ഐടി തകരാർ: വിമാനത്തിൽ തുടർന്ന് യാത്രക്കാർ; ജർമൻ വിമാനത്താവളങ്ങളിലെ പ്രതിസന്ധി പരിഹരിച്ചു
Mail This Article
ബര്‍ലിന്‍ ∙ ഐടി തകരാർ മൂലം ജർമൻ വിമാനത്താവളങ്ങളിലെ അതിർത്തി നിയന്ത്രണങ്ങളിൽ തടസ്സം നേരിട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാജ്യവ്യാപകമായി സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി ജർമൻ ഫെഡറൽ പൊലീസ് പറഞ്ഞു. ഷെംഗൻ ഇതര യാത്രക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.
രാജ്യവ്യാപകമായി ഐടി തകരാർ അനുഭവപ്പെട്ടെന്നും കാരണം ഇപ്പോഴും അജ്ഞാതമാണെന്നും ഫ്രാങ്ക്ഫർട്ട് വിമാനത്താവള വക്താവ് പറഞ്ഞു. ഡ്യൂസൽഡോർഫ്, ബർലിൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലാണ് കൂടുതൽ കാലതാമസം റിപ്പോർട്ട് ചെയ്തത്. ഉദ്യോഗസ്ഥർക്ക് പാസ്പോർട്ട്, വീസ പരിശോധനകൾ സ്വമേധയാ നടത്തേണ്ടി വന്നു.
ചില സന്ദർഭങ്ങളിൽ യാത്രക്കാർക്ക് വിമാനത്തിൽ തന്നെ തുടരേണ്ടി വന്നു. രാത്രി വൈകി പ്രശ്നം പരിഹരിച്ചതായും ഫെഡറൽ പൊലീസ് സംവിധാനം വീണ്ടും പൂർണ്ണമായി പ്രവർത്തിക്കുന്നതായും പൊലീസ് വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തു.
ജർമനിയിലെ ഏറ്റവും തിരക്കേറിയ ഹബ്ബായ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ ഫ്ലൈറ്റ് ഷെഡ്യൂളിനെ നിലവിൽ പ്രശ്നം ബാധിച്ചിട്ടില്ലെന്നും എന്നാൽ ജർമനിയിലേക്കുള്ള പ്രവേശനത്തിലാണ് തടസം ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.