തണുപ്പുമാറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ചു: സൗദിയിൽ പ്രവാസി കുടുംബത്തിലെ 4 കുട്ടികൾക്ക് ദാരുണാന്ത്യം, 6 പേർക്ക് ഗുരുതര പരുക്ക്
Mail This Article
ദമാം ∙ തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ പ്രവാസി കുടുംബത്തിലെ നാലുപേർ സൗദിയിലെ ഹഫർ ബാത്തിലിൽ ദാരുണമായി മരിച്ചു. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. അപകടവിവരമറിഞ്ഞ് സിവിൽ ഡിഫൻസ് ഉടൻ എത്തിയെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലു പേരും കുട്ടികളാണ്.
മകളുടെ വീട്ടില്‍ തീ പടര്‍ന്നുപിടിച്ചതായി അയല്‍വാസികള്‍ തന്നെ ഫോണില്‍ അറിയിക്കുകയായിരുന്നെന്ന് യെമനി പൗരന്‍ അവദ് ദര്‍വേശ് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നതായി അവദ് ദർവേശ് പറഞ്ഞു.
പതിനെട്ടുകാരിയായ പേരമകളുടെ വിവാഹം അടുത്ത റമദാനു ശേഷം നടത്താന്‍ തീരുമാനിച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂത്ത പേരമകള്‍ക്കു പുറമെ എട്ടു മാസം മാത്രം പ്രായമുള്ള പേരമകളും അഞ്ചു വയസ്സ് പ്രായമുള്ള പേരമകനും പതിനൊന്നു വയസ്സുള്ള പേരമകളും മരിച്ചു. പരുക്കേറ്റവര്‍ ഹഫര്‍ അല്‍ബാത്തിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അവദ് ദര്‍വേശ് പറഞ്ഞു.
ഗൾഫ് മേഖലയിൽ ഏതാനും ദിവസം മുമ്പാണ് സമാനമായ സംഭവം ഉണ്ടായത്. കുവൈത്തിലെ അല്‍ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ് ഏരിയയില്‍ ഏഷ്യന്‍ വംശജരായ മൂന്നു വീട്ടുജോലിക്കാരാണ് ശ്വാസം മുട്ടി മരിച്ചത്. തണുപ്പകറ്റാന്‍ റസ്റ്റ്ഹൗസില്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്നു പേരാണ് മരിച്ചത്.
നല്ല വായുസഞ്ചാരമില്ലാതെ അടച്ചിട്ട സ്ഥലത്ത് കല്‍ക്കരി കത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പുക ശ്വസിക്കുന്നതാണ് അപകടത്തിന് കാരണം. ഇത്തരത്തിലുള്ള പുക ശ്വസിക്കുന്നതിലൂടെ പെട്ടെന്ന് അപകടം സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.