യുകെ മലയാളികളുടെ കരാൾ ഗാനം വൈറൽ; ഏയ് ബനാനേ’യുടെ പാരഡിക്ക് പിന്തുണയുമായി 'വാഴ'യുടെ സംവിധായകനും
Mail This Article
ലണ്ടൻ∙ യുകെയിലെ വെസ്റ്റ് ലണ്ടനിലുള്ള റിഫ്സ് ആൻഡ് രാഗാസ് (ആർ&ആർ) എന്ന സംഗീത സൗഹൃദ കൂട്ടായ്മ ഒരുക്കിയ ക്രിസ്മസ് കരാൾ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 'വാഴ' എന്ന സിനിമയിലെ 'ഏയ് ബനാനേ ഒരു പൂ തരാമോ' എന്ന ഗാനത്തിന്‍റെ പാരഡിയാണ് വൈറലായ ഈ ഗാനം.
എൽദോ കുര്യാക്കോസാണ് പാരഡി വരികൾ എഴുതിയത്. . എൽദോയെ കൂടാതെ സജി ചാക്കോ, ബിജു ജേക്കബ്, മാത്യൂസ് ജേക്കബ്, വിനു പോൾ എന്നിവരും കുടുംബാംഗങ്ങളും ചേർന്നതാണ് ആർ&ആർ കൂട്ടായ്മ. ലണ്ടനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഇവർ സ്വന്തമായി ബാൻഡും നടത്തുന്നുണ്ട്.
നവംബർ 14ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഗാനം പത്ത് ദിവസത്തിനുള്ളിൽ പത്ത് ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. നിരവധി കരാൾ സംഘങ്ങളും മലയാളി അസോസിയേഷനുകളും ഈ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. 'വാഴ' സിനിമയുടെ സംവിധായകൻ ആനന്ദ് മേനോൻ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഈ കരാൾ ഗാനം പരാമർശിച്ചിരുന്നു.
കൂട്ടായ്മ രൂപീകരിച്ച് വർഷാവസാനത്തോട് അടുത്തപ്പോൾ ഒരു കരോൾ ഗാനം ചിട്ടപ്പെടുത്തണം എന്ന ആശയം ബാൻഡിൻറെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത എൽദോ കുര്യാക്കോസ് ആണ് ആദ്യമായി അവതരിപ്പിച്ചത്. എല്ലാവർക്കും എളുപ്പത്തിൽ പഠിച്ചെടുക്കുവാൻ പറ്റുന്നതായിരിക്കണം ഗാനം എന്ന പൊതുവായ അഭിപ്രായം വന്നതിനെ തുടർന്നാണ് ഏയ് ബനാനേയിലേക്ക് എത്തുന്നത്. പ്രഥമ സംരംഭം തന്നെ വൻ ജനപ്രീതി നേടിയതിന്‍റെ ആഹ്ളാദത്തിൽ ആണ് അണിയറ പ്രവർത്തകർ. ഔദ്യോഗിക തിരക്കുകൾക്കിടയിലും ഇംഗ്ലണ്ടിലെ കലാ സാംസ്‌കാരിക രംഗങ്ങളിൽ ഏറെ സജീവമാണ് ബാൻഡ് അംഗങ്ങൾ എല്ലാവരും. Riffs_n_Ragas എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇവരുടെ ബാൻഡിന്‍റെ ബുക്കിങ് അന്വേഷണങ്ങൾ നടത്താം.
മനോരമ ഓൺലൈൻ വായനക്കാർക്കായി റിഫ്സ് ആൻഡ് രാഗാസ് പാരഡി ഗാനത്തിന്‍റെ വരികൾ പങ്കുവെച്ചു
ബെത്‌ലഹേമിൻ കാലികൂട്ടിൽ
ജാതനായി ലോകൈക നാഥൻ
പോകാം നമുക്കൊന്നായ്
ആർത്തു പാടാം ഇന്നീ രാവിൽ
തട്ടി കൈകൾ തട്ടി
തപ്പുകൾ കൊട്ടി വരവേൽക്കാം...
മേലെ മേലെ ദൂരെ താരം
മിന്നി വഴികാട്ടി...
ദൂതരോടൊന്നുചേർന്നാർത്തു പാടി
ഹല്ലേലുയ്യാ ഒന്നായ് ഏറ്റു പാടാം
കിന്നര വാദ്യഘോഷങ്ങളോടെ
ദൈവത്തിൻ പുത്രനെ വാഴ്ത്തിടണ്ടേ...
ഉണ്ണിശോയെ വന്നീടണേ
പ്രത്യാശ എന്നിൽ തന്നീടണെ
ഈലോകർക്കായ് വന്നീടണെ
നിൻ സ്നേഹം എന്നും നൽകീടണേ...