചത്. 394 പേര്‍ പിന്തുണച്ചു. 116 പേര്‍ വിട്ടുനിന്നു. 367 പേരുടെ പിന്തുണയാണ് വിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. അവിശ്വാസവോട്ടിന്റെ പരാജയം പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന് വഴിയൊരുക്കി.
ഫെബ്രുവരി 23ന് ജര്‍മനിയില്‍ തിരഞ്ഞെടുപ്പ് നടക്കും. നേരത്തെ നിശ്ചയിച്ച തീയതിയ്ക്കും ഏഴു മാസം മുൻപേയാണ് തിരഞ്ഞെടുപ്പ്. നവംബറില്‍ ത്രികക്ഷി ഭരണത്തിലെ സഖ്യം തകര്‍ന്നതോടെ ന്യൂനപക്ഷ സര്‍ക്കാരിനെയാണ് ഷോള്‍സ് നയിച്ചിരുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. തിങ്കളാഴ്ചത്തെ അവിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടെങ്കിലും ഒലാഫ് ഷോള്‍സ് ഗവണ്‍മെന്റിന്റെ തലവനായി പ്രവര്‍ത്തിക്കും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ആഗോള വിഷയങ്ങളിൽ സർക്കാരും ബുണ്ടെസ്റ്റാഗും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി തുടരും.
അതേസമയം വിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടതോടെ ഷോള്‍സ് ബര്‍ലിനിലെ ബെല്ലെവ്യൂ കൊട്ടാരത്തിലെത്തി ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ൻമിയറുമായി ഒലാഫ് ഷോൾസ് കൂടിക്കാഴ്ച നടത്തുകയും ബുണ്ടെസ്റ്റാഗ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബുണ്ടെസ്റ്റാഗ് പിരിച്ചുവിടുകയോ അല്ലെങ്കിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണമോ എന്ന കാര്യത്തിൽ പ്രസിഡന്റിന് തീരുമാനമെടുക്കാൻ 21 ദിവസത്തെ സമയമുണ്ട്. പാർലമെന്റ് പിരിച്ചുവിട്ടാൽ അടുത്ത 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ബുണ്ടെസ്റ്റാഗിലെ എല്ലാ പാര്‍ലമെന്ററി ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും പ്രസിഡന്റ് അന്തിമ തീരുമാനം കൈക്കൊള്ളുക.