ബ്രിട്ടനിൽ കനത്ത മഞ്ഞുവീഴ്ച: വിമാനത്താവളങ്ങൾ അടച്ചു; 40 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയെന്ന് മുന്നറിയിപ്പ്
Mail This Article
ലണ്ടൻ ∙ ശനിയാഴ്ച രാത്രി തുടങ്ങിയ മഞ്ഞുവീഴ്ചയിൽ ബ്രിട്ടനിലെങ്ങും ജനജീവിതം താറുമാറായി. സതേൺ ഇംഗ്ലണ്ടിലും വെയിൽസിലും മഞ്ഞിനു പിന്നാലെയെത്തിയ മഴ ഗതാഗത തടസത്തിന് ശമനം ഉണ്ടാക്കിയെങ്കിലും സ്കോട്ട്ലൻഡിലും രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലും മഞ്ഞിൽ പുതച്ചുകിടക്കുകയാണ് വാരാന്ത്യം. വരുന്ന 48 മണിക്കൂർ പലയിടത്തും കൂടുതൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്നലെ രാത്രി അടച്ച മാഞ്ചസ്റ്റർ, ലിവർപൂൾ വിമാനത്താവളങ്ങളുടെ റൺവേകൾ ഇന്നു രാവിലെ ചേർന്ന സേഫ്റ്റി അവലോകന മീറ്റിങ്ങിനു ശേഷം തുറന്നു. എന്നാൽ ലീഡ്സ്, പ്രാഡ്ഫോർഡ് എയർപോർട്ടുകൾ ഇപ്പോഴും അടച്ചിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികൾ വിലയിരുത്തി സർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഹീത്രൂ, ഗാട്ട്വിക്ക്, ലുട്ടൻ, സ്റ്റാൻസ്റ്റഡ്, സിറ്റി എയർപോർട്ട് തുടങ്ങി ലണ്ടൻ നഗരത്തിലെ വിമാനത്താവളങ്ങളിൽ അപൂർവം സർവീസുകൾ വൈകിയെങ്കിലും റൺവേ അടയ്ക്കേണ്ട സാഹചര്യം ഉണ്ടായില്ല.
നോർത്തേൺ ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും ഇന്നലെ 25 സെന്റിമീറ്റർ വരെ കനത്തിൽ മഞ്ഞുവീഴ്ചയുണ്ടായി. സ്കോട്ട്ലൻഡിൽ താപനില മൈനസ് 11 ഡിഗ്രിവരെ താഴ്ന്നു. നാഷനൽ റെയിലിന്റെ നോർത്തേൺ നെറ്റ്വർക്കിൽ നാളെ വൈകുന്നേരം വരെയെങ്കിലും ഗതാഗതതടസം തുടരുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ, സ്കോട്ട്റെയിൽ, ട്രാൻസ്പെന്നി എസ്ക്ര്പ്സ് എന്നിവയും സർവീസിൽ മുടക്കുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 28,000 വീടുകളിൽ വൈദ്യുതി തകരാറിലായി. എന്നാൽ ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലൻഡിൽ ഇക്കുറി മഞ്ഞുവീഴ്ചയുടെ ദുരിതം കുറവാണ്.
രാജ്യത്തിന്റെ പലഭാഗങ്ങളിലും മെറ്റ് ഓഫിസ് ആംബർ വാണിങ്ങ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ വാരാന്ത്യത്തിലെ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നതും ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥയിലും ഇന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്- ലിവർപൂൾ എഫ്സി ഫുട്ബോൾ മത്സരം തുടരുമെന്ന് ലിവർപൂൾ ക്ലബ്ബ് അറിയിച്ചു.