ADVERTISEMENT

ദുബായ്∙ ഇന്ത്യയില്‍ നിന്നുളള സവാള കയറ്റുമതിയില്‍ നിയന്ത്രണം വന്നതോടെ കൂടിയ വില നല്‍കിയാലും ഇന്ത്യന്‍ സവാള കിട്ടാനില്ലാത്ത സാഹചര്യമാണ് യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍. ഇന്ത്യന്‍ സവാളയ്ക്ക് പകരം പാക്കിസ്ഥാന്‍, തുർക്കി, ഇറാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള സവാളയാണ് ലഭ്യമാകുന്നത്. എന്നാല്‍ രുചിവ്യത്യാസം ഉളളതിനാല്‍ ഇന്ത്യന്‍ സവാളയോടുളള പ്രിയം മറ്റ് രാജ്യങ്ങളില്‍ നിന്നുവരുന്ന സവാളയ്ക്കില്ലെന്നാണ് മിക്കവരുടേയും അഭിപ്രായം.

കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവ് നല്‍കിയ സാഹചര്യത്തില്‍ അധികം വൈകാതെ യുഎഇയിലും ഇന്ത്യന്‍ സവാളയുടെ ക്ഷാമം അവസാനിക്കുമെന്നാണ് പ്രവാസികളുടെ  പ്രതീക്ഷ. ഇന്ത്യന്‍ സവാളയുടെ ക്ഷാമം പ്രവാസി അടുക്കളയെ ബാധിച്ചതെങ്ങനെ, പ്രവാസികള്‍ പ്രതികരിക്കുന്നു.

യുഎഇയിലെ വാരാന്ത്യ അവധിദിനങ്ങള്‍ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയെങ്കിലും ഷാർജ എമിറേറ്റില്‍ വെളളിയാഴ്ച കൂടി അവധിയായതിനാല്‍ ബാച്​ലർ റൂമുകളിലെ വെളളിയാഴ്ച ബിരിയാണിയ്ക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല, ഇന്ത്യന്‍ സവാള ദുർലഭമാകും വരെ. എന്നാല്‍ സവാള രുചി മാറിയതോടെ ബിരിയാണിയുണ്ടാക്കാറില്ലെന്ന് ഷാർജയില്‍ സ്വകാര്യ കമ്പനിയില്‍ പിആർഒ ആയി ജോലി ചെയ്യുന്ന ആസിഫും സുഹൃത്തുക്കളും പറഞ്ഞു. ഇറാന്‍, പാക്കിസ്ഥാന്‍ സവാളകളുപയോഗിച്ച് ബിരിയാണി പരീക്ഷണം നടത്തിയെങ്കിലും രുചി ഇഷ്ടപ്പെട്ടില്ല. പലയിടങ്ങളിലും ഇന്ത്യന്‍ സവാളയില്ല. മസാലക്കൂട്ടുകള്‍ മാറ്റി ഉപയോഗിച്ചുവെങ്കിലും സവാളയുടെ രുചിഭേദം മനസിന് തൃപ്തിനല്കിയില്ല. വീണ്ടും വിപണിയില്‍ ഇന്ത്യന്‍ സവാള സജീവമാകട്ടെയെന്നാണ് ആശിക്കുന്നതെന്നും ആസിഫ് പറഞ്ഞു.

 

വില നോക്കുമ്പോള്‍ ഇന്ത്യന്‍ സവാളയേക്കാള്‍ നല്ലത് ഇറാന്‍ സവാളയാണ്. കുടുംബം നാട്ടിലായതിനാല്‍ പാചകം ഒറ്റയ്ക്കാണ്. സലാഡുകളിലെ  ഇഷ്ടചേരുവ ഇന്ത്യന്‍ സവാളതന്നെയാണ്. ഒഴിവാക്കാന്‍ കഴിയാത്ത കറിക്കൂട്ടുകളിലേക്ക് മാത്രമെ ഇന്ത്യന്‍ സവാള ഇപ്പോള്‍ ഉപയോഗിക്കാറുളളൂ

ആഴ്ചയിലാണ് വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങുന്നത്. എന്തൊക്കെ ഒഴിവാക്കിയാലും ഒട്ടും ഒഴിവാക്കാന്‍ കഴിയാത്തതാണ് സവാളയെന്ന് ദുബായിലുളള സെനിയ ഹുസ്നി പറയുന്നു. ഏത് രാജ്യത്തിന്‍റെ ഉളളിയ്ക്കാണ് വിലക്കുറവെന്ന് നോക്കിയാണ് വാങ്ങുന്നത്. പാചകത്തില്‍ പൊടിക്കൈകള്‍ ഉപയോഗിച്ചാണ് രുചിവ്യത്യാസം മറികടക്കുന്നത്. ഈജിപ്ഷ്യന്‍ സവാള ചെറുതായി അരിഞ്ഞാണ് കറികള്‍ക്ക് ഉപയോഗിക്കുന്നത്.വില നോക്കിത്തന്നെയാണ് സാധനങ്ങള്‍ വാങ്ങുന്നത്. വില വ്യത്യാസം ഉളളതുകൊണ്ടുതന്നെ പലപ്പോഴും ഇന്ത്യയില്‍ നിന്നുവരുന്ന സാധനങ്ങള്‍ വേണമെന്ന് നിർബന്ധം പിടിക്കാനുമാകില്ല. വില കൂടുമ്പോള്‍ ഉപയോഗിക്കുന്നതിന്‍റെ അളവ് കുറച്ചാണ് കുടുംബ ബജറ്റ് തെറ്റാതെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും സെനിയ പറഞ്ഞു.

