ആദ്യം കിട്ടിയത് വൻ ലാഭം, പിന്നാലെ ദുബായിൽ മലയാളിക്ക് നഷ്ടപ്പെട്ടത് 4.5 കോടി; തട്ടിപ്പ് ഇങ്ങനെ!
Mail This Article
പെരുമ്പാവൂർ ∙ വിദേശ മലയാളിക്ക് ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ 4.50 കോടി നഷ്ടപ്പെട്ടു. എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരുമ്പാവൂർ സ്വദേശിയായ പ്രവാസിയെ ഷെയർ ട്രേഡിങ്ങിൽ നിക്ഷേപിക്കാനുള്ള പ്രലോഭനവുമായി ദുബായിലാണ് തട്ടിപ്പുകാരൻ പരിചയപ്പെട്ടത്.
ഇയാൾ പറഞ്ഞ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. ഉടനെ ചെറിയൊരു തുക നിക്ഷേപിച്ചു. അതിന് വൻ ലാഭം തിരിച്ചുനൽകി. ഇതോടെ വിശ്വാസമായി. ഓഗസ്റ്റ് 12 മുതൽ നവംബർ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കായി 4.50 കോടി രൂപ നിക്ഷേപിച്ചു.
ഇതിന്റെ ലാഭം എന്ന പേരിൽ വൻ തുകകൾ യുവാവിന് വേണ്ടി തയാറാക്കിയ പേജിൽ പ്രദർശിപ്പിച്ചു. ഒടുവിൽ തുക പിൻവലിക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.