ADVERTISEMENT

ദുബായ് ∙ ശക്തമായ മഴ കാരണം റോഡുകളിലും മറ്റുമുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ മുനിസിപ്പാലിറ്റി, പൊലീസ് ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും കഠിന പ്രയത്നം തുടരുന്നു. റോഡുകളിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും മഴവെള്ളം ഒഴുക്കിവിടാൻ ദുബായ് മുനിസിപ്പാലിറ്റി ടാങ്കറുകളും പമ്പുകളും ഇന്നലെ വൈകിട്ടോടെ തന്നെ അയച്ചു. ദുബായ് മുഹൈസിന 4ലെയും മറ്റും മഴവെള്ളം നീക്കുന്ന പ്രവൃത്തി ഇന്നും തുടരുന്നു.

ഇന്നലെ പെയ്ത കനത്ത മഴ, ഗതാഗതം തടസ്സപ്പെടുത്തിയപ്പോൾ കാൽനടയാത്രക്കാർക്കും മറ്റും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ യുഎഇ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഏറെ ശ്രദ്ധ പുലർത്തി. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അധികൃതർ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചുമുള്ള അപ്‌ഡേറ്റുകളും അലേർട്ടുകളും പോസ്റ്റ് ചെയ്യുന്നുമുണ്ട്.

Image Credit- Dubai Media Office
Image Credit- Dubai Media Office

മഴ ആരംഭിക്കുന്നതിന് മുമ്പുതന്നെ മഴവെള്ളം ഒഴിവാക്കി റോഡുകൾ ഗതാഗത യോഗ്യമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ചില പാർക്കുകളുടെയും വിനോദകേന്ദ്രങ്ങളുടെയും താൽക്കാലിക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിതിനൊപ്പം അസ്ഥിര കാലാവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥർ താമസക്കാരെ അറിയിക്കുകയും  ജാഗ്രത പാലിക്കാൻ  നിർദേശിക്കുകയും ചെയ്തു. ശനിയാഴ്ച മഴ ശക്തി പ്രാപിച്ചപ്പോൾ വെള്ളം നിറഞ്ഞ പ്രദേശങ്ങളിൽ നിന്ന് ഗതാഗതം തിരിച്ചുവിടുന്നതിനും വെള്ളപ്പൊക്കമുള്ള വാദികളിലേക്കും താഴ്‌വരകളിലേക്കുമുള്ള പ്രവേശനം തടയുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു. തെരുവുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനും ഒടിഞ്ഞു വീണ മരങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും ഉദ്യോഗസ്ഥർ നേതൃത്വം നൽകി. ദുബായിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ സംയുക്ത സർക്കാർ ടീമുകൾ കാലാവസ്ഥയുടെ ആഘാതം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നു.

Image Credit- Dubai Media Office
Image Credit- Dubai Media Office

ഷാർജയിലെ റോഡിന്റെ ഒരു ഭാഗത്ത്  വെള്ളം കെട്ടിനിന്നതിനാൽ, ദുബായ് പൊലീസും ആർടിഎയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ യാത്രക്കാരെ വഴിതിരിച്ചുവിടുന്നു. സിറ്റി സെന്റർ മിർദിഫ് പാലത്തിൽ നിന്ന് ട്രിപ്പോളി സ്ട്രീറ്റ് വഴി ഗതാഗതം തിരിച്ചുവിട്ടു. തുടർന്ന് എമിറേറ്റ്സ് റോഡിലൂടെ ഷാർജയിലേക്കുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കി. കൂടാതെ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിലെ ഗതാഗതം സിറ്റി സെൻ്റർ മിർദിഫ് പാലത്തിൽ നിന്ന് ട്രിപ്പോളി സ്ട്രീറ്റിലേക്ക് തിരിച്ചുവിട്ടു. ദുബായ്-ഷാർജ ബസ് സർവീസും മറൈൻ ഗതാഗതവും താൽക്കാലികമായി നിർത്തിവച്ചു. ജലഗതാഗതം സാധാരണ ഷെഡ്യൂളിലേക്ക് മടങ്ങി.

Image Credit- Dubai Media Office
വെള്ളക്കെട്ട് നീക്കം ചെയ്യുന്ന വാഹനങ്ങൾ. ചിത്രം: മനോരമ

അധികൃതർ അതീവ ജാഗ്രതയിൽ; ഏകോപനം തുടരുന്നു
ഉയർന്ന തലത്തിലുള്ള തയാറെടുപ്പ് ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പൊലീസ് മേധാവികളുമായും  ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെൻ്റ് അതോറിറ്റിയുമായും ചേർന്ന് (എൻസിഇഎംഎ) ഏകോപനം തുടരുന്നു. സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് മന്ത്രാലയം അറിയിച്ചു.

Image Credit- Dubai Media Office
Image Credit- Dubai Media Office
English Summary:

UAE Rain; Extreme Caution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com