ലൈലത്തുൽ ഖദ്റിന്‍റെ പുണ്യവുമായി...
Mail This Article
അബുദാബി ∙ റമസാൻ രാവിൽ ലൈലത്തുൽ ഖദ്റിന്‍റെ പുണ്യം തേടി എത്തിയ ആയിരക്കണക്കിന് വിശ്വാസികൾ മസ്ജിദുകളെ ഭക്തിസാന്ദ്രമാക്കി. ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒത്തുവന്ന ധന്യമുഹൂർത്തത്തിൽ വിശ്വാസികളാൽ സമ്പന്നമായിരുന്നു ആരാധനാലയങ്ങൾ. 5 നേരത്തെ നമസ്കാരങ്ങളിലും റമസാനിലെ പ്രത്യേക പ്രാർഥനകളായ തറാവീഹിലും ഖിയാമുൽലൈൽ നമസ്കാരത്തിലും സ്ത്രീകൾ കുട്ടികളും ഉൾപ്പെടെ വൻ ജനാവലി എത്തിയതോടെ വിശ്വാസികളുടെ നിര പള്ളിയും പരിസവും വിട്ട് സമീപത്തെ റോഡുകളിലേക്കും നീണ്ടു.
ഓരോ മേഖലകളിലുമുള്ള പള്ളികളിൽ ഖിയാമുൽലൈൽ നമസ്കാരം വ്യത്യസ്ത സമയങ്ങളിൽ ക്രമീകരിച്ചതിനാൽ ഓരോരുത്തരുടെയും സൗകര്യം അനുസരിച്ച് ആരാധനയിൽ പങ്കെടുക്കാൻ ഭൂരിഭാഗം പേർക്കും അവസരം ലഭിച്ചു. അർധ രാത്രി 12 മുതൽ പുലർച്ചെ 3.30 വരെ അര മണിക്കൂർ ഇടവിട്ടായിരുന്നു വിവിധ പള്ളികളിൽ നിശാ പ്രാർഥന നടന്നത്. ഇന്നു ജോലിയുള്ളവർ 12 മണിക്കുള്ള നമസ്കാരത്തിൽ പങ്കെടുത്തപ്പോൾ മറ്റു ചിലർ അൽപസമയം ഉറങ്ങിയ ശേഷം 2 മണിക്കു ശേഷമുള്ള നമസ്കാരത്തിലാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളുമെല്ലാം രാത്രി നടന്ന നമസ്കാരങ്ങളിൽ സജീവമായി പങ്കെടുത്തു. ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ പള്ളികളിൽ ഒരുക്കിയിരുന്നു.