പെരുന്നാൾ അവധി: ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഓഫിസ് പ്രവർത്തിക്കും; മറ്റു ഓഫിസുകളുടെ പ്രവർത്തന സമയമറിയാം
Mail This Article
ദുബായ്∙ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ( ജിഡിആർഎഫ്എ–ദുബായ് എമിഗ്രേഷൻ ) പെരുന്നാൾ( ഈദുൽ ഫിത്ർ) അവധിക്കാലത്തെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററിൽ 24 മണിക്കൂറും സേവനം ലഭ്യമാവുമെന്നും അൽ അവീറിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ എല്ലാം ദിവസവും രാവിലെ 6 മുതൽ രാത്രി 10 മണിവരെ പ്രവർത്തിക്കുമെന്ന് വകുപ്പ് അറിയിച്ചു. വകുപ്പിന്‍റെ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാം.
അവധി കാലത്തും മികച്ച സേവനങ്ങൾ ലഭ്യമാവുന്നതിന് കൂടുതലായി താങ്കളുടെ സ്മാർട്ട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് ഉപയോക്താക്കളോട് വകുപ്പ് അഭ്യർഥിച്ചു. ദുബായ് നൗ ആപ്പ്, GDRFA DXB ആപ്ലിക്കേഷൻ,വകുപ്പിന്‍റെ വെബ്സൈറ്റ് (gdrfad.gov.ae) എന്നിവ വഴി ഇടപെടുകൾ നടത്താൻ നിർദ്ദേശിച്ചു. ഇതിലൂടെ കുറഞ്ഞ സമയം കൊണ്ട് സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ഉപയോക്താക്കൾക്ക് സൗകര്യപ്രദവും കാര്യക്ഷമവുമായ സേവനം നൽകുകയും ചെയ്യുമെന്ന് വകുപ്പ് വ്യക്തമാക്കി. ഏതാണ്ട് ഒരാഴ്ചയിലേറെയുള്ള അവധികൾക്ക് ശേഷം ഈ മാസം 15നാണ് ഓഫിസുകൾ പൂർണതോതിൽ പ്രവർത്തിക്കുക.