indian-onion-shortage-in-uae
സെനിയ ഹുസ്നി കുടുംബവുമൊത്ത്

ഇന്ത്യന്‍ സവാളയേക്കാള്‍ കുറച്ചുകൂടി സ്ട്രോങാണ് പാക്കിസ്ഥാന്‍ സവാളയെന്നാണ് റാസല്‍ ഖൈമയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന അനുശ്രീയുടെ അഭിപ്രായം. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായിരുന്ന വിഭവമായിരുന്ന സവാളകൊണ്ടുണ്ടാക്കിയിരുന്ന ചട്നി ഇപ്പോള്‍ ഉണ്ടാക്കാറില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുളള സവാളകൊണ്ടുണ്ടാക്കുമ്പോള്‍ രുചി ഇഷ്ടപ്പെടുന്നില്ലെന്നുളളതാണ് കാരണം. ക്ഷാമം തീർന്ന് എത്രയും പെട്ടെന്ന് ഇന്ത്യന്‍ സവാള വിപണിയില്‍ ലഭ്യമാകട്ടെയെന്ന് ആശിക്കുന്നുവെന്നും അനുശ്രീ പറഞ്ഞു.

indian-onion-shortage-in-uae
അനുശ്രീ

സവാളയെന്നത് രുചിയില്‍ ന്യൂട്രലാണെന്നാണ് ദുബായില്‍ ഷെഫായ അജ്മലിന്‍റെ പക്ഷം. മറ്റ് ചേരുവകള്‍ ചേർത്ത് സവാളയുടെ രുചിയില്‍ വ്യത്യാസം വരുത്താം. ഇതിന് മുന്‍പ് ഇന്ത്യന്‍ സവാളയ്ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ഡ്രൈ സവാളയാണ് ഉപയോഗിച്ചിരുന്നത്. വിലയില്‍ വ്യത്യാസമുളളതിനാല്‍ അതായിരുന്നു ലാഭകരം. എങ്കിലും ഇന്ത്യന്‍ സവാളയോടാണ് പ്രിയമെന്നും അജ്മല്‍ പറയുന്നു.

 

സവാളയില്ലാത്ത വിഭവങ്ങള്‍ പൂർണമായും ഒഴിവാക്കാനാകില്ലെന്നുളളതിനാല്‍ പാക്കിസ്ഥാനില്‍ നിന്നുളള സവാളയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് .  രുചിവ്യത്യാസം അനുഭവപ്പെടുന്നുണ്ട്. നേരത്തെ വിവിധ സൂപ്പർമാർക്കറ്റുകള്‍ സവാളയ്ക്ക് വിലകുറവ് നല്‍കിയിരുന്നുവെങ്കില്‍ അടുത്തകാലത്തായി അത്തരം പ്രവണതകള്‍ തീരെയില്ലാതായി.

indian-onion-shortage-in-uae
വർഷ ദീപക് പാചകത്തില്‍. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

വിവിധ രാജ്യങ്ങളില്‍ നിന്നും വരുന്ന സവാളയ്ക്ക് വിലയിലും വ്യത്യാസമുണ്ട്. പാക്കിസ്ഥാന്‍ സവാള കിലോയ്ക്ക് കാഫോറില്‍ ശരാശരി 6 ദിർഹം 50 ഫില്‍സാണ് വില. തുർക്കിയില്‍ നിന്നുളള സവാളയ്ക്കും സമാനമായ വിലയാണ്. ഇന്ത്യന്‍ സവാള വില കിലോയ്ക്ക് 7 ദിർഹത്തിനു മുകളിലാണ്. നേരത്തെ വിലക്കിഴിവില്‍ 3 ദിർഹത്തിന് ലഭ്യമായിരുന്ന സ്ഥാനത്താണിത്. ചൈന, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന ബ്രൗണ്‍ സവാളയ്ക്ക് കിലോയ്ക്ക് 7 ദിർഹം 70 ഫില്‍സ് നല്‍കണം.

English Summary:

How Expatriates are Overcoming the Indian Onion Shortage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com