പെരുന്നാൾ: പ്രാർഥനയ്ക്കായ് ഒരുങ്ങി ഗൾഫ് രാജ്യങ്ങൾ; വിപണികളിൽ വൻ തിരക്ക്
Mail This Article
ദുബായ് ∙ യുഎഇയിലടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും പെരുന്നാളാഘോഷം (ഈദുൽ ഫിത്ർ) ബുധനാഴ്ചയാണ്. തിങ്കൾ മുതൽ പെരുന്നാളവധി ആരംഭിച്ചു. നഗരവീഥികളില്‍ കൂടുതൽ അലങ്കാരവിളക്കുകൾ സജ്ജീകരിച്ചു. ഈദ് ഗാഹുകൾ അടക്കം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈദുഗാഹുകളും പള്ളികളും പെരുന്നാൾ പ്രാർഥനയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ പുലർച്ചെ 6.13 മുതലാണ് പെരുന്നാൾ നമസ്കാരം. രാവിലെ പ്രാർഥന നിർവഹിച്ച ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സംഗമം. കുട്ടികളും സ്ത്രീകളും ഇന്നലെ തന്നെ കൈകളിൽ മൈലാഞ്ചി മൊഞ്ച് പതിച്ചുതുടങ്ങി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ.
ഇപ്രാവശ്യം ചൂടില്ലാത്തതിനാൽ ഉച്ച ഭക്ഷണത്തിന് ശേഷം ആളുകൾ വീടിന് പുറത്തിറങ്ങിത്തുടങ്ങും. പ്രധാനമായും പാർക്കുകളിലും ബീച്ചുകളിലും സമയം ചെലവഴിക്കാനായിരിക്കും തീരുമാനം. മലയാളികളടക്കം ഒട്ടേറെ കുടുംബങ്ങൾ വേനലവധി പ്രമാണിച്ച് നാട്ടിലേയ്ക്ക് പോയിട്ടുണ്ട്. പെരുന്നാളവധി ചെലവഴിക്കാനും ഒട്ടേറെ പേർ പോയി. എന്നാൽ അതിലുമേറെ ഇരട്ടിയിലേറെ വരുന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം യാത്ര മാറ്റിവച്ചിട്ടുമുണ്ട്. ചിലർ ജോർജിയ, അസർബൈജാൻ, ഉസ്ബക്കിസ്ഥാൻ, അർമേനിയ, തുർക്കി, ഒമാൻ തുടങ്ങിയ കേന്ദ്രങ്ങളിലും കറങ്ങാനും യാത്ര തിരിച്ചു. മക്കയില്‍ ഉംറ നിർവഹിച്ച് മദീന സന്ദർശിച്ച ശേഷം ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷത്തിൽ പങ്കുചേരാൻ സൗദിക്ക് പോയവരുമുണ്ട്.
∙ സകാത്ത് ഒരാൾക്ക് 25 ദിർഹം
പെരുന്നാളിന് മുന്നോടിയായുള്ള നിർബന്ധദാനമായ ഫിത്ർ സകാത്ത് പണമായി നൽകാനുള്ള അനുവാദം യുഎഇ ഫത് വ കൗൺസിൽ സ്ഥിരീകരിച്ചു. ഒരാൾക്ക് 25 ദിർഹം ആണ് നിശ്ചയിച്ചത്. പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ സാമ്പത്തികമായി കഴിവുള്ള എല്ലാ മുസ്ലിങ്ങൾക്കും ഈ ദാനധർമം നിർബന്ധിത ബാധ്യതയാണ്.
∙ സംഗീത പരിപാടകൾ, സ്റ്റേജ് ഷോ
കുടുംബങ്ങൾക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന തത്സമയ സംഗീതം, ആകർഷകമായ കായികപരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ അടക്കമുള്ള പരിപാടികളാണ് മാളുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ (തിങ്കൾ) മുതൽ 14 വരെയാണ് യുഎഇയിൽ പെരുന്നാൾ അവധി. 15-ന് വീണ്ടും ജോലിത്തിരക്കിലേയ്ക്ക്. ഇന്ന് പെരുന്നാളയിരുന്നെങ്കിൽ സ്വകാര്യ കമ്പനികൾ നാളെയും പ്രവർത്തിക്കുമായിരുന്നു.
∙ വിപണികളിൽ വൻ തിരക്ക്
പെരുന്നാൾ പ്രമാണിച്ച് സൂപ്പർ – ഹൈപ്പർ മാർക്കറ്റുകളിലും മാളുകളിലും വൻ തിരക്ക് അനുഭവപ്പെടുന്നു. 30 നോമ്പും ലഭിച്ചതോടെ ആളുകൾക്ക് ഷോപ്പിങ്ങിനും മറ്റും യഥേഷ്ടം സമയം ലഭിച്ചു. മിക്കയിടത്തും ഭക്ഷണ സാധനങ്ങൾക്കും വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയ്ക്കും മികച്ച ഓഫറുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇറച്ചിക്കും മത്സ്യത്തിനും വിലക്കുറവുണ്ട്. വിവിധ എമിറേറ്റുകളിലെ ആട് – മാട് വിപണികളിലും മത്സ്യച്ചന്തകളിലും പച്ചക്കറി മാർക്കറ്റുകളിലും തിരക്കനുഭവപ്പെടുന്നു.
