ഫുജൈറ ഭരണാധികാരി ഇടപെട്ടു: മറിയത്തിന് പുതുജീവൻ; കാൻസർ ബാധിച്ച 5 വയസ്സുകാരിക്ക് തുണയായത് മലയാളി
Mail This Article
കോട്ടയ്ക്കൽ (മലപ്പുറം) ∙ ഫുജൈറയിൽ കഴിയുന്ന ഗുരുവായൂർ സ്വദേശി ഡാനിയലും കുടുംബവും വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാനോടു ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും. ഡാനിയലിന്റെ അഞ്ചു വയസ്സുകാരിയായ മകൾ മറിയത്തിന്റെ ചികിത്സയ്ക്കായി വൻ തുകയാണ് റഹ്മാന്റെ ഇടപെടൽ മൂലം ഫുജൈറ ഭരണാധികാരി അനുവദിച്ചത്.
എല്ലിനു കാൻസർ ബാധിച്ച മറിയത്തിനു ബോൺമാരോ ട്രാൻസ്പ്ലാന്റ് നടത്താനായാണു 3 ലക്ഷം ദിർഹം ആവശ്യമായി വന്നത്. ഡാനിയൽ പല വാതിലുകൾ മുട്ടിയെങ്കിലും മുഴുവൻ തുക ലഭിച്ചില്ല. തുടർന്നാണ് അദ്ദേഹം റഹ്മാനെ സമീപിച്ചത്.
റഹ്മാൻ ഫുജൈറ ഭരണാധികാരി ഹമദ്ബിൻ മുഹമ്മദ് അൽശർഖിയുടെ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു. കുട്ടിയുടെ ചികിത്സ തുടങ്ങാൻ ബുർജീൽ ആശുപത്രി മേധാവിയായ ഡോ. ഷംസീർ വയലിനോട് നിർദേശിക്കുകയും ചെയ്തു. ഇതിനിടെ, ആവശ്യമായ തുക ഫൗണ്ടേഷൻ ഭാരവാഹികൾ ആശുപത്രിയിൽ അടച്ചു. കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോട്ടയ്ക്കൽ പുത്തൂർ സ്വദേശിയായ റഹ്മാൻ ദീർഘകാലമായി ഫുജൈറയിലാണു ജോലി ചെയ്യുന്നത്. ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് മാനേജരാണ് ഇപ്പോൾ.