ADVERTISEMENT

അബുദാബി ∙ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല, യുഎഇ പ്രസിഡന്‍റിന്‍റെ കൂടെയാണ് ഇന്നലെ നോമ്പുതുറന്നതെന്ന്!. അതൊരു അപൂർവാവസരമായിരുന്നു– തലസ്ഥാനത്തെ ഷെയ്ഖ് സായിദ് വലിയ പള്ളിയങ്കണത്തിൽ ഇന്നലെ( ഞായർ) യുഎഇ പ്രസി‍ഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടൊപ്പം  നോമ്പുതുറക്കാൻ അവസരം ലഭിച്ച  കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫാസിലിനും കൂട്ടർക്കും ആ നിമിഷങ്ങളിലുണ്ടായ അനുഭൂതിയെക്കുറിച്ച് പറഞ്ഞാൽ മതിയാകുന്നില്ല. ഒരു കുട്ടിയുടെ കയ്യും പിടിച്ച് വൈസ് പ്രസിഡന്‍റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരോടൊപ്പം നോമ്പുതുറക്കാനെത്തിയതായിരുന്നു പ്രസിഡന്‍റ്.

നേരെ വന്നിരുന്നത് നോമ്പുതുറക്കാനായി ഇരിപ്പിടമുറപ്പിച്ചിരുന്ന ഫാസിൽ, ബന്ധുക്കളായ അർഷാദ്, ഉസ്മാൻ എന്നിവരടക്കമുള്ള മലയാളികളുടെ അരികിലും. സുഖമാണോ എന്ന് എല്ലാവരോടും അറബികിൽ ആരാഞ്ഞുകൊണ്ട് കടന്നുവന്ന അദ്ദേഹം സലാം പറഞ്ഞ് അഭിവാദനം ചെയ്യുകയുമുണ്ടായി. എല്ലാവരും എണീറ്റ് ബഹുമാനം പ്രകടിപ്പിച്ചപ്പോൾ എണീക്കേണ്ട ഇരുന്നോളൂ എന്ന് പറഞ്ഞ ശേഷം കുശലാന്വേഷണവും നടത്തി. നിങ്ങളൊക്കെ ഏത് രാജ്യക്കാരാണെന്നായിരുന്നു പ്രസി‍ഡന്‍റിന്‍റെ തുടർന്നുള്ള ചോദ്യം. ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോൾ, എവിടെ എന്നായി. കേരളത്തിലെന്ന് പറഞ്ഞപ്പോൾ മുഖത്ത് പുഞ്ചിരി വിടർന്നു. മഗ് രിബ് ബാങ്ക് കൊടുക്കാറായപ്പോഴായിരുന്നു അദ്ദേഹം എത്തിയത്. ഈന്തപ്പഴവും വെള്ളവും കഴിച്ച ശേഷം പ്രാർഥിക്കാനായി പള്ളിയിലേക്ക് നീങ്ങി. കൂടെ മറ്റുള്ളവരും നടന്നു. 

കഴിഞ്ഞ നാല് വർഷത്തോളമായി യുഎഇയിൽ ജോലി ചെയ്യുന്ന ഫാസിൽ 2 മാസം മുൻപ് മാത്രമാണ് ദുബായിൽ നിന്ന് അബുദാബിയിലെത്തിയത്. ഇന്നലെ ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ കമ്പനിയിൽ നിന്ന് അവധിയെടുത്ത് അവരുടെ കൂടെ പള്ളിയിലെത്തുകയായിരുന്നു. അത് ഇത്തരത്തിലൊരു അനർഘനിമിഷത്തിന് സാക്ഷിയാകാനാണെന്ന് ഒരിക്കലും ചിന്തിച്ചില്ലെന്ന് ഈ യുവാവ് പറയുന്നു. നാല് വർഷത്തിനിടയ്ക്ക് ഇതുവരെ യുഎഇയിലെ ഒരു ഭരണാധികാരിയെയും നേരിട്ട് കാണാനുള്ള അവസരമുണ്ടായിട്ടില്ല. ഇത് റമസാന്‍റെ പുണ്യം.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്തുന്നതിന് തൊട്ടു മുൻപ് ഫാസിൽ എടുത്ത സെൽഫി.  Credit-പ്രത്യേക അറേഞ്ച്മെന്‍റ്
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്തുന്നതിന് തൊട്ടു മുൻപ് ഫാസിൽ എടുത്ത സെൽഫി.ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്‍റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിൽ മലയാളികളുടെ മുൻപിൽ ഇഫ്താറിന് ഇരുന്നപ്പോൾ. Credit-Video Screenshot
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്‍റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിൽ മലയാളികളുടെ മുൻപിൽ ഇഫ്താറിന് ഇരുന്നപ്പോൾ. Image Credit:Video Screenshot

 ∙ വൈറലാക്കിയത് ഖത്തറിലെ കൂട്ടുകാരൻ
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലെ പ്രധാന കവാടത്തിലൂടെ പ്രസിഡന്‍റും കൂട്ടരും കടന്നുവരുമ്പോൾ ഫാസിൽ മൊബൈൽ ഫോണിൽ വ‌ിഡിയോ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ പ്രസിഡന്‍റിന്‍റെ വരുന്നതും ഇരിക്കുന്നതും നന്നായി പകർത്താൻ സാധിച്ചു. തുടർന്ന് അത് ഖത്തറിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. അദ്ദേഹമാണ് അത് ഗ്രൂപ്പുകളിലൊക്കെ പങ്കുവച്ചത്. മറ്റൊരു കൂട്ടുകാരനെടുത്ത് സ്റ്റാറ്റസിലുമിട്ടപ്പോൾ എങ്ങും പ്രചരിക്കാൻ അധികം നേരം വേണ്ടിവന്നില്ല. വിഡിയോയുടെ ഒറിജിനൽ തേടി യുഎഇയുടെ ഔദ്യോഗിക വിളിയെത്തിയതാണ് അടുത്തഘട്ടം. തന്‍റെ കൈയിലുണ്ടായിരുന്ന രണ്ട് വിഡിയോ ക്ലിപ്പുകളും ഫാസിൽ അയച്ചുകൊടുത്തത് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. മികച്ചൊരു ഫുട്ബോൾ കളിക്കാരനായ ഫാസിലിന്‍റെ ഇഷ്ട ടീം മാഞ്ചസ്റ്റർ സിറ്റിയാണ്. ഇതിന്‍റെ ഉടമയായ ഷെയ്ഖ് മൻസൂറിനെ നേരിട്ട് കാണാൻ സാധിച്ചത് ഇരട്ടിമധുരമായെന്ന് ഇദ്ദേഹം പറയുന്നു. പ്രസിഡന്‍റിന്‍റെയും മറ്റും കൂടെ ഇഫ്താർ കഴിച്ച ഫാസിലും കൂട്ടരും മറ്റു മലയാളികളുമൊക്കെ ഇപ്പോൾ താരങ്ങളാണ്.

English Summary:

Malayalis are Happy to Break Their Fast with the UAE President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com