മലയാളികൾക്ക് അഭിമാനം; 40 വർഷമായി യുഎഇയിൽ: പ്രവാസി ഭാരതീയ സമ്മാൻ നേടിയ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ ഇവിടെയുണ്ട്!
Mail This Article
ദുബായ് ∙ പ്രവാസി ഭാരതീയ സമ്മാൻ നേടിയ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ 40 വർഷമായി യുഎഇയിലുണ്ട്. മുംബൈയിൽ നിന്നാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. ശിവസ്വാമി അയ്യർ, വള്ളി ശിവസ്വാമി എന്നിവരുടെ മകനായി കൊല്ലത്താണ് ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മാതാപിതാക്കൾക്കൊപ്പം മുംബൈയിലേക്ക് താമസം മാറി.
മുംബൈ സർവകലാശാലയിൽനിന്ന് ബിരുദം നേടിയശേഷം പിതാവിന്റെ ലോജിസ്റ്റിക്‌സ് ബിസിനസിൽ പങ്കാളിയായി. ഹാർവഡ് ബിസിനസ് സ്‌കൂളിൽനിന്ന് ഓണർ/പ്രസിഡന്റ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തിയാക്കി. പിതാവിന്റെ മരണശേഷം ബിസിനസ് ആഗോളതലത്തിലേക്ക് എത്തിക്കാൻ പരിശ്രമം നടത്തി.
ഇന്ത്യയ്ക്കും യുഎഇക്കുമിടയിൽ ആദ്യമായി പ്രതിവാര ലോജിസ്റ്റിക്‌സ് കണ്ടെയ്‌നർ സർവീസ് തുടങ്ങി. 1993 ൽ ശ്രേയസ് ഷിപ്പിങ് തുടങ്ങിയപ്പോൾ ഇന്ത്യൻ തീരത്ത് പരിസ്ഥിതി സൗഹൃദ വ്യാപാരം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിൽനിന്നും ദുബായ് പോർട്ട് വേൾഡുമായി വ്യാപാരബന്ധം സ്ഥാപിക്കാൻ ആദ്യമായി ഇടപെട്ടവരിലൊരാളായിരുന്നു.
കോവിഡ് കാലത്ത് യുഎഇയിലെ തൊഴിലാളികൾക്കടിയിൽ ഭക്ഷണം, ദുരിതാശ്വാസം എന്നിവയുമായി മുന്നിൽനിന്നു. തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിലും അദ്ദേഹം നേതൃത്വം നൽകുന്ന ട്രാൻസ് വേൾഡ് ഗ്രൂപ്പ് പങ്കാളിയാണ്. ഗൾഫ് മേഖലയിൽ ജോലി ചെയ്യാനുള്ള മികച്ച 30 കമ്പനികളുടെ പട്ടികയിൽ ട്രാൻസ് വേൾഡ് ഗ്രൂപ്പും അംഗീകരിക്കപ്പെട്ടു.ഗീതയാണ് ഭാര്യ. മക്കൾ: അനീഷ, ഋതേഷ്