റോയൽ മെയിൽ പൂർണമായും വിദേശ കമ്പനിക്ക്; ബ്രിട്ടനിലെ തപാൽ മേഖലയിൽ താരമായി ചെക്ക് റിപ്പബ്ലിക്കിലെ ശതകോടീശ്വരൻ
Mail This Article
ലണ്ടൻ∙ അഞ്ചു നൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ബ്രിട്ടനിലെ റോയൽ മെയിൽ പോസ്റ്റൽ സർവീസ് പൂർണമായും വിദേശ നിക്ഷേപകന്. പത്തുവർഷം മുൻപ് സ്വകാര്യമേഖലയ്ക്ക് കൈമാറിയ റോയൽ മെയിലിന്‍റെ ഓഹരികളിൽ നല്ലൊരു ശതമാനം ജീവനക്കാരുടെ കൈകളിലും മറ്റുള്ളവ വിവിധ സ്വകാര്യ നിക്ഷേപകരുടെ കൈവശവുമായിരുന്നു. ഗോൾഡൻ ഷെയർ എന്ന പേരിൽ നിശ്ചിത ശതമാനം ഓഹരികൾ സർക്കാർ നിലനിർത്തുകയും ചെയ്തിരുന്നു. ഇതിൽ സർക്കാരിന്‍റെ ഗോൾഡൻ ഷെയർ ഒഴികെ മറ്റെല്ലാ ഓഹരികളും ചെക്ക് റിപ്പബ്ലിക്കിലെ ശതകോടീശ്വരൻ ഡാനിയേൽ ക്രിന്‍റെസ്കിയുടെ ഉടമസ്ഥതയിലുള്ള ഇപി ഗ്രൂപ്പിന് കൈമാറും.
കമ്പനിയുടെ ഉടമസ്ഥാവകാശം പൂർണമായും ഇപി ഗ്രൂപ്പിന് ലഭിക്കുമെങ്കിലും പ്രവർത്തന നിയന്ത്രണങ്ങൾ സർക്കാർ റഗുലേറ്ററായ ഓഫ്കോമിന്‍റെ നിബന്ധനകൾ പാലിച്ചാകും. ഒരേ നിരക്കിൽ രാജ്യത്തെമ്പാടും സമാനമായ സേവനം ലഭ്യമാക്കാനും ആറു ദിവസവും ലെറ്റർ ഡെലിവറിയും അഞ്ചു ദിവസം പാഴ്സൽ ഡെലിവറിയും ഉറപ്പാക്കാനുമുള്ള ബാധ്യത കമ്പനി തുടരും. ഇത്തരം യൂണിവേഴ്സൽ സർവീസ് കടപ്പാടുകൾ തനിക്ക് ജീവനുള്ള കാലം മുഴുവൻ തുടരുമെന്ന് ഡാനിയേൽ ക്രെന്‍റെസ്കി വ്യക്തമാക്കി.
5.3 ബില്യൻ പൗണ്ടിന്‍റെ ഡീലാണ് കമ്പനിയുടെ കൈമാറ്റം സംബന്ധിച്ച് നടക്കുന്നത്. സെപ്റ്റംബറിൽ ആരംഭിച്ച നടപടികൾ അടുത്തവർഷം പൂർത്തിയാകും.