ADVERTISEMENT

ദുബായ്∙ പെരുന്നാളിന് മൈലാഞ്ചിയിടാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ. യുഎഇയിലും പെരുന്നാളിനോട് അനുബന്ധിച്ച് കൈകളിലും കാലുകളിലും മൈലാഞ്ചിയണിയുന്നവർ നിരവധിയാണ്. അറബ് സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട് മൈലാഞ്ചിക്ക്. മരുഭൂമിയിലെ ചൂട് കാലാവസ്ഥയില്‍ നിന്ന് ആശ്വാസമാകാന്‍ പണ്ട് കാലത്ത് മൈലാഞ്ചി ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. സ്ത്രീകളായിരുന്നു മൈലാഞ്ചി ഉപയോഗിച്ചിരുന്നത്. മൈലാഞ്ചി ഉണങ്ങി കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മനോഹരമായ നിറം ശരീരത്തിലുണ്ടാകുമെന്നുളളതുകൊണ്ടുതന്നെ മിക്കവർക്കും മൈലാഞ്ചിയണിയാന്‍ താല്‍പര്യമുണ്ടായി.

വധുവിന്‍റെ കൈകാലുകളില്‍ മനോഹരചിത്രങ്ങള്‍ വരച്ചിടുന്നതിനാല്‍  കല്ല്യാണങ്ങള്‍ക്ക് മൈലാഞ്ചി ഒഴിച്ചുകൂടാന്‍ കഴിയാത്തതായി. വിവാഹത്തലേന്നുളള മൈലാഞ്ചികല്ല്യാത്തില്‍ വധുവിനെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മൈലാഞ്ചിയണിയിക്കുന്ന ചടങ്ങുണ്ട്. വീട്ടിലെ മുതിർന്ന അംഗമാണ് വധുവിനെ ആദ്യം മൈലാഞ്ചിയണിക്കുക. അറബ് സംസ്കാരത്തില്‍ മൈലാഞ്ചി ഡിസൈനുകള്‍ ഓരോ ഗോത്രത്തിനും വ്യത്യസ്തമാണ്. മൈലാഞ്ചി പാറ്റേൺ നോക്കിയാൽ വധു ഏത് ഗോത്രമാണെന്ന് മനസ്സിലാക്കാം.

മൈലാഞ്ചി പ്രധാനമായ മറ്റൊരു സന്ദർഭമാണ് ഈദ്. റമസാന്‍റെയും ബക്രീദിന്‍റെയും തലേദിവസം രാത്രി സ്ത്രീകള്‍ മൈലാഞ്ചിയണിയും. അറബികൾക്കിടയിൽ മൈലാഞ്ചി പ്രചാരത്തിലായതിന് മതപരമായ കാരണവുമുണ്ട്. മഷി കൊണ്ട് പച്ച കുത്തുന്നതും ടാറ്റൂ അണിയുന്നതും ഇസ്​ലാമില്‍ നിഷിദ്ധമാണ്. ആ സ്ഥാനമാണ് മൈലാഞ്ചി ഏറ്റെടുത്തത്. റമസാന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുഎഇയില്‍ മൈലാഞ്ചിയിടാന്‍ ആവശ്യക്കാരേറെയുണ്ട്. മൈലാഞ്ചി കലാകാരികളെ തേടി നിരവധി ആവശ്യക്കാരാണ് എത്തുന്നത്. ഡിസൈന്‍ അനുസരിച്ച്  250 മുതല്‍ 2000 വരെയാണ് വിവിധ മൈലാഞ്ചി കലാകാരന്മാർക്ക് ലഭിക്കുന്ന പ്രതിഫലത്തുക. മറ്റ് ദിവസങ്ങളില്‍ 50 ദിർഹം മുതല്‍ ലഭിക്കുന്ന സേവനമാണ് റമസാന്‍ ഉള്‍പ്പടെയുളള വിശേഷ അവസരങ്ങളില്‍ തൊട്ടാല്‍ പൊളളുന്ന വിലയിലേക്ക് എത്തുന്നത്.  2000 ദിർഹത്തിന് മുകളില്‍ വരെ പ്രതിഫലം ലഭിക്കുന്ന പ്രശസ്തരായ മൈലാഞ്ചി കലാകാരികളുമുണ്ട്. തിരഞ്ഞെടുക്കുന്ന ഡിസൈന് അനുസരിച്ച് മൈലാഞ്ചിയിടല്‍ സേവനത്തിന്‍റെ വിലയും.

