ഗതാഗത നിയമ ലംഘനം; പിഴയിൽ 50 % ഇളവ് പ്രഖ്യാപിച്ച് സൗദി
Mail This Article
റിയാദ് ∙ ഗതാഗത നിയമ ലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 % ഇളവ് പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരമാണ് ഈ ആനുകൂല്യം. 2024 ഏപ്രിൽ 18 നു മുൻപ് രേഖപ്പെടുത്തിയ പിഴകൾക്കാണ് ഇളവ് അനുവദിക്കുക. ധനകാര്യ മന്ത്രാലയത്തിന്റെയും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെയും ഏകോപനത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
ആറ് മാസങ്ങൾക്കുള്ളിൽ തന്നെ ഉപയോക്താവ് തന്റെ മേലുള്ള പിഴകൾ അടച്ചു തീർക്കണം. അതേസമയം പൊതു സുരക്ഷയെ ബാധിക്കുന്ന പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. ട്രാഫിക് സുരക്ഷാ ആവശ്യകതകൾ കൈവരിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ നടത്തരുതെന്നും ആഭ്യന്തര മന്ത്രാലയം എല്ലാ റോഡ് ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.