മലയാളികളുടെ സ്നേഹം അറിഞ്ഞ് ജയിലിൽ കണ്ണുനിറഞ്ഞ് വാക്കുകൾ ഇടറി അബ്ദുൾ റഹീം; നീണ്ട 18 വർഷങ്ങൾക്കിപ്പുറം ഇനി പുതുവെളിച്ചം
Mail This Article
റിയാദ് ∙ മോചനദ്രവ്യം നൽകാൻ തയാറായ സാഹചര്യത്തിൽ അബ്ദുൽ റഹീമിന്‍റെ മോചനത്തിന് നൽകിയ ഹര്‍ജി സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ശേഷം ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് അന്തിമ വിധിയുണ്ടാകും. മോചന കരാർ അനുസരിച്ചുള്ള ദയാധനം തയാറാണെന്ന വിവരം സൗദി കുടുബത്തിന്റെ അഭിഭാഷകന് കൈമാറി. മോചനത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഓൺലൈനിലൂടെ നടന്ന കൂടികാഴ്ചയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റിയാദ് റഹീം സഹായസമിതി ഭാരവാഹികളും ആവശ്യപ്പട്ടു. വധശിക്ഷ റദ്ദാക്കാനുള്ള കോടതി നടപടി കൈക്കൊള്ളുന്നതിനുള്ള അടിയന്തിര ശ്രമമാണ് ഈ ഘട്ടത്തിൽ നടത്തുന്ന സുപ്രധാന ചുവട് വയ്പ്. അതിനു മുന്നോടിയായാണ് ഓൺലൈനിലിലൂടെ വാദിഭാഗം അഭിഭാഷകനെ ബന്ധപ്പെട്ട് ഔപചാരികമായി വിവരങ്ങൾ ധരിപ്പിച്ചത്. വിചാരണകീഴ്കോടതി വധശിക്ഷ റദ്ദ് ചെയ്യുന്ന വിധി പുറപ്പെടുവിക്കുന്നതോടെ ആ വിധി സുപ്രീം കോടതി അംഗീകരിക്കുന്നതോടെ വധശിക്ഷയിൽ നിന്നും ഒഴിവാക്കും. അതോടെ മറ്റ് നിയമനടപടികൾ പൂർത്തീകരിച്ച് ജയിൽമോചനത്തിനുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കും.
ഇരു വിഭാഗം അഭിഭാഷകർ കോടതി നടപടികൾക്ക് സംയുക്ത നീക്കം നടത്തുന്നതോടെ വേഗത്തിൽ പുരോഗതിയുണ്ടാവുമെന്നും സമതിയംഗങ്ങൾ സൂചിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ സൗദിയിൽ റഹീമിന്റെ കുടുംബത്തിനെ പ്രതിനിധീകരിച്ച് തീരുമാനങ്ങൾ അറിയിക്കുന്നതിന് കുടുംബം ഔദ്യോഗീകമായി ഉത്തരവാദിത്വം നൽകിയിട്ടുണ്ട്. എംബസി പ്രതിനിധിയായ യുസഫ് കാക്കഞ്ചേരിക്കൊപ്പം റിയാദ് സഹായസമതി ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ട്,സി.പി. മുസ്തഫ,മുനീബ്പാഴൂർ, നജാത്തി,കുഞ്ഞോയി, സിദ്ദീഖ് തുവ്വൂർ എന്നിവരാണ് വാദി ഭാഗം അഭിഭാഷകനോടുള്ള കൂടികാഴ്ചയിൽ പങ്കെടുത്തത്.
