പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു
Mail This Article
ദുബായ് ∙ യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 131,000 ആയി ഉയർന്നു. 350 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വർധിക്കുന്ന സ്വദേശിവത്കരണമെന്ന് റിപ്പോർട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ 2024ലെ രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. നഫീസ് പ്രോഗ്രാമും അത് നൽകുന്ന ആനുകൂല്യങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സ്വദേശിവത്കരണം 2024ൽ യുഎഇ കൈവരിച്ച ശ്രദ്ധേയമായ നിരവധി നേട്ടങ്ങളിൽ ഒന്നു മാത്രമാണ്. രാജ്യത്തിന്‍റെ വളർച്ച കാണിക്കുന്ന മറ്റ് സംഭവങ്ങളും ഉണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
∙സാമ്പത്തിക സൂചകങ്ങൾ
വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യൻ ദിർഹം കടന്നു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യൻ ദിർഹത്തിൽ എത്തി. മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപം 130 ബില്യൻ ദിർഹത്തിൽ എത്തി. 200,000 പുതിയ കമ്പനികൾ യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു.
∙നിയമനിർമാണം
യൂണിയന്‍റെ തുടക്കം മുതൽ പുറപ്പെടുവിച്ച നിയമനിർമാണങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള മൂന്ന് വർഷത്തെ പദ്ധതി യുഎഇ സർക്കാർ പൂർത്തിയാക്കി. ഏകദേശം 2,500 സർക്കാർ ഉദ്യോഗസ്ഥർ നിയമനിർമാണങ്ങളുടെ പുനഃപരിശോധനയിൽ പങ്കാളികളായി.
∙ടൂറിസം
രാജ്യത്തുടനീളമുള്ള ടൂറിസ്റ്റ് സൗകര്യങ്ങൾ 2024ൽ 30 ദശലക്ഷത്തിലധികം അതിഥികളെ സ്വാഗതം ചെയ്തു. 150 ദശലക്ഷം യാത്രക്കാർ വിമാനത്താവളങ്ങളിലൂടെ കടന്നുപോയി.
∙ ദേശീയ വികസനം
അടുത്ത 20 വർഷത്തേക്കുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തി യുഎഇ സർക്കാർ മുന്നോട്ടുള്ള പ്രയാണത്തിന് ഒരുങ്ങുകയാണ്. 750ലധികം ദേശീയ പദ്ധതികൾ ആരംഭിച്ചു. മന്ത്രിസഭയും മന്ത്രിതല വികസന സമിതിയും 1,300 തീരുമാനങ്ങൾ പുറപ്പെടുവിച്ചു.