സൗദിയുടെ സോളിവുഡിൽ നിന്നുള്ള സിനിമ ആദ്യമായി കാൻ ഫെസ്റ്റിവലിലേക്ക്
Mail This Article
റിയാദ്∙ സൗദിയുടെ സോളിവുഡിൽ നിന്നുള്ള ഒരു സിനിമ ചരിത്രത്തിൽ ആദ്യമായി കാൻ ഫെസ്റ്റിവലിൽ മത്സരിക്കാനെത്തുന്നു. പൂർണ്ണമായും സൗദിയിൽ ചിത്രീകരിച്ച സൗദി അറേബ്യൻ സംവിധായകൻ തൗഫീഖ് അൽ സെയ്ദിയുടെ ആദ്യ ഫീച്ചർ ഫിലിം "നോറ"യാണ് ഈ നേട്ടം കൈവരിച്ചത്. 2017ൽ മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാ നിരോധനം സൗദിയിൽ പിൻവലിച്ചതിനെ തുടർന്ന് ദ്രുതഗതിയിൽ വളർന്നുവരുന്ന സൗദി സിനിമാ വ്യവസായത്തിന്‍റെ പ്രതീകമാണ് ഈ നേട്ടം.
90കളിലെ സൗദിയുടെ സാമൂഹിക ജീവിത പശ്ചാത്തലത്തിലുള്ള കഥയാണ് സംവിധായകൻ സിനിമയിലൂടെ പറയുന്നത്. സൗദി അറേബ്യയിലെ ഒരു വിദൂര ഗ്രാമത്തിൽ താമസിക്കുന്ന നിരക്ഷരയായ, അനാഥയായ ഒരു യുവതിയുടെ ജീവിത കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. സൗദി താരം മറിയ ബഹ്റവി പ്രധാന കഥാപാത്രമായ നോറയെ അവതരിപ്പിക്കുന്നു. സൗദി നടൻ യാക്കൂബ് അൽ ഫർഹാൻ ആണ് മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.
"അൺ സെർട്ടയിൻ റിഗാർഡ്" വിഭാഗത്തിലാണ് സൗദി ചിത്രം "നോറ"യെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രം കാൻ മേളയിലെത്തുമ്പോൾ സൗദി അറേബ്യൻ ഭൂമികയിൽ നിന്നുള്ള കഥകളുടെ അനന്തസാധ്യതകൾക്കും ഉയർന്നുവരുന്ന ചലച്ചിത്ര മേഖലക്കും വളർന്നുവരുന്ന താരങ്ങൾക്കും വേണ്ടിയുള്ള സർഗ്ഗാത്മക മുന്നേറ്റങ്ങളുടെ ശാക്തീകരണത്തിനും കരുത്ത് പകരുകയാണ്. കാനിലെ അരങ്ങേറ്റത്തിലൂടെ ലോക വേദികളിൽ ആഘോഷിക്കപ്പെടുന്ന വിധത്തിൽ സൗദി അറേബ്യൻ സിനിമകളുടെ കൂടുതൽ കടന്നുവരവിന് പാതയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുരാതന പൈതൃക നഗരമായ അൽ ഉലയിൽ ചിത്രീകരണം നടത്തിയ ഈ സിനിമയ്ക്ക് സൗദി ഫിലിം കമ്മീഷന്‍റെ "ഡാവ് ഫിലിം" മൽസരത്തിലെ ഫണ്ടിങ് അവാർഡ് ലഭിച്ചിരുന്നു. നോറ കഴിഞ്ഞ വർഷം ഡിസംബറിൽ ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ പ്രാദേശിക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
സൗദി അറേബ്യ 2018 മുതൽ റെഡ് സീ ഫിലിം ഫൗണ്ടേഷനിലൂടെ തുടക്കം കുറിച്ച ഫിലിം ഫെസ്റ്റിവലുമായി ചലച്ചിത്ര രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം, ജോണി ഡെപ്പ് അഭിനയിച്ച "ജീൻ ഡു ബാരി" ഉൾപ്പെടെ ആറ് സൗദി-പിന്തുണയുള്ള ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങളൊന്നും സൗദിയിലോ ഗൾഫ് രാജ്യങ്ങളിലോ നിന്നുള്ള സിനിമാക്കാർ ആയിരുന്നില്ല നിർമിച്ചത്. 77-ാമത് വാർഷിക കാൻ ഫിലിം ഫെസ്റ്റിവൽ ഈ വർഷം മെയ് 14 മുതൽ 25 വരെ തെക്കൻ ഫ്രഞ്ച് നഗരമായ കാനിൽ നടക്കും.