പ്രശസ്ത നടി ഒലിവിയ ഹസി അന്തരിച്ചു
Mail This Article
ലണ്ടൻ∙ 1968ൽ റിലീസ് ചെയ്ത ഫ്രാങ്കോ സെഫിറെല്ലിയുടെ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന സിനിമയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന നടി ഒലിവിയ ഹസി (73) അന്തരിച്ചു. കുടുംബമാണ് ഇൻസ്റ്റഗ്രാം പേജിലൂടെ മരണവിവരം അറിയിച്ചത്.
15 വയസ്സുള്ളപ്പോൾ വില്യം ഷേക്സ്പിയറുടെ നാടകമായ റോമിയോ ആൻഡ് ജൂലിയറ്റിന്‍റെ ചലച്ചിത്രാവിഷ്കരണത്തിൽ അഭിനയിച്ചതോടെയാണ് ഒലിവിയ പ്രശസ്തിയിലേക്ക് കുതിച്ചത്. ബ്ലാക്ക് ക്രിസ്മസ് (1974), ഡെത്ത് ഓൺ ദി നൈൽ (1978) എന്നിങ്ങനെ 50ലധികം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.
1951 ഏപ്രിൽ 17ന് അർജന്‍റീനയിലെ ബ്യൂണസ് അയേഴ്സിലാണ് ഒലീവിയ ജനിച്ചത്. അർജന്‍റീനിയൻ ഓപ്പറ ഗായകൻ ആന്ദ്രേസ് ഒസുനയുടെ മകളാണ്. കുട്ടിക്കാലത്ത്, യുകെ പൗരത്വമുള്ള അമ്മയ്ക്കും സഹോദരനുമൊപ്പം ഒലിവിയ ഹസി ലണ്ടനിലേക്ക് മാറി. നഗരത്തില, ഇറ്റാലിയ കോണ്ടി അക്കാദമി ഓഫ് തിയറ്റർ ആർട്സിൽ അഞ്ച് വർഷം നാടകം പഠിച്ചു.
പതിമൂന്നാം വയസ്സിൽ, താരം നാടക വേദികളിൽ അഭിനയിക്കാൻ തുടങ്ങി. ബോക്സ് ഓഫിസ് വിജയമായ റോമിയോ ആൻഡ് ജൂലിയറ്റിന് മികച്ച ചിത്രവും മികച്ച സംവിധായകനും ഉൾപ്പെടെ നാല് അക്കാദമി അവാർഡ് നോമിനേഷനുകളും ലഭിച്ചു. ഒലിവിയയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഗോൾഡൻ ഗ്ലോബും ചിത്രത്തിലൂടെ ലഭിച്ചിട്ടുണ്ട്.