ഫ്ലോറിഡയിൽ ട്രംപ് - മെലോണി കൂടിക്കാഴ്ച: 1.5 ബില്യൻ യൂറോയുടെ ഇടപാടിനായി സ്‌പേസ് എക്‌സുമായി ചർച്ച
Mail This Article
റോം∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തി. മെലോണിയെ ‘അതിശയപ്പിക്കുന്ന സ്ത്രീ’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. നവംബറിലെ യുഎസ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ഇറ്റാലിയൻ പ്രധാനമന്ത്രി ട്രംപിനെ കാണുന്നത് രണ്ടാം തവണയാണ്. ഡിസംബർ ആദ്യം പാരിസിൽ നോത്രദാം കത്തീഡ്രൽ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹ്രസ്വമായ ആദ്യ കൂടിക്കാഴ്ച.
ഇറ്റാലിയൻ ഗവൺമെന്‍റിന് സുരക്ഷിതമായ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിന് 1.5 ബില്യൻ യൂറോയുടെ കരാറിൽ ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സുമായി ഇറ്റലി വിപുലമായ ചർച്ചകൾ നടത്തിയെന്ന് സൂചനകളുണ്ട്. ഇതുവരെ ഒപ്പുവെച്ചിട്ടില്ലാത്ത, അഞ്ചുവർഷത്തെ കരാറിൽ ഇറ്റാലിയൻ ഗവൺമെന്‍റിന്‍റെ ടെലിഫോൺ നെറ്റ്‌വർക്കുകൾക്കും ഇന്‍റർനെറ്റ് സേവനങ്ങൾക്കുമുള്ള സംവിധാനം, സൈനിക ആശയവിനിമയം, അടിയന്തര സാഹചര്യങ്ങൾക്കുള്ള സാറ്റലൈറ്റ് സേവനങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്.
ഈ ഇടപാടിന് ഇറ്റലിയുടെ രഹസ്യാന്വേഷണ വിഭാഗവും പ്രതിരോധ മന്ത്രാലയവും ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ചരക്കുകൾക്ക് യുഎസ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾ, യുക്രെയ്‌നിലെ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങൾ മെലോണിയും ട്രംപുമായി നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അവസാന ഔദ്യോഗിക യാത്ര അടുത്തയാഴ്ച ഇറ്റലിയിലേക്കാണ്. ഈ സന്ദർശനത്തിന് ദിവസങ്ങൾക്കു മുൻപാണ് ഫ്ലോറിഡയിൽ ട്രംപ് - മെലോണി കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.