ക്രിസ്മസ് കേക്കിലെ വിഷബാധ: ബ്രസീലിൽ പുറത്തുവരുന്നത് ‘കൂടത്തായി മോഡൽ’ കൊലപാതകങ്ങളെന്ന് സൂചന
Mail This Article
സാവോപോളോ ∙ ക്രിസ്മസ് കേക്ക് വിഷബാധക്കേസിൽ അറസ്റ്റിലായ സ്ത്രീ വർഷങ്ങളായി കുടുംബവുമായി ശത്രുതയിലായിരുന്നുവെന്ന് ബ്രസീലിയൻ പൊലീസ് വെളിപ്പെടുത്തി. ഡെയ്‌സ് മൗറ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഡിസംബർ 23ന് ടോറസിൽ നടന്ന ക്രിസ്മസ് പാർട്ടിയിൽ ഭർതൃമാതാവ് സെലി ഡോസ് അൻജോസ് ഉണ്ടാക്കിയ കേക്ക് കഴിച്ച മൂന്ന് പേർ മരിച്ചതാണ് ഈ കേസിന് ആസ്പദമായ സംഭവം.
കേക്കിൽ ആർസെനിക് എന്ന വിഷം കലർത്തിയതായി പൊലീസ് കണ്ടെത്തി. സെലിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ മാവിൽ വലിയ അളവിൽ ആർസെനിക് അടങ്ങിയിരുന്നു. സെലി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സെലിയുടെ സഹോദരിമാരായ മൈദ ഡ സിൽവ (58), ന്യൂസ ഡോസ് അൻജോസ് (65) എന്നിവരും ന്യൂസയുടെ മകൾ ടാറ്റിയാന ഡോസ് സാന്‍റോസും (43) മരിച്ചു. ഡെയ്‌സ് മൗറയാണ് കേക്കിൽ വിഷം കലർത്തിയത് എന്നാണ് സംശയിക്കുന്നത്
കേസിലെ പ്രതിയായ ഡെയ്‌സ് മൗറയും സെലിയും തമ്മിൽ 20 വർഷത്തോളമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഡെയ്‌സ് ഇതേ കേക്ക് കഴിച്ച് ആത്മഹത്യ ചെയ്യാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ഭക്ഷ്യവിഷബാധയേറ്റ ഡെയ്‌സ് ചികിത്സയെ തുടർന്ന് ജീവിതത്തിലേക്ക് തിരികെ വന്നതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സെലിയുടെ ഭർത്താവ് പൗലോയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും പൊലീസ് പദ്ധതിയിടുന്നുണ്ട്. മൂന്ന് കൊലപാതകം നടത്തിയെന്ന സംശയത്തിൽ ഡെയ്‌സിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ബ്രസീൽ നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചു.