ADVERTISEMENT

ദുബായ്∙ മുഹമ്മദ് ഈസ അബ്ദുൽ ഹാദിയെന്ന 14 വയസ്സുകാരൻ തന്‍റെ കണ്ണുകളിലൂടെ ഈ ലോകത്തെ അറി‍ഞ്ഞിട്ടില്ല. തന്‍റെ ആവശ്യങ്ങള്‍ പ്രകടിപ്പിക്കാനോ, നടക്കാനോ കഴിയില്ല.  പക്ഷെ അതീവഹൃദ്യമായി ഖുർആന്‍ പാരായണം ചെയ്യും. ഖുർആന്‍ പാരായണത്തില്‍ ലോകപ്രശസ്തരായവരെ അനുകരിച്ച് അതേ സ്ഫുടതയോടെ, ഈണത്തോടെ മുഹമ്മദ് ഈസ ഖുർആന്‍ പരായണം ചെയ്യുമ്പോള്‍ അനുവാചകന്‍റെ മനസിലും ആനന്ദം.

∙ ദൈവം തന്ന സമ്മാനം
രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശേഷം 2009 ലാണ് അബ്ദുൽ ഹാദിക്കിന് മകന്‍ മുഹമ്മദ് ഈസ ഹാദി ജനിച്ചത്. ദൈവം നല്‍കിയ സമ്മാനമാണ് മകനെന്ന് പിതാവ് അബ്ദുൽ ഹാദി. കാഴ്ചയില്ലാത്തത് ഉള്‍പ്പടെ ശാരീരിക വെല്ലുവിളികളോടെ ജനിച്ചവർ അല്ലാഹുവില്‍ വിശ്വസിച്ച് ജീവിച്ചാല്‍ ജന്നത്തുല്‍ ഫിർദൗസിന്‍റെ വാതിലുകള്‍ അവർക്കുമുന്നില്‍ വേഗം തുറക്കപെടുമെന്ന പ്രവാചകന്‍ മുഹമ്മദിന്‍റെ വചനങ്ങളാണ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ജീവിതം മുന്നോട്ടു നയിക്കാനും തനിക്കും കുടുംബത്തിനും ഊ‍ർജം നല്‍കിയതെന്ന് അബ്ദുൽ ഹാദി പറയുന്നു. മുഹമ്മദിന്‍റെ പ്രായത്തിലുളള കുട്ടികളെ കാണുമ്പോള്‍ മനസില്‍ മനുഷ്യസഹജമായ സങ്കടം തോന്നാറുണ്ട്. എങ്കിലും ദൈവം തന്ന സമ്മാനമാണു മകനെന്ന് വിശ്വസിക്കാനാണ് ഇഷ്ടം, ഹാദി പറയുന്നു.

muhammad-isa-recitation-of-the-quran

മുഹമ്മദിനു ശാരീരിക വൈകല്യങ്ങളുണ്ടെന്നുളളതു ഗർഭാവസ്ഥയിലായിരുന്നപ്പോള്‍  തിരിച്ചറിഞ്ഞിരുന്നില്ല. ദുബായ് ആശുപത്രിയിലായിരുന്നു ജനനം. കുഞ്ഞിന് വൈകല്യങ്ങളുണ്ടെന്നും  ഓപ്പറേഷന്‍ വേണമെന്നും ഡോക്ടർ പറഞ്ഞതനുസരിച്ചു പിന്നീട് അല്‍ വാസല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന മുഹമ്മദിനു കൊളസ്ടോമി ഓപ്പറേഷനാണ് അന്ന് ചെയ്തത്. അതിനുശേഷം അതീവ ശ്രദ്ധയോടെയായിരുന്നു പരിപാലനം. രണ്ട് വർഷങ്ങള്‍ക്കു ശേഷമാണ് സാധാരണ രീതിയില്‍ മലമൂത്രവിസർജ്ജനം സാധ്യമായത്. ചില വാക്കുകള്‍ ഉച്ഛരിക്കുമെന്നതല്ലാതെ ആവശ്യങ്ങള്‍ പറയാനോ പ്രതികരിക്കാനോ മുഹമ്മദിനു സാധിക്കില്ല. ഭക്ഷണം കഴിക്കേണ്ടതിന്‍റേയോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റേണ്ടതിന്‍റേയോ ആവശ്യകതയും അവന് അറിയില്ല, ആശയവിനിമയം നടത്താനുമാകില്ല. പരസഹായത്തോടെയാണു  മുഹമ്മദ് ഈസയ്ക്ക് ഇതെല്ലാം സാധ്യമാകുന്നത്.

