ADVERTISEMENT

അബുദാബി ∙ യുഎഇയിലെ ഇന്ത്യൻ സ്കൂളു‍കൾ നാളെ പുതിയ അധ്യയനത്തിലേക്ക്. കെ. ജി വിദ്യാർഥികൾക്കുള്ള പ്രവേശനോത്സവം ഉൾപ്പെടെ പുതിയ ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. 

സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകളാണ് പുതിയ അധ്യയനത്തിലേക്കു കടക്കുന്നത്. എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ മൂന്നാം പാദ പഠനത്തിലേക്ക് കടക്കും. ഇവർക്ക് ജൂണിലാണ് വാർഷിക പരീക്ഷ. പുതിയ അധ്യയനം സെപ്റ്റംബറിൽ തുടങ്ങും. വാർഷിക പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് 3 ആഴ്ചത്തെ അവധിക്കു ശേഷമാണ് സ്കൂളുകൾ പഠനച്ചൂടിലേക്ക് കടക്കുന്നത്. ദുബായിലെ സ്കൂളുകൾ ഏപ്രിൽ ഒന്നിന് തുറന്നെങ്കിലും ഈദ് അവധിക്കായി നാലിന് അടച്ചിരുന്നു. ഗൾഫിലെ സ്കൂളുകളിൽ മധ്യവേനൽ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായതിനാലാണ് ഇന്ത്യൻ സ്കൂളുകളിൽ ഏപ്രിലിൽതന്നെ അധ്യയനം തുടങ്ങുന്നത്. കെ. ജി ക്ലാസുകളിലെ കുട്ടികളെ വരവേൽക്കാൻ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. 

ക്ലാസ് മുറികൾ അലങ്കരിച്ചും കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളുടെ ഫോട്ടോ ചുവരുകളിൽ പതിച്ചും അക്ഷരങ്ങളും അക്കങ്ങളും തൂക്കിയിട്ടുമൊക്കെ ക്ലാസുകൾ അലങ്കരിക്കുന്ന തിരക്കിലായിരുന്നു അധ്യാപകർ. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും സമ്മാനപ്പൊതികളും മിഠായിയും ഒരുക്കിയിട്ടുണ്ട്. അധ്യയനത്തിന്റെയും സ്കൂൾ ഗതാഗതത്തിന്റെയും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഒന്നു മുതൽ 10 വരെയും 12ലെയും വിദ്യാർഥികളാണ് നാളെ സ്കൂളുകളിൽ എത്തുക. 

വിവിധ സ്കൂളിൽ 16, 17 ദിവസങ്ങളിലായി കെ.ജി, 11 ക്ലാസുകളിലെ കുട്ടികളെയും വരവേൽക്കും. പുതിയ ക്ലാസുകളിലെ‍ പാഠ്യ, പഠന രീതികളിലും സിലബസിലുമുണ്ടായ മാറ്റങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചുകൊടുക്കുന്ന ഓറിയന്റേഷൻ ക്ലാസുകളും ഒരുക്കിയിരുന്നു. പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. 

ബാധ്യതയായി ഫീസ് വർധന
സ്കൂൾ ഫീസ് വർധനയ്ക്കു പുറമെ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ നൽകേണ്ട റീ–റജിസ്ട്രേഷൻ ഫീസ്, വാർഷിക ഫീസ്, ട്യൂഷൻ ഫീസ്, ടെക്സ്റ്റ്/നോട്ട് പുസ്തകങ്ങൾ, മിനിസ്ട്രി ബുക്ക് ഫീസ്, റിസോഴ്സ് ഫീസ്, ഐബിടി റജിസ്ട്രേഷൻ ഫീസ്, യൂണിഫോം, ഷൂ, സ്റ്റേഷനറി തുടങ്ങിയ ഫീസുകൾ അടയ്ക്കേണ്ടി വരുന്നതിനാൽ പുതിയ അധ്യയന വർഷം രക്ഷിതാക്കൾക്ക് സാമ്പത്തിക ഭാരം കൂട്ടും. 

മൂന്നു മാസത്തെ ഫീസ് ഒന്നിച്ച് അടയ്ക്കേണ്ടിവരുന്നതും രക്ഷിതാക്കളെ പ്രയാസത്തിലാക്കും. പ്രതിസന്ധി മറികടക്കാൻ ഫീസ് മാസം തോറും അടയ്ക്കാൻ അനുവദിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

English Summary:

Indian schools are gearing up to welcome the new academic year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com