∙ നീണ്ട 18 വർഷങ്ങൾക്കിപ്പുറം പുതിയ വെളിച്ചം
18 വർഷങ്ങൾക്കിപ്പുറം തെളിയുന്ന മോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുഭ പ്രതീക്ഷകളുമായി വാർത്തകൾ പരക്കുമ്പോഴും പ്രാർഥനകളിൽ തുടരുകയാണ് റഹീമെന്ന് തനിക്ക് പെരുന്നാൾ ദിനത്തിൽ ലഭിച്ച ഫോൺ വിളിയിലൂടെ പറഞ്ഞതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി വിവരങ്ങൾ പങ്കുവെച്ചു. തന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമനപ്പെട്ടതിന്റെ നന്ദി പറഞ്ഞ് തീർക്കാനാതെ റഹീമിന്റെ വാക്കുകൾ മുറിഞ്ഞ് ഇടറിപ്പോയിരുന്നു. തനിക്ക് ജയിൽ മോചനം സാധ്യമായാൽ രാത്രിയും പകലുമില്ലാതെ ചെറുതും വലുതുമായി അധ്വാനിച്ച, പലതരത്തിൽ സഹായിച്ചവരേയും ഓർത്ത് ഇടതടവില്ലാതെ ഒരോ നിമിഷവും ജീവിതകാലം മുഴുവൻ പ്രാർഥിക്കുമെന്നും റഹിം പറഞ്ഞു. അവിശ്വസനീയമാം വിധം 18 വർഷങ്ങൾക്കിപ്പുറം മോചനത്തിനുള്ള വഴികൾ തെളിയുന്ന വിവരങ്ങൾ താൻ വിശദമായി കൈമാറിയപ്പോൾ സങ്കടവും സന്തോഷവുംകൊണ്ട് കണ്ണീരിൽ നിറഞ്ഞ് കുതിർന്ന വാക്കുകളിൽ നന്ദി പറയുന്ന റഹീമിനെയാണ് തനിക്ക് കേൾക്കാനായതെന്നു യൂസുഫ് കാക്കഞ്ചേരി പറഞ്ഞു. ഈ കേസിന്റെ തുടക്കം മുതൽക്കേ എംബസി പ്രതിനിധിയായി ബന്ധപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.
∙ കണ്ണുനിറഞ്ഞ് വാക്കുകൾ ഇടറി റഹീം
റഹീമിന്റെ ജീവൻ തിരികെ പിടിക്കാൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാനകളില്ലാത്ത പ്രവർത്തനമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസി സമൂഹം ഒരുമനസ്സോടെ ലോകമലയാളി മനസാക്ഷിക്കൊപ്പം നടത്തിയത്. റിയാദിൽ അബ്ദുൽ റഹീം നിയമസഹായസമിതിയും ഒപ്പം രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള വിവിധ പ്രവാസി സംഘടനകളുമെല്ലാം രാവുംപകലുമില്ലാതെ എണ്ണയിട്ട യന്ത്രം കണക്കാണ് ദയാധന സമാഹരണത്തിനായി പ്രവർത്തനം നടത്തിയത്. യുദ്ധകാലടിസ്ഥാനത്തിൽ വിവിധ പ്രവിശ്യകളിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, സേവന, രാഷ്ട്രീയ സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കഴിഞ്ഞദിവസങ്ങളായി സംയുക്ത യോഗങ്ങൾ സംഘടിപ്പിച്ചും, വിവിധ വാട്സആപ് ഗ്രൂപ്പുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി പ്രചരണം നടത്തി മനുഷ്യമനസാക്ഷികളെ തൊട്ടുണർത്തി. റഹീമിന്റെ മോചനം എന്ന ഒരേ ഒരു മുദ്രാവാക്യവും, ലക്ഷ്യവുമായി മലയാളി പ്രവാസി സംഘടനകൾ കൈകോർത്ത് ഇറങ്ങിയപ്പോൾ തുച്ഛ ശമ്പളക്കാർമുതൽ വൻകിടക്കാർവരെ പലതുറകളിലുള്ള സൗദിയിലെ മലയാളികൾ ആബാലവൃദ്ധം ഒപ്പമെത്തി.