റമസാന്‍ എത്തുന്നതോടെ മൈലാഞ്ചിയിടാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവരാണ് അധികവും. അതുകൊണ്ടുതന്നെ മിക്ക ബ്യൂട്ടി പാർലറുകളിലും ബുക്കിങ് സ്ലോട്ടുകളും ലഭ്യമല്ല. ചെറുതും എന്നാല്‍ ആകർഷണീയവുമായ ഡിസൈനുകളാണ് മിക്കവർക്കും താല്‍പര്യമെന്ന് ഖിസൈസില്‍ ബ്യൂട്ടി പാർലർ നടത്തുന്ന മരിയ പറയുന്നു.മൈലാഞ്ചിയിടാന്‍ എത്തുന്നവരില്‍ മുന്‍പന്തിയില്‍ മലയാളികളുമുണ്ട്. ഉളളം കൈയ്യില്‍ മൈലാഞ്ചിയിടുന്ന ട്രെന്‍റ് മാറി ഇപ്പോള്‍ പുറം വശത്ത് മാത്രമിടുന്നതാണ് പലർക്കും താല്‍പര്യമെന്നും മരിയ പറയുന്നു. വീട്ടിലെത്തി മൈലാഞ്ചിയിട്ട് തരുന്നവരുമുണ്ട്.  തങ്ങള്‍ക്കുമാത്രമായുളള ഡിസൈനുകള്‍ മൈലാഞ്ചിയില്‍ അണിയാന്‍ എത്തുന്നവരുമേറെ. ഇഷ്ടമുളള ഡിസൈന്‍ അവരവർ തന്നെ കൊണ്ടുവരുന്നവരുമുണ്ട്. ചിലർക്ക് കാലിഗ്രഫിയും സൂക്തകങ്ങളുമെല്ലാം ഇഷ്ടമാകുമ്പോള്‍ മറ്റുചിലർക്ക് പ്രകൃതി ദൃശ്യങ്ങളും പക്ഷിമൃഗാദികളുടെയും ചിത്രങ്ങളാണ് മൈലാഞ്ചിയിടാന്‍ ഇഷ്ടം.

ഇങ്ങനെയൊക്കെയാണെങ്കിലും അലങ്കാരത്തിനായി മൈലാഞ്ചിയില്‍ ചേർക്കുന്ന രാസവസ്തുക്കള്‍ ചർമ്മത്തിന് ഹാനികരമായേക്കുമെന്ന് ചർമ്മരോഗവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.യഥാർത്ഥ മൈലാഞ്ചി ഓറഞ്ച്- ബ്രൗണ്‍ നിറത്തിലാണ്. എന്നാല്‍ രാസവസ്തുക്കള്‍ ചേർത്ത് ഇതിന് കറുപ്പ്,വെളുപ്പ് നിറം നല്‍കുന്നവരുണ്ട്. ഇത് ശരീരത്തില്‍ ഉപയോഗിക്കുമ്പോള്‍ അലർജി സാധ്യതയുണ്ടാകും. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണെന്നും പ്രകൃതി ദത്തമായ മൈലാഞ്ചിയാണ് ഏറ്റവും സുരക്ഷിതമെന്നും ചർമ്മരോഗവിദഗ്ധർ പറയുന്നു.

English Summary:

Henna demand in the UAE surges as Ramadan approaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com