കനത്ത മഞ്ഞുവീഴ്ച; ജർമനിയിൽ മൂന്ന് വിമാനത്താവളങ്ങളിലെ സർവീസുകൾ തടസ്സപ്പെട്ടു
Mail This Article
ബര്‍ലിന്‍ ∙ മഞ്ഞുവീഴ്ചയെത്തുടർന്ന് ജർമനിയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിലെ സർവീസുകൾ തടസ്സപ്പെട്ടു. മ്യൂണിക്, ഫ്രാങ്ക്ഫർട്ട്, സ്റ്റുട്ട്ഗാർട്ട് വിമാനത്താവളങ്ങളിലെ സർവീസുകളാണ് തടസ്സപ്പെട്ടത്. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലെ വിമാനങ്ങൾ റദ്ദാക്കിയത് എയർലൈൻ സർവീസ് കൗണ്ടറുകളിൽ നീണ്ട ക്യൂവിന് കാരണമായി.
വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപ് അവരുടെ ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാരോട് ഫ്രാങ്ക്ഫർട്ട് എയർപോർട്ട് അധികൃതർ നിർദേശിച്ചിട്ടുണ്ട് തെക്കുപടിഞ്ഞാറൻ ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് വിമാനത്താവളത്തിൽ ശൈത്യകാല കാലാവസ്ഥ കാരണം പല സർവീസുകൾക്കും കാലതാമസം നേരിട്ടു. നിലവിൽ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് ഐസ് നീക്കം ചെയ്തിട്ടുണ്ട്.
മഞ്ഞുവീഴ്ചയുടെ ഭീഷണിയെത്തുടർന്ന് ബർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ മണിക്കൂറിൽ 40 വിമാനങ്ങൾക്ക് പകരം 20 വിമാനങ്ങളെ മാത്രമാണ് ലാൻഡ് ചെയ്യാൻ അനുവദിച്ചത്.
വിമാനത്താവളങ്ങളിൽ മഞ്ഞുവീഴ്ച കാരണം ദൃശ്യപരത കുറയുന്നതിനാൽ പല സർവീസുകളും സുരക്ഷ മുൻനിർത്തി റദ്ദാക്കുന്നതിന് സാധ്യതയുണ്ട്. കഠിനമായ കാലാവസ്ഥയെക്കുറിച്ച് ജർമൻ കാലാവസ്ഥാ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ബവേറിയയിൽ തണുത്തുറഞ്ഞ മഴയും മഞ്ഞും പ്രതീക്ഷിക്കുന്നുണ്ട് .
അതേസമയം, കാലാവസ്ഥാ സാഹചര്യങ്ങൾ പ്രവർത്തനങ്ങളെ ബാധിച്ചതായി ജർമൻ റെയിൽ ഓപ്പറേറ്റർ ഡോയ്‌ച്ചെ ബാനും (ഡിബി) അറിയിച്ചു. ദീർഘദൂര സർവീസുകൾ തടസ്സപ്പെട്ടതായും ചില സന്ദർഭങ്ങളിൽ ട്രെയിൻ യാത്രകൾ പൂർണമായും റദ്ദാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ തുടങ്ങിയെന്നും ചില സന്ദർഭങ്ങളിൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും അധികൃതർ പറഞ്ഞു.