∙ ആപ്പ് മുതൽ ബിരിയാണി ചലഞ്ച് വരെ
റിയാദിൽ റഹിം നിയമസഹായസമിതി ധനസമാഹരണത്തിന് ആപ്പ് രൂപീകരിച്ച് ഊർജ്ജിതപ്പെടുത്തിയതിനും പുറമേ പെരുന്നാൾ ദിനം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചപ്പോൾ സമൂഹമപ്പാടെ വലിയ പിന്തുണ നൽകി. റമസാനിലെ അവസാന പത്ത് ദിനങ്ങളിൽ റഹീം മോചനം മലയാളി സമൂഹത്തിൽ അലയടിക്കുന്ന വികാരമായി മാറിക്കഴിഞ്ഞിരുന്നു. കിഴക്കൻ പ്രവിശ്യയിലെ എഴുപതോളം സംഘടനകൾ സംയുക്തമായി ദയാധനം സ്വരൂപിച്ച് നൽകാനായി ഏകോപനസമതി രൂപീകരിച്ചപ്പോൾ പ്രതീക്ഷകൾക്കുമപ്പുറമുള്ള പിന്തുണയാണ് ലഭിച്ചത്.
∙ തുടർനടപടികൾ വേഗത്തിലാക്കാൻ ഊർജ്ജിത നടപടികളുമായി ഇന്ത്യൻ എംബസി
ജയിൽ മോചനം സാധ്യമാക്കുന്നതിന് സ്വരൂപിച്ച ദയാധനം ഇന്ത്യൻ എംബസി മുഖാന്തിരമാണ് കൈമാറുന്നത്. മോചനദ്രവ്യം നൽകാൻ തയാറായ സാഹചര്യത്തിൽ അബ്ദുൽ റഹീമിന്‍റെ മോചനത്തിന് നൽകിയ ഹര്‍ജി സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ശേഷം ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് അന്തിമ വിധിയുണ്ടാകും. വാദി, പ്രതിഭാഗങ്ങൾ കേസ് ഒത്തുതീർപ്പിനുള്ള മറ്റു നടപടികളിലേക്കും പ്രവേശിച്ചു.
എകദേശം 34 കോടി ഇന്ത്യൻ രൂപക്ക് തുല്യമായ സൗദി റിയാലാണ് വാദിഭാഗമായ സൗദികുടുംബം റഹീമിന്റെ മോചനത്തിന് ആവശ്യമായ ദയാധനമായി അവശ്യപ്പെട്ടിരുന്നത്. സമാഹരിച്ച തുക കോഴിക്കോട് നിന്നും വിദേശകാര്യ മന്ത്രാലയം മുഖേന റിയാദിലെ ഇന്ത്യൻ എംബസിയിലൂടെ സൗദിയിലേക്ക് എത്തിച്ചേരും. തുടർന്ന് എംബസിയിൽ നിന്നും ബന്ധപ്പെട്ട കോടതി മുഖാന്തിരം വാദിയായ സൗദികുടുംബത്തിന് കൈമാറുക എന്നതാണ് ഏറ്റവും നിർണ്ണായകം. അതോടുകൂടെ കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാവുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ എംബസി ഈ ആവശ്യത്തിലേക്ക് റിയാദിൽ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടിലേക്ക് വിദേശകാര്യ മന്ത്രാലയം മുഖാന്തിരം എത്തുന്ന ദയാധനം നിക്ഷേപിക്കും. മരണമടഞ്ഞ സൗദി പൌരന്റെ കുടുംബം ആവശ്യപ്പെട്ട ദയാധനം തയ്യാറായിട്ടുണ്ടെന്ന വിവരം വധശിക്ഷ വിധിച്ച സുപ്രീം കോടതിയെ അറിയിക്കുക എന്നതാണ് അടുത്ത നടപടിക്രമം. തുടർന്ന് സൗദി കുടുംബത്തിന് തുകയ്ക്കുള്ള ചെക്ക് കൈമാറണം. അതിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിലും നീതിന്യായ മന്ത്രാലയത്തിലുമുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നതോടെ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ റഹീം ജയിൽ മോചിതനാകുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി പറഞ്ഞു.
മന:പൂർവമല്