യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ട്: 50 കുട്ടികൾക്ക് പുതുജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
Mail This Article
അബുദാബി/ കൊച്ചി ∙ ലോകത്തെങ്ങുമുള്ള 50 കുട്ടികൾക്ക് പുതുജീവൻ പകർന്നു നൽകി എം.എ. യൂസഫലിക്ക് ആദരവായുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവ്. പ്രവാസി സംരംഭകനും ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനുമായ ഡോ. ഷംഷീർ വയലിൽ കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് സൗജന്യമായി പൂർത്തിയാക്കിയത്.
പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകൾ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ സംരംഭം പ്രഖ്യാപിച്ചിരുന്നത്. സംഘർഷ മേഖലകളിൽ നിന്നും പിന്നോക്ക പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികൾക്ക് പ്രതീക്ഷയും കൈത്താങ്ങുമായി ഇത് മാറി. വിദഗ്ധരുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയായ സംരംഭത്തിന്റെ ഗുണഭോക്താക്കൾ ഇന്ത്യ, ഈജിപ്ത്, സെനഗൽ, ലിബിയ, തുനീസിയ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ്. സംഘർഷ മേഖലകളിൽ നിന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇതിൽ ഉൾപ്പെടും.
വൻ ചെലവു കാരണം ശസ്ത്രക്രിയകൾ മുടങ്ങിയ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോൾഡൻ ഹാർട്ട് സംരംഭം സഹകരിച്ചു. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിന്‍റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീർണ ശസ്ത്രക്രിയകൾക്കാണ് സഹായം എത്തിച്ചത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലും സൗജന്യ ചികിത്സ ലഭ്യമാക്കി. അതേസമയം, വിദേശ രാജ്യങ്ങളിലെ യാത്രാ നടപടികൾ കഠിനമായ സംഘർഷ മേഖലകളിൽ നിന്ന് കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ട് വന്നത് വിവിധ സർക്കാർ ഏജൻസികൾ മുഖേന പ്രത്യേക യാത്രാനുമതികൾ ലഭ്യമാക്കിയാണ്.
∙ പുതിയ ജീവിതം, പ്രതീക്ഷകൾ
ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതൽ പ്രായമുള്ള കുട്ടികൾക്കാണ് ഗോൾഡൻ ഹാർട്ട് കൈത്താങ്ങായത്. അയോർട്ടിക് സ്റ്റെനോസിസ് (Aortic Stenosis), ടെട്രോളജി ഓഫ് ഫാലോട്ട് (Tetralogy of Fallot), ആട്രിയോവെൻട്രിക്കുലാർ ഡിഫെക്ട് (atrioventricular (AV) canal defect) തുടങ്ങിയ സങ്കീർണ ഹൃദ്രോഗങ്ങളുള്ള കുട്ടികളടക്കം സംരംഭത്തിന്റെ ഗുണഭോക്താക്കളായി.
ഏറെ വെല്ലുവിളികളുള്ള രോഗാവസ്ഥയിലായിരുന്ന നിലമ്പൂർ സ്വദേശിനിയായ എട്ട് വയസുകാരി ലയാൽ സംരംഭത്തിന്റെ ഭാഗമായി സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കടന്നു. ശസ്ത്രക്രിയാനന്തരം ഉയർന്ന അപകടസാധ്യത ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാൻ അവൾക്കായത് ആശ്വാസവും പ്രതീക്ഷയുമായി. സഹായത്തിനായി പല വാതിലുകളും മുട്ടിയ കുടുംബത്തിന് സമയോചിതമായ സഹായമായി ഗോൾഡൻ ഹാർട്ട് മാറുകയായിരുന്നു.
ഈജിപ്തിൽ നിന്നുള്ള രണ്ടര വയസ്സുകാരൻ ഹംസ ഇസ് ലാമിന്റെ അതിജീവനവും സമാനം. ഹൃദയ അറയിലെ സുഷിരങ്ങൾ കാരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കുട്ടിക്ക് മതിയായ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കാനായി. സെനഗലിലും ലിബിയയിലും മാസങ്ങളായി ചികിത്സ കാത്തുകിടന്ന കുട്ടികൾക്കാണ് ജീവൻ രക്ഷാ സഹായം ലഭിച്ചത്. ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് സംരംഭത്തിന്റെ ഭാഗമായുള്ള നിർണായക ശസ്ത്രക്രിയകൾ നടത്തിയത്.
ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവിലൂടെ കുട്ടികൾ അവരുടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങളും ഞങ്ങളിൽ വിശ്വാസമർപ്പിച്ച കുടുംബങ്ങളുടെ പിന്തുണയുമാണ് സംരംഭം പൂർത്തിയാക്കാൻ സഹായകരമായത്. ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് മാതൃകയായ യൂസഫലിയിൽ നിന്നുള്ള പ്രചോദനത്തിലൂടെ വലിയ സ്വപ്നങ്ങൾ കാണാൻ ഹൃദ്രോഗത്തെ അതിജീവിച്ച കുട്ടികൾക്ക് കഴിയട്ടെയെന്ന് ആശംസിച്ചു.
ജീവിതം മാറ്റിമറിക്കുന്ന ശസ്ത്രക്രിയ കുട്ടികൾക്ക് ലഭ്യമാക്കാനായതിൽ മാതാപിതാക്കൾ ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവിന് നന്ദി പറഞ്ഞു. ജനുവരിയിൽ സൗജന്യ ശസ്ത്രക്രിയകൾ പ്രഖ്യാപിച്ചതിനു ശേഷം വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി അപേക്ഷകൾ സംഘാടകർക്ക് ലഭിച്ചിരുന്നു. മെഡിക്കൽ രേഖകളും ശസ്ത്രക്രിയയുടെ അനിവാര്യതയും പരിശോധിച്ച വിദഗ്ധ സംഘമാണ് യോഗ്യമായ കേസുകൾ തിരഞ്ഞെടുത്തത്.