ADVERTISEMENT

താജുക്കോ∙ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ചിത്രങ്ങളില്‍ നിന്ന് കൊലപാതകത്തിന്‍റെ ചുരുളഴിച്ച് അന്വേഷണ സംഘം. മൃതദേഹ അവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗുകള്‍ കാറില്‍ കയറ്റുന്ന ചിത്രമാണ് കൊലപാതകത്തിന്‍റെ ചുരുളഴിക്കുന്നതിന് കാരണമായത്. ഗൂഗിള്‍ മാപ്‌സില്‍ ഇപ്പോഴും ലഭ്യമായ ഈ ചിത്രം സ്‌പെയിനിലെ താജുക്കോവിലെ കോളെ ഡെല്‍ നോര്‍ട്ടെ ഗ്രാമത്തില്‍ നിന്നുള്ളതാണ്.

ഒരു ചുവന്ന റോവര്‍ കാറിന്‍റെ ഡിക്കിയില്‍ വെള്ള ബാഗുകള്‍ വയ്ക്കുന്ന ഒരാളെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. അതുവഴി പോയ ഗൂഗിള്‍ ക്യാമറ കാറാണ് ഈ നിര്‍ണായക ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 33 വയസ്സുള്ള ക്യൂബന്‍ പൗരനാണ് കൊല്ലപ്പെട്ടത്. ഇയാളെ നിലവില്‍ ജെഎല്‍പിഒ എന്ന പേരിലാണ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്. മൃതദേഹം ക്ഷണളായി സൂക്ഷിച്ച ബാഗുകളുടെ ദൃശ്യമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞത്.

2023 നവംബറിലാണ് ഈ ക്യൂബന്‍ പൗരനെ കാണാതായിയെന്ന് ബന്ധു പൊലീസിന് പരാതി നല്‍കിയിരുന്നു. താജുക്കോയില്‍ നിന്ന് ആറ് മൈല്‍ അകലെയുള്ള അന്‍ഡലൂസ് പട്ടണത്തിലെ സെമിത്തേരിയില്‍ നിന്ന് കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരഭാഗങ്ങളില്‍ ചിലത് കണ്ടെത്തി. ഇയാളുടെ കൈകാലുകള്‍ ഇപ്പോഴും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

സോറിയ പ്രവിശ്യയില്‍ താമസിച്ചിരുന്ന ഭാര്യയെ കാണാന്‍ വന്നതായിരുന്നു ക്യൂബന്‍ പൗരന്‍. ഇയാള്‍ അവിടെ എത്തിയപ്പോള്‍ ഭാര്യയ്ക്ക് 48 വയസ്സുള്ള എല്‍ പൈസ് മാനുവല്‍ ഇസ്‌ല ഗല്ലാര്‍ഡോ എന്ന അയല്‍ക്കാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഭാര്യയും അയല്‍വാസിയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഭാര്യയും കാമുകനും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി തനിക്ക് ലഭിച്ച അവസാന സന്ദേശങ്ങളില്‍ പറയുന്നതായി സരഗോസയില്‍ താമസിക്കുന്ന ഇരയുടെ ബന്ധു വെളിപ്പെടുത്തിയിരുന്നു. സന്ദേശങ്ങള്‍ സംശയാസ്പദമാണ് തോന്നിയ ബന്ധു ഇക്കാര്യം പൊലീസിനെ അറിയിച്ചു.

തിരോധാനത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയും സോറിയയിലെ വിവിധ മേഖലകളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍, ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ചിത്രങ്ങളാണ് കേസിൽ നിര്‍ണായക വഴിത്തിരിവായത്. ഒരാള്‍ ഒരു വലിയ ബാഗ് കാറിലേക്ക് കയറ്റുന്നത് കാണിക്കുന്ന ചിത്രങ്ങളാണ് ഭാര്യയുടെ കാമുകന്‍ ഗല്ലാര്‍ഡോയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.

2024 ഒക്ടോബറില്‍ എടുത്തതെന്ന് തോന്നിക്കുന്ന ചിത്രങ്ങളില്‍, പ്രാദേശിക ഫുട്ബോള്‍ ക്ലബ് സി.ഡി നുമാന്‍സിയയുടെ പേര് എംബ്രോയ്ഡറി ചെയ്ത ജാക്കറ്റ് ധരിച്ച ഒരാളെയാണ് കാണുന്നത്. ദൃശ്യങ്ങളില്‍ ഉള്ള വ്യക്തി ജീന്‍സും ഇളം തവിട്ട് നിറത്തിലുള്ള ബൂട്ടും ധരിച്ചിരുന്നു. ചിത്രങ്ങളില്‍ ഇത് ആരാണെന്ന് വ്യക്തമായിരുന്നില്ല.

ഗൂഗിള്‍ ക്യാമറ കാര്‍ പകര്‍ത്തിയ മറ്റൊരു ഫ്രെയിമില്‍ ഇരുണ്ട വസ്ത്രം ധരിച്ച ഒരാള്‍ വലിയ വെള്ള പൊതിയുമായി ഉന്തുവണ്ടി തള്ളുന്നതും പതിഞ്ഞിരുന്നു.

ഭാര്യയ്ക്കും ഗല്ലാര്‍ഡോയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഇവരുടെ ഫോണ്‍ ചോര്‍ത്തിയതിലൂടെ പൊലീസ് കണ്ടെത്തി. എന്നാല്‍ ഇത് എങ്ങനെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സെമിത്തേരിയിലേക്ക് അന്വേഷകരെ നയിച്ചതെങ്ങനെയെന്ന് ​ഔദ്യോഗികമായി അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.

നവംബര്‍ 12ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുപ്രതികളും അന്നുമുതല്‍ കസ്റ്റഡിയിലാണ്. അഴുകിയ നിലയിലാണ് സെമിത്തേരിയില്‍ നിന്ന് ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചത്. അതിനാല്‍ ഭൗതികാവശിഷ്ടങ്ങള്‍ സോറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ മെഡിസിനിലേക്ക് പരിശോധനയ്ക്കായി മാറ്റിയിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൊല്ലപ്പെട്ടത് ക്യൂബന്‍ പൗരന്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ സാധിക്കൂ. എങ്കിലും പൊലീസ് ഇപ്പോള്‍ അനുമാനിക്കുന്നത് ഭൗതികാവശിഷ്ടങ്ങള്‍ ക്യൂബന്‍ പൗരന്റേതാണെന്നാണ്.

അന്വേഷണം നടക്കുന്നതിനാല്‍ കേസിന്‍റെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഒരു പ്രാദേശിക ജഡ്ജി ആദ്യം ഉത്തരവിട്ടിരുന്നുവെങ്കിലും ബുധനാഴ്ചയാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയത്.

English Summary:

Google Street View Images Help Solve Murder in Spain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com