∙ സംഗീതപരിപാടികളും സിനിമയും
വിവിധ എമിറേറ്റുകളിൽ മാപ്പിളപ്പാട്ട് പരിപാടികളും ഒരുക്കിയിട്ടുണ്ട്. ദുബായ് അൽ നഹ്ദയിൽ കണ്ണൂർ ഷരീഫ് നയിക്കുന്ന മാപ്പിളപ്പാട്ടു മേള അരങ്ങേറും. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലും പരിപാടിയുണ്ട്. ബ്ലെസി – പൃഥ്വിരാജ് – ബെന്യാമിൻ കൂട്ടുകെട്ടിൻ്റെ ആടുജീവിതം ഗൾഫിലെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്നു. രണ്ടാം പെരുന്നാളായ വ്യാഴാഴ്ച ഫഹദ് ഫാസിൽ – ജിത്തുമാധവൻ ടീമിൻ്റെ ആവേശത്തിന് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നു. ക്യാംപസ് പ്രശ്നം തീർക്കാൻ അവതരിക്കുന്ന ഗുണ്ടാനേതാവായാണ് ഫഹദ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ – ധ്യാൻ ശ്രീനിവാസൻ ടീമിൻ്റെ വർഷങ്ങൾക്ക് ശേഷവും ഇതേ ദിവസം പുറത്തിറങ്ങും. പഴയ കാലത്ത് ചെന്നൈയിലെ മലയാള സിനിമാ പ്രവർത്തകരുടെ കഥ ഈ ചിത്രം പറയുന്നു. ഇന്ദ്രജിത് സുകുമാരൻ – സർജാനോ ഖാലിദ് – ശ്രുതി എന്നിവരഭനയിക്കുന്ന മാരിവില്ലിൻ ഗോപുരങ്ങൾ മൂന്നാം പെരുന്നാളായ 12-നും തിയറ്ററുകളിലെത്തും. എന്നാൽ, ഹിന്ദി ചിത്രങ്ങളായ ബഡേ മിയാൻ ഛോട്ടെ മിയാൻ, മൈദാൻ എന്നിവ നാളെ (10) റിലീസാകും. ആക്ഷൻ ത്രില്ലറായ ബഡേ മിയാൻ ഛോട്ടെ മിയാനിൽ അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവരോടൊപ്പം വില്ലൻ കഥാപാത്രമായി പൃഥ്വിരാജുമുണ്ട്. കുട്ടികളുടെ ഇഷ്ട കഥാപാത്രമായ കുങ്ഫു പാണ്ട 4–ാം ഭാഗവും 11-ന് പുറത്തിറങ്ങും.
∙ പാർക്കിങ് സൗജന്യം
ഇന്നലെ മുതൽ പെരുന്നാളാഘോഷം കഴിയുംവരെ മിക്ക എമിറേറ്റുകളിലും ചില പ്രത്യേക കേന്ദ്രങ്ങളിലൊഴികെ വാഹന പാർക്കിങ് സൗജന്യമാണ്. പെരുന്നാൾ ഈ മാസം 10-ന് ആണെങ്കിൽ 8 മുതൽ 12 വരെ പാർക്കിങ് നിരക്കുകള്‍ ഈടാക്കില്ലെന്ന് നേരത്തെ ദുബായ് ആർടിഎ അറിയിച്ചിരുന്നു.
∙ ആഘോഷ വിളംബരമായി പീരങ്കി വെടിമുഴക്കവും
പെരുന്നാള്‍ വിളംബരമായി ദുബായിൽ പരമ്പരാഗത പീരങ്കി വെടിമുഴങ്ങുമെന്ന് അധികൃതർ അറിയിച്ചു. ബറഹ, നാദ് അൽ ഹമാർ, മൻഖൂൽ, സാബീൽ, ഉമ്മു സുഖീം, നാദ് അൽ ഷെബ എന്നിവിടങ്ങളിലാണ് വെടിമുഴങ്ങുക.
∙ പെരുന്നാൾ പ്രാർഥനാ സമയം
അബുദാബി: പുലർച്ചെ 6.22
ദുബായ്: 6.20
ഷാർജ, അജ്മാൻ: 6.17
ഉമ്മുൽഖുവൈൻ: 5.46
റാസൽഖൈമ: 6.15
ഫുജൈറ, ഖോർഫക്കാൻ: 6.14
ഉമ്മുൽഖുവൈൻ: 6.13
അൽ ഐൻ: 6.15
സായിദ് സിറ്റി: 6.26