വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്തി; 3 പ്രതികൾ പിടിയിൽ
Mail This Article
ബര്‍ലിന്‍∙ കാര്‍ മോഷ്ടാക്കളെ കണ്ടെത്താൻ നടത്തിയ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്തി. ജര്‍മനിയിലെ ബ്രാന്‍ഡന്‍ബുര്‍ഗ് സംസ്ഥാനത്തിലെ ലൗഷ്ഹാമ്മറില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
മോട്ടർ വാഹന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള രാജ്യാന്തര പരിശോധനാ നടപടികൾക്കിടെയാണ് ഡ്രെസ്ഡണിലെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. 32 കാരനായ കാമറൂൺ റിച്ചാർഡ്സൺ ആണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. കാർ മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെയാണ് അക്രമി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സംശയം തോന്നിയ വാഹനം നിർത്താൻ ശ്രമിക്കവെയാണ് ഡ്രൈവർ ഉദ്യോഗസ്ഥന്റെ നേർക്ക് കാർ ഇടിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥന് അടിയന്തര വൈദ്യ സഹായം നൽകിയെങ്കിലും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ 3 പ്രതികളെ അറസ്റ്റു ചെയ്തെങ്കിലും ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അക്രമണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.