യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം അവസാനിപ്പിച്ച് റഷ്യ
Mail This Article
ബർലിൻ ∙ യുക്രെയ്ൻ വഴി യൂറോപ്പിലേക്കുള്ള റഷ്യൻ പ്രകൃതിവാതക വിതരണം പുതുവത്സര ദിനത്തിൽ അവസാനിച്ചു. കരാർ പുതുക്കാൻ യുക്രെയ്ൻ വിസമ്മതിച്ചതിനെ തുടർന്നാണ് റഷ്യ പൈപ്പ് ലൈൻ പൂർണമായും അടച്ചത്. ഓരോ അഞ്ചു വർഷവും കൂടുമ്പോഴാണ് കരാർ പുതുക്കേണ്ടത്. എന്നാൽ മുൻകരുതലുകൾ എടുത്തിട്ടുള്ളതിനാൽ യൂറോപ്പിൽ പ്രതിസന്ധി ഉണ്ടാവില്ലെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. പ്രത്യേകിച്ച് ശൈത്യകാലമായതിനാൽ വാതക ഉപയോഗം കൂടി നിൽക്കുന്ന സാഹചര്യത്തിൽ ജർമനി പോലുള്ള രാജ്യങ്ങൾ കരുതൽ ശേഖരം നടത്തിയിട്ടുണ്ട്.
യുക്രെയ്നിൽ സ്ഥാപിച്ച പൈപ്പുകളിലൂടെ തുച്ഛമായ വിലയ്ക്കാണ് റഷ്യ യൂറോപ്യൻ രാജ്യങ്ങൾക്ക് പ്രകൃതിവാതകം നൽകിയിരുന്നത്. റഷ്യ യുക്രെയ്നിൽ യുദ്ധം തുടങ്ങിയപ്പോഴും ഇതിന് തടസം നേരിട്ടിട്ടില്ല. വാതക വിതരണത്തിന് റഷ്യൻ സർക്കാർ കമ്പനിയായ ഗാസ്പ്രോമും യുക്രെയ്നും തമ്മിലുള്ള കരാർ ഡിസംബർ 31ന് അവസാനിച്ചു. ഇത് ഇനി പുതുക്കില്ലെന്ന് യുക്രെയ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ യൂണിയൻ മാറ്റത്തിന് തയ്യാറായിട്ടുണ്ടെന്നും മിക്ക രാജ്യങ്ങൾക്കും കുറവ് നേരിടാൻ കഴിയുമെന്നും യൂറോപ്യൻ കമ്മീഷൻ പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ ഇല്ലാത്ത മോൾഡോവ മാത്രമാണ് ഇപ്പോൾ ക്ഷാമം നേരിടുന്ന രാജ്യം. എന്നാൽ കരിങ്കടലിന് കുറുകെയുള്ള ടർക്ക് സ്ട്രീം പൈപ്പ് ലൈൻ വഴി റഷ്യ ഇപ്പോഴും ഹംഗറി, തുർക്കി, സെർബിയ എന്നിവിടങ്ങളിലേക്ക് വാതകം അയയ്ക്കുന്നുണ്ട്. എന്നാൽ സ്ലൊവാക്യയും ഓസ്ട്രിയയും ഉൾപ്പെടെ നിരവധി യൂറോപ്യൻ യൂണിയൻ അംഗങ്ങൾ റഷ്യയിൽ നിന്ന് ഗണ്യമായ അളവിൽ വാതകം ഇറക്കുമതി ചെയ്യുന്നത് തുടരുന്നുണ്ട്.
യുക്രെയ്ൻ വഴി യൂറോപ്പിലേക്കുള്ള ഗ്യാസ് കയറ്റുമതി ബുധനാഴ്ച പ്രാദേശിക സമയം 08:00 മുതൽ നിർത്തിയതായി റഷ്യൻ കമ്പനിയായ ഗാസ്പ്രോം സ്ഥിരീകരിച്ചു. 1991 മുതലാണ് മോസ്കോ യുക്രെയ്ൻ വഴി യൂറോപ്പിലേക്ക് ഗ്യാസ് കടത്തുന്നത്. ഇതു മൂലം റഷ്യക്ക് വർഷം 500 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. അതേസമയം യുക്രെയ്ന് കടത്തുകൂലിയായി ലഭിച്ചിരുന്ന 80 കോടി ഡോളറും നഷ്ടമാകും.
യുദ്ധം തുടങ്ങും മുമ്പ് യൂറോപ്യൻ രാജ്യങ്ങളുടെ ഊർജാവശ്യങ്ങളിൽ 40 ശതമാനവും നികത്തിയിരുന്നത് റഷ്യയാണ്. യുദ്ധം തുടങ്ങിയ ശേഷം യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ആശ്രിതത്വം കുറയ്ക്കുകയും ഖത്തർ, നോർവേ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും യൂറോപ്പിലേക്ക് പ്രകൃതിവാതകം (എൽഎൻജി) എത്താനുള്ള സാഹചര്യവും സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ യൂറോപ്പിൽ ഊർജ്ജവില കൂടുകയും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുകയും ചെയ്തു.