പ്രവാസികൾക്ക് ആശ്വാസം; ബഹ്റൈന്‍-കൊച്ചി നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
Mail This Article
മനാമ ∙ യാത്രാക്ലേശം അനുഭവിക്കുന്ന ബഹ്‌റൈൻ മലയാളികൾക്ക് ആശ്വാസത്തിന് വക നൽകി, ജൂൺ 1 മുതൽ കൊച്ചിയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കാൻ ഇൻഡിഗോ. പ്രതിദിനം വിമാനം പറക്കാൻ തുടങ്ങുന്നതോടെ കേരളത്തിലേക്കുള്ള തിരക്കിന് അൽപ്പം ശമനം ഉണ്ടാകുമെന്ന് കരുതുകയാണ് പ്രവാസികൾ. മാത്രമല്ല സർവീസ് ആരംഭിക്കുന്നതോടെ മറ്റു കമ്പനികളും നിരക്ക് കുറയ്ക്കാൻ സാധ്യത ഉണ്ടാകുമെന്നാണ് ബഹ്‌റൈൻ പ്രവാസികൾ കരുതുന്നത്. നിലവിൽ മറ്റേതു ജിസിസി രാജ്യങ്ങളിലെ നിരക്കിനേക്കാൾ ഉയർന്ന വിമാനനിരക്കാണ് ബഹ്‌റൈനിൽ നിന്നും എല്ലാ വിമാനക്കമ്പനികളും ഈടാക്കുന്നത്. ഇതിൽ തന്നെ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് മറ്റിടങ്ങളിലേക്കാൾ കൂടുതലുമാണ്.
കാസർഗോഡ് കണ്ണൂർ ഭാഗങ്ങളിലെ യാത്രക്കാർ പലപ്പോഴും തിരഞ്ഞെടുക്കുന്ന മംഗലാപുരം വിമാനത്താവളത്തിലേക്കുള്ള നിരക്കും കൊച്ചിയെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇൻഡിഗോ നിരക്ക് കുറച്ച് കൊച്ചിയിലേക്ക് പ്രതിദിന സർവീസ് നടത്തിയാൽ സമയം അധികമെടുത്താലും കൊച്ചിയിൽ നിന്ന് ട്രെയിൻ ബുക്ക് ചെയ്തും വടക്കേ മലബാറിലുള്ളവർക്ക് യാത്ര ചെയ്യാം. ഇൻഡിഗോയുടെ ബഹ്റൈൻ-കൊച്ചി വിമാന സർവീസ് ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ബഹ്‌റൈനിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന് കൊച്ചിയിൽ എത്തുന്ന വിധത്തിലാണ് സമയക്രമം. തിരികെ കൊച്ചിയിൽ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്‌റൈനിൽ എത്തും.
വേനൽക്കാല സീസണിൽ കൂടുതൽ വിമാനസർവീസുണ്ടാവുമെന്ന് നേരത്തെ എയർഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിരുന്നുവെങ്കിലും ബഹ്റൈനിലേക്കുള്ള സർവീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അബുദാബി, റാസൽഖൈമ, ദുബായ് നഗരങ്ങളിലേക്ക് ആഴ്ചയിൽ 24 അധികസർവീസുകൾ വരെ വേനൽക്കാലത്ത് നടത്താൻ എയർഇന്ത്യ എക്സ്പ്രസ് പദ്ധതിയിടുന്നതായി വാർത്തകൾ ഉണ്ട്. ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നും കണ്ണൂരിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ച് കേരളത്തിലേക്കുള്ള നിരക്കുകൾ ഏകീകരിക്കണമെന്നും മലബാറിലെ യാത്രക്കാർ ആവശ്യപ്പെടുന്നു.