യുകെയിൽ മലയാളിയെ കാണാതായി; സഹോദരന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്
Mail This Article
ലണ്ടന്‍ ∙ യുകെ മലയാളി നരേന്ദ്രന്‍ രാമകൃഷ്ണനെ ഡിസംബര്‍ എട്ട് മുതല്‍ കാണ്മാനില്ലെന്ന് പരാതി. എഡിൻബർഗിലെ മലയാളി വിദ്യാർഥിനി സാന്ദ്രയ്ക്കുശേഷം കാണാതാകുന്ന മറ്റൊരു മലയാളിയാണ് നരേന്ദ്രൻ.
കെന്റിന് സമീപമുള്ള ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണൻ പുതിയ ജോലി അന്വേഷിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. ഇതിനിടയിലാണ് കാണാതായത്.
നരേന്ദ്രനെ കണ്ടെത്താന്‍ യുഎഇയില്‍ താമസിക്കുന്ന സഹോദരനാണ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചത്. നരേന്ദ്രന്റെ യുകെയിലെ സുഹൃത്ത് പൊലീസിൽ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്കിലും ഇതുവരെയും മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഇന്ത്യന്‍ ഹൈക്കമ്മിഷനെ അറിയിച്ചതോടെ ത്വരിത ഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. നരേന്ദ്രന്‍ രാമകൃഷ്ണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 116000 എന്ന രഹസ്യ ഹെല്‍പ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടുവാൻ മിസ്സിങ് പീപ്പിൾ യുകെ അറിയിച്ചു.