മഴ മഴ കുട കുടാ... സ്മാർട് കുടചൂടി നടക്കാം; ദുബായിൽ സൗജന്യ സേവനവുമായി ആർടിഎ
Mail This Article
ദുബായ് ∙ മഴ മഴാ കുട കുടാ, മഴയോ വെയിലോ വന്നാലോ... സൗജന്യ സ്മാർട് കുട!. പൊതുഗതാഗത യാത്രക്കാർക്ക് 'ഷെയേർഡ് കുടകൾ' വാഗ്ദാനം ചെയ്യുന്ന സവിശേഷ സേവനവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). മഴയും വെയിലുമേൽക്കാതെ കുട ചൂടി നടക്കണമെന്നുണ്ടെങ്കിൽ നോൽകാർഡ് ഉപയോഗിച്ച് സ്മാർട് കുട വാടകയ്ക്കെടുക്കാം. ഉപയോഗ ശേഷം ഇവ തിരിച്ചേൽപ്പിക്കണം. ബർദുബായ് അൽ ഗുബൈബ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും മൂന്നുമാസത്തേക്കാണ് ആദ്യമായി സ്മാർട് കുട സേവനം ആരംഭിച്ചത്. പദ്ധതി വിജയകരമായാൽ മൂന്ന് മാസത്തിന് ശേഷം മറ്റ് മെട്രോ, ബസ് സ്റ്റേഷനുകളിലേക്കും സർവീസ് ആരംഭിക്കുമെന്ന് ആർടിഎ അധികൃതർ അറിയിച്ചു.
കുട എങ്ങനെ സ്വന്തമാക്കാം?
ബർദുബായ് അൽ ഗുബൈബ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും ഇവിടെ സ്ഥാപിച്ച പ്രത്യേക അംബ്രല്ല ഷെയറിങ് നെറ്റ് വർക് മെഷീനിൽ നിന്ന് നോൽ കാർഡ് ഉപയോഗിച്ച് കുടയെടുക്കാം. ഉപയോഗ ശേഷം ഇവിടെ തന്നെ അത് തിരിച്ചേൽപ്പിക്കാനും സംവിധാനമുണ്ട്. തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കുടയുടെ വില നോൽകാർഡിൽ നിന്ന് ഈടാക്കും. മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് പെട്ടെന്ന് മഴ പെയ്താലോ, ചൂടത്തോ സുഖകരമായി നടക്കാനാകുംവിധമാണ് കുട ഡിസൈൻ ചെയ്തിരിക്കുന്നത്.
കനേഡിയൻ സ്‌മാർട്ട് കുട ഷെയർ സർവീസ് കമ്പനിയായ അംബ്രാസിറ്റിയുമായി സഹകരിച്ചാണ് സൗജന്യ സേവനം. ദുബായുടെ നടപ്പാതകളുടെ ഉപയോഗം വർധിപ്പിക്കാനും താമസക്കാർക്കും സന്ദർശകർക്കും വെയിലിൽ നിന്നും മഴയിൽ നിന്നും പരിരക്ഷ നൽകുന്നതിനുമാണ് പുതിയ സേവനം. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനുമായി യോജിപ്പിച്ച്, സുസ്ഥിരവും ആരോഗ്യകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നഗര അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ദുബായിയുടെ പ്രതിബദ്ധത ഈ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നു.
നൂതന സാങ്കേതികവിദ്യയെ പ്രായോഗിക നഗര പരിഹാരങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട്, ജീവിത നിലവാരം മെച്ചപ്പെടുത്തി ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാനുള്ള ദുബായിയുടെ അഭിലാഷം സാക്ഷാത്കരിക്കുന്നതിന് ആർടിഎയും അംബ്രാസിറ്റിയും സുപ്രധാന ചുവടുവയ്പ്പ് നടത്തുകയാണ്. 20 മിനിറ്റ് നടത്തം അല്ലെങ്കിൽ ബൈക്ക് യാത്രയ്‌ക്കുള്ളിൽ പൊതുജനങ്ങൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന '20 മിനിറ്റ് നഗരം' പദ്ധതി വികസിപ്പിക്കുക എന്ന ദുബായുടെ ലക്ഷ്യത്തെ പിന്തുണയ്‌ക്കുന്നതിനും ഈ സേവനം പിന്തുണയ്ക്കും. ഊർജസ്വലവും ആരോഗ്യകരവുമായ ജീവിതം സൃഷ്‌ടിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവധി പറഞ്ഞു. ആർടിഎയുമായി സഹകരിച്ച് അംബ്രാസിറ്റിയുടെ നൂതനമായ കുട പങ്കിടൽ സേവനം ദുബായുടെ ഹൃദയഭാഗത്ത് എത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അംബ്രാസിറ്റി സിഇഒ അമീർ എന്റേസാരി പറഞ്ഞു.