മോശം കാലാവസ്ഥ: ബ്രിട്ടനിൽ പുതുവത്സരാഘോഷത്തിന് മാറ്റ് കുറയും; എഡിൻബറോ വെടിക്കെട്ടും സ്ട്രീറ്റ് പാർട്ടിയും റദ്ദാക്കി
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ പുതുവത്സരാഘോഷത്തിന് തടസമായി മോശം കാലാവസ്ഥ. രാജ്യമെങ്ങും പ്രത്യേകിച്ച് സ്കോട്ട്ലൻഡിൽ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. കനത്ത് കാറ്റും മഴയും മൂടൽ മഞ്ഞും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുർന്ന് എഡിൻബറോയിലേത് ഉൾപ്പെടെ പല പുതുവത്സരാഘോഷ പരിപാടികളും റദ്ദാക്കി. പ്രശസ്തമായ എഡിൻബറോ സ്ട്രീറ്റ് പാർട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകർ അറിയിച്ചു.
സെന്റ് ഗിൽസ് കത്തീഡ്രലിലെ കാൻഡിൽലിറ്റ് കൺസേർട്ട് മാത്രമായി എഡിൻബറോയിലെ പൊതു ആഘോഷപരിപാടികൾ ഒതുങ്ങും. ഏകദേശം 30,000 പേർ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിയാണ് എഡിൻബറോയിലേത്.
ബ്രാക്ക്പൂൾ സീസൈഡ് ഫയർവർക്കാണ് റദ്ദാക്കിയ മറ്റൊരു പ്രധാന പുതുവത്സര ആഘോഷം. ലണ്ടനിലെ ആഘോഷപരിപാടികൾക്ക് ഇതുവരെ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും കാലാവസ്ഥാപ്രവചനവും സുരക്ഷാ മുന്നറിയിപ്പുകളും പരിഗണിച്ച് ആഘോഷങ്ങളിൽ മാറ്റമുണ്ടാകാമെന്നാണ് മേയറുടെ ഓഫിസ് അറിയിക്കുന്നത്.
തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിലെ പല സ്ഥലങ്ങളിലും കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്.
മോശം കാലാവസ്ഥ റോഡ്, റെയിൽ വ്യോമ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മൂടൽമഞ്ഞുമൂലം നിരവധി വിമാനസർവീസുകളാണ് ഗാട്ട്വിക്ക്, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, കാഡിഫ് വിമാനത്താവളങ്ങളിൽനിന്നും കഴിഞ്ഞദിവസം റദ്ദാക്കിയത്.