ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കാരള്‍ സംഘടിപ്പിച്ചു
Mail This Article
ഫ്രാങ്ക്ഫര്‍ട്ട് ∙ ഫ്രാങ്ക്ഫര്‍ട്ടില്‍ മലയാളികളുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യന്‍ സഭകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 7ന് ഫ്രാങ്ക്ഫര്‍ട്ട് എക്കെന്‍ഹൈമിലെ ഹെര്‍സ് യേശു പള്ളിയില്‍ എക്യുമെനിക്കല്‍ കാരള്‍ സംഘടിപ്പിച്ചു.
സുറിയാനി യാക്കോബായ സഭയുടെ വികാരി ഫാ. എല്‍ജോ അവറാച്ചന്‍ സ്വാഗത പ്രസംഗവും, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ പ്രാര്‍ഥനഗാനവും ആലപിച്ച് ആരംഭിച്ച ചടങ്ങില്‍ ലിമ്പുര്‍ഗ് രൂപതയുടെ ഇതരഭാഷാ കത്തോലിക്കാ സഭകളുടെ കണ്‍സള്‍ട്ടന്റ് അലക്സാന്ദ്ര ഷുമാന്‍ ഇന്ത്യന്‍ സഭകളുടെ കൂട്ടായ്മയെ, പ്രത്യേകിച്ച് കത്തോലിക്കാ - ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള സാഹോദര്യത്തെയും ഐക്യത്തെയും പ്രശംസിച്ച് ഉദ്ഘാടനപ്രസംഗം നടത്തി. തുടര്‍ന്നു 5 സഭകളിലെയും അംഗങ്ങള്‍ കാരള്‍ ഗാനങ്ങള്‍ ആലപിച്ചു. സിറോ മലബാര്‍ സഭയുടെ വികാരി ഫാ. ജോബി കുന്നത്തിന്റെ നന്ദി പ്രസംഗത്തിന് ശേഷം മാര്‍ത്തോമ്മാ സഭയുടെ ഫാ. തോമസ് ജോസഫ് സമാപന പ്രാര്‍ഥനയും എക്യുമെനിക്കല്‍ കൂട്ടായ്മയിലെ എല്ലാ സഭയുടെയും വികാരിമാര്‍ ചേര്‍ന്ന് സമാപന ആശീര്‍വാദവും നല്‍കി ചടങ്ങുകള്‍ സമാപിച്ചു.
സിറോ മലബാര്‍ സഭയുടെ അംഗങ്ങളായ അനൂപ ആനി അഗസ്റ്റിന്‍, ഹര്‍ഷ ജിയോ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഫാ. സന്തോഷ് തോമസ്, ദിപിന്‍ പോള്‍ മറ്റു സഭ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.