പെരുന്നാളിനൊരുങ്ങി അബുദാബി കാണാൻ പരിപാടികളേറെ
Mail This Article
അബുദാബി ∙ ഈദുൽ ഫിത്ർ ആഘോഷമാക്കാൻ ഒരുങ്ങി അബുദാബി. വർണദീപങ്ങൾ നഗരത്തെ മനോഹരമാക്കി. ഷോപ്പിങ് മാളുകൾ, തീം പാർക്ക്, കോർണിഷ്, ബീച്ച്, പാർക്ക് എന്നിവ കേന്ദ്രീകരിച്ചാണ് സാംസ്കാരിക, വിനോദ, വിജ്ഞാന പരിപാടികളും വെടിക്കെട്ടും ഒരുക്കിയിരിക്കുന്നത്.
യാസ് മറീന, യാസ് ബേ വാട്ടർഫ്രണ്ട് എന്നിവിടങ്ങളിലായി ഈദ് ദിനങ്ങളിൽ രാത്രി 9ന് വെടിക്കെട്ടുണ്ട്. ഫെറാറി വേൾഡ്, യാസ് വാട്ടർ വേൾഡ്, വാർണർ ബ്രോസ് വേൾഡ് തുടങ്ങി യാസ് ഐലൻഡിലെ തീം പാർക്കുകളിൽ പെരുന്നാളിന് പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. സാഹസിക പ്രകടനങ്ങളും അഭ്യാസങ്ങളും ഡാൻസിങ് ഫൗണ്ടനും ഉൾപ്പെടെ ഒരുക്കി യാസ് ക്രിയേറ്റിവ് ഹബ്ബിനു സമീപം ഫോണ്ടാന സർക്കസ് കൂടാരം സന്ദർശകരെ കാത്തിരിക്കുന്നു.
സീ വേൾഡിൽ മത്സ്യത്തൊഴിലാളികളുടെ നൃത്തവും സാൻഡ് ആർട്ടും മീൻവല നിർമാണവുമെല്ലാം ഇവിടെ അടുത്തറിയാം. സാഹസിക, വിനോദ കേന്ദ്രങ്ങളുടെ പറുദീസയായ ഹുദൈരിയാത്ത് ഐലൻഡിൽ പെരുന്നാൾ ആഘോഷം പൊടിപൊടിക്കും. ഒന്ന്, രണ്ട് പെരുന്നാൾ ദിനങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 11 വരെ പ്രത്യേക കലാപരിപാടികൾ അരങ്ങേറും. സിനിമ പ്രദർശനം, ചിത്ര പ്രദർശനം, മൈലാഞ്ചി അണിയൽ, ഡിജെ മ്യൂസിക് തുടങ്ങി വിവിധ കലാവിരുന്നുണ്ടാകും. ബീച്ചിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തുന്നവർക്ക് മർസാനയിൽ രാത്രി 9ന് വർണാഭമായ വെടിക്കെട്ടും ആസ്വദിക്കാം.
ഉമ്മുൽ ഇമറാത്ത് പാർക്കിൽ മുഴുദിന വിനോദപരിപാടികൾ. കുട്ടികളുടെ ഉദ്യാനത്തിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രത്യേക പരിപാടി. വൈകിട്ട് 5 മുതൽ രാത്രി 10 വരെ സന്ദർശകർക്കായി കുതിര, ഒട്ടക സവാരിയും സിനിമ പ്രദർശനവും. ലൂവ്റ് അബുദാബി മ്യൂസിയത്തിൽ സാംസ്‌കാരിക, സിനിമ പ്രദർശനമടക്കം ഒട്ടേറെ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.