ADVERTISEMENT

അബുദാബി ∙ വ്രതപുണ്യത്തിനൊടുവിൽ  എത്തുന്ന ഈദുൽഫിത്റിനെ (ചെറിയ പെരുന്നാൾ) വരവേൽക്കാൻ യുഎഇ ഒരുങ്ങി. പെരുന്നാൾ നമസ്കാരത്തിന് എത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ വിവിധ എമിറേറ്റുകളിലെ ആരാധനാലയങ്ങളും ഈദ് ഗാഹുകളും സജ്ജമായി. 

യുഎഇയിൽ റമസാൻ 29 ആയ ഇന്നു വൈകിട്ട് ശവ്വാൽ മാസപ്പിറവി കണ്ടാൽ നാളെയായിരിക്കും പെരുന്നാൾ. ചാന്ദ്രപ്പിറവി ദൃശ്യമായില്ലെങ്കിൽ നാളെ റമസാൻ 30 പൂർത്തിയാക്കി മറ്റന്നാളാകും പെരുന്നാൾ. അതതു രാജ്യങ്ങളിലെ മതകാര്യവിഭാഗം മാസപ്പിറവി നിരീക്ഷണത്തിനായി പ്രത്യേക സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്ത് മാസപ്പിറവി കണ്ടവർ ഈ സമിതിയെ അറിയിച്ച് സ്ഥിരീകരിച്ചാൽ പ്രഖ്യാപനമുണ്ടാകും. സൗദിയിൽ സുപ്രീം കോടതിയാണ് തീരുമാനം പ്രഖ്യാപിക്കുക.

ഈദുൽ ഫിത്ർ പ്രഖ്യാപനം വന്നാൽ പിന്നീട് ആഘോഷത്തിരക്ക് തുടങ്ങും. പുലർച്ചെ എഴുന്നേറ്റ് കുളിച്ച് പുതുവർഷം അണിഞ്ഞ് ഈദ് ഗാഹിലോ മസ്ജിദുകളിലോ പോയി പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നതോടെ ആഘോഷാരവം തുടങ്ങും.

∙ മലയാളികളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ
മലയാളികളുടെ നേതൃത്വത്തിൽ ദുബായിലും ഷാർജയിലും ഒരുക്കുന്ന 3 ഈദു ഗാഹുകളിൽ പെരുന്നാൾ നമസ്കാരം ഉണ്ട്. ദുബായിൽ അൽഖൂസിലെ അൽമനാർ ഇസ്‍ലാമിക് സെന്റർ ഗ്രൗണ്ടിൽ മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റിന് സമീപം ടാർജറ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ മൗലവി ഹുസൈൻ കക്കാടും പ്രാർഥനയ്ക്കു നേതൃത്വം നൽകും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമുള്ള ഫുട്ബോൾ ഗ്രൗണ്ടിലെ പെരുന്നാൾ നമസ്കാരത്തിന് ഹുസൈൻ സലഫി നേതൃത്വം നൽകും. യുഎഇയിൽ ദുബായിലും ഷാർജയിലും മാത്രമാണ് മലയാളത്തിലുള്ള ഈദ് ഗാഹിന് അനുമതി.

∙ മലയാളത്തിലും പെരുന്നാൾ ഖുതുബ
വ്യത്യസ്ത മസ്ജിദുകളിലും ഈദുഗാഹുകളിലുമായി അറബിക്, മലയാളം, ഇംഗ്ലിഷ്, ഉറുദു, തമിഴ് തുടങ്ങി വിവിധ ഭാഷകളിലായിരിക്കും പെരുന്നാൾ ഖുതുബ (പ്രഭാഷണം). കൂടുതൽ വിദേശ ഭാഷകളിൽ ഈദ് ഗാഹ് സംഘടിപ്പിക്കാൻ അനുമതി ലഭിച്ചതും ദുബായിലാണ്. ഇതര എമിറേറ്റുകളിലെ ഭൂരിഭാഗം പള്ളികളിലും അറബിക്കിലാണ് ഖുതുബ. അപൂർവം ചിലയിടങ്ങളിൽ ഇംഗ്ലിഷിലും.‌

∙ ശ്രദ്ധിക്കാൻ
പെരുന്നാൾ നമസ്കാരത്തിന് പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും വരുന്നവർ വീട്ടിൽനിന്നു തന്നെ അംഗശുദ്ധി വരുത്തി വരണം, നമസ്കാര പായ (മുസല്ല) കരുതണം, ഈദ് ഗാഹുകളിലും പള്ളികളിലും സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാകും.

പെരുന്നാൾ നമസ്കാര സമയം
 
∙ അബുദാബി 6.22
∙ അൽഐൻ 6.15
∙ ദുബായ് 6.18
∙ ഷാർജ 6.17
∙ അജ്മാൻ 6.17
∙ ഉമ്മുൽഖുവൈൻ 6.17
∙ റാസൽഖൈമ 6.14
∙ ഫുജൈറ 6.12

∙ മാസപ്പിറവി നിരീക്ഷിക്കണം
അബുദാബി/റിയാദ്∙ ഇന്നു സന്ധ്യയ്ക്ക് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ യുഎഇയും സൗദിയും  ജനങ്ങളോട് അഭ്യർഥിച്ചു.  മാസപ്പിറവി കണ്ടാൽ  യുഎഇയിലുള്ളവർ ഏറ്റവും അടുത്തുള്ള മതകാര്യ മന്ത്രാലയത്തെയും സൗദിയിലുള്ളവർ സുപ്രീം കോടതിയെയും അറിയിക്കണം.

English Summary:

UAE is Gearing up to Welcome Eid-ul-Fitr

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com