∙ ഖുർആന്‍ ഹൃദിസ്ഥമാക്കിയ മുഹമ്മദ്
പിറന്നുവീണു മൂന്നാം നാള്‍ മുതല്‍ അവന് അരികിലിരുന്നു ഖു‍ർആന്‍ പാരായണം ചെയ്തിരുന്നു. കുഞ്ഞുനാള്‍ മുതലേ ഖുർആന്‍ വായിച്ചുകേള്‍ക്കാന്‍ ഇഷ്ടമായിരുന്നുവെന്ന് പിതാവ് അബ്ദുൽ ഹാദി പറയുന്നു. സഹോദരിമാരായ  സുമയ്യയും ആയിഷയും പതിവായി ഖുർആന്‍ പാരായണം ചെയ്യാറുണ്ട്. സുമയ്യ, സൂറ അശ്-ഷംസ് ഓതി കൊടുക്കുമായിരുന്നു. ഇതുപോലൊരു റമസാന്‍ കാലത്താണ് പളളിയിലെ തറാവീഹ് പ്രാർത്ഥന നടക്കുമ്പോള്‍ ഇമാമിനോടൊപ്പം മുഹമ്മദും ഖുർആന്‍ പാരായാണം ചെയ്തത്. അന്നാണ് മകന്‍ ഖുർആന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടെന്നു താന്‍ തിരിച്ചറിഞ്ഞതെന്നും പിതാവ് പറയുന്നു.

ഇതോടെ ഖുർആന്‍ പാരായണം ചെയ്യുന്നതിനു കൂടുതല്‍ പ്രോത്സാഹനം നല്‍കി. ഖുർആന്‍ എഫ് എം ചാനലും യൂട്യൂബ് ചാനലും മക്കാ ചാനലുമെല്ലാം കേള്‍പ്പിക്കും. ശാരീരിക വെല്ലുവിളികളുളളതിനാല്‍ ഔപചാരികമായ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിട്ടില്ല. ആരും പഠിപ്പിക്കാതെ, ഔപചാരിക വിദ്യാഭ്യാസമില്ലാതെയാണ് മുഹമ്മദ് ഈസ ഖുർആന്‍ മനപ്പാഠമാക്കിയത്.

muhammad-isa-recitation-of-the-quran
മുഹമ്മദ് ഈസ ഹാദി പിതാവ് അബ്ദുൽ ഹാദിക്കിന് ഒപ്പം

∙ ഇസ്​ലാമിക പണ്ഡിതന്മാരെ അനുകരിച്ചു പാരായണം
ഖുർആന്‍ പാരായണത്തില്‍ രാജ്യാന്തര  തലത്തില്‍ ശ്രദ്ധേയരായ അബ്ദുൽ ബാസിത് അബ്ദുൽ സമദ്, ഷെയ്ഖ് യൂസഫ് എ‍ഡ്ഗൗച്ച് തുടങ്ങിയവരെപ്പോലെ മുഹമ്മദ് ഖുർആന്‍ പരായണം ചെയ്യും. ഖുർആന്‍ പഠനം പോലും അവന്‍റെ മാനസിക അവസ്ഥയെ അടിസ്ഥാനമാക്കിയാണ്. ചില ദിവസങ്ങളില്‍ താല്‍പര്യത്തോടെ പഠിക്കുന്ന മുഹമ്മദ് മറ്റ് ചില ദിവസങ്ങളില്‍ പഠനത്തിന് വിമുഖതകാണിക്കും. വിശുദ്ധ ഖുർആനിലെ ഏറ്റവും ദൈർഘ്യമേറിയ അധ്യായമായ സൂറ അൽ-ബഖറ രണ്ടര മണിക്കൂർ പാരായണം ചെയ്തുകൊണ്ട് 2023 ല്‍ ഐൻസ്റ്റീന്‍ വേൾഡ് റെക്കോർഡ്‌സ് മുഹമ്മദ് സ്വന്തമാക്കി. വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനും പാരായണം ചെയ്യാനും കഴിയുന്ന ഒന്നിലധികം വൈകല്യങ്ങളുള്ള ലോകത്തിലെ ആദ്യത്തെ ആണ്‍ കുട്ടിയെന്നതാണ് മുഹമ്മദിന്‍റെ  പേരിലുളള റെക്കോർഡ്.

∙ ഉംറയ്ക്ക് പോയത് മറക്കാനാകാത്ത അനുഭവം
മുഹമ്മദിന് അഞ്ച് വയസുളളപ്പോള്‍ ഉംറയ്ക്ക് പോയിരുന്നു. അന്ന് തവാഫ് ചെയ്യുമ്പോൾ (കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നത്) എല്ലാവരും ദുആ ചൊല്ലുന്നത് കണ്ട് മകനും ചൊല്ലാന്‍ തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഏകദേശം 700 ഓളം ആളുകള്‍ തങ്ങളെ പിന്തുടർന്ന് ദുആ ചെയ്യുന്നത് കണ്ടപ്പോള്‍ കരഞ്ഞുപോയെന്ന് മുഹമ്മദിന്‍റെ പിതാവ് പറയുന്നു. പിന്നീട് വളരെ മനോഹരമായി ഖുർആന്‍ പാരായണം ചെയ്യുന്ന കുട്ടിയെ കുറിച്ച് അറിഞ്ഞ് മുഹമ്മദ് ഈസയെയും അബ്ദുൽ ഹാദിയെയും ഹറം മസ്ജിദിന്‍റെ ഇമാം വിളിപ്പിച്ചു. പൊലീസ് അകമ്പടിയോടെ അദ്ദേഹത്തിന് അരികിലെത്തി അടുത്ത് നിന്ന് പ്രാർത്ഥിച്ചു. അതിനു ശേഷം ഹജറുൽ അസ്‌വദ് (കഅബയ്ക്ക് സമീപമുള്ള കറുത്ത കല്ല്)  തൊടാനും സാധിച്ചു. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മകളില്‍ ഒന്നാണ് അതെന്നും ഹാദി പറയുന്നു.

∙ ആനകളിക്കണം, സൂറത്ത് കേള്‍ക്കണം,  സഹോദരിമാരുടെ ഇഷ്ട ശ്രോതാവ്
പിതാവ് ഓഫിസില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ഇന്നു കേള്‍ക്കേണ്ട സൂറത്ത് ഏതാണെന്ന് മുഹമ്മദ് ചോദിക്കും. തിരിച്ചെത്തിയാല്‍ അവനെ തോളത്തിരുത്തി അബ്ദുൽ ഹാദി സൂറത്ത് കേള്‍ക്കും. സ്വയം പ്രതികരിക്കാന്‍ കഴിയില്ലെങ്കിലും സഹോദരിമാരുടെ ഇഷ്ട ശ്രോതാവാണ് മുഹമ്മദ്. മൂത്ത സഹോദരിയായ സുമയ്യ ദുബായില്‍ ബിഎസ് സി സൈക്കോളജിയും രണ്ടാമത്തെ സഹോദരി ആയിഷ റാസല്‍ ഖൈമ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിനുമാണ് പഠിക്കുന്നത്.കോളജിലെ വിശേഷങ്ങളും പരീക്ഷയുടെ സമ്മർദ്ദങ്ങളുമെല്ലാം മുഹമ്മദിനോടു പറയാറുണ്ട് ഇരുവരും. രണ്ടുപേരെയും കേള്‍ക്കാന്‍ ഇഷ്ടമാണ് മുഹമ്മദിന്. ദീർഘദൂര യാത്രകള്‍ ഇഷ്ടമായതിനാല്‍ അത്തരം യാത്രകളും നടത്താറുണ്ട് കുടുംബം. മുസണ്ടമാണ് മുഹമ്മദിന്‍റെ ഇഷ്ടസ്ഥലം, മന്തിയാണ് ഇഷ്ടഭക്ഷണം.

∙ അല്‍ ഗുറൈറിന്‍റെ കരുതല്‍
1998 ലാണ് അബ്ദുൽ ഹാദി യുഎഇയിലെത്തുന്നത്. യുഎഇയിലെ പ്രശസ്തമായ അല്‍ ഗുറൈർ ഗ്രൂപ്പിനു കീഴിലുളള ഷിപ്പിങ് കമ്പനിയില്‍ സിഎഫ്ഒയുടെ ചുമതലയാണിപ്പോള്‍ വഹിക്കുന്നത്. ശാരീരിക വൈകല്യങ്ങളോടെയാണു മകന്‍ ജനിച്ചതെന്ന് അറിഞ്ഞപ്പോള്‍  സ്ഥാപനത്തിന്‍റെ ഉടമയായ ഖാലിദ് ജമാല്‍ അല്‍ ഗുറൈർ നേരിട്ട്  ആശുപത്രിയിലെത്തിയിരുന്നു. മകന്‍റെ ശാരീരിക അവസ്ഥകളെകുറിച്ച് ചോദിച്ചറിയുകയും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നത് നന്ദിയോടെ ഓർക്കുന്നു ഈ പിതാവ്.

∙ മുഹമ്മദിനെ കുറിച്ചുളള സ്വപ്നം
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ദുബായ് ഖിസൈസിലെ അല്‍ സറൂണി പളളിയിലെ അല്‍ മനാർ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ മകന്‍ ഖുർആർ പരായണം നടത്തി. ആയിരത്തോളം പേർ അന്നവിടെയുണ്ടായിരുന്നു. ഇതിനകം മറ്റ് ഖുർആന്‍ പാരായണ മത്സരത്തിലും മകന്‍ പങ്കെടുത്തിട്ടുണ്ട്. ദുബായ് ഇന്‍റർനാഷണൽ ഹോളി ഖുർആൻ അവാർഡിനായി  എല്ലാ വർഷവും റമസാന്‍ മാസത്തില്‍ ദുബായില്‍ ഖുർആന്‍ പാരായണം നടക്കാറുണ്ട്. അതില്‍ മകനെ പങ്കെടുപ്പിക്കണമെന്നുളളതാണ് സ്വപ്നം. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനുമാണ് വിശുദ്ധഗ്രന്ഥങ്ങളെല്ലാം പറയുന്നത്. ഖുർആന്‍ പാരായണത്തിലൂടെ മുഹമ്മദും അവനോടുളള സ്നേഹത്തിലും കരുതലിലുമൂടെ ഈ കുടുംബവും പറയാതെ പറയുന്നതും അതുമാത്രമാണ്.

English Summary:

Muhammad Isa's Recitation of the Qur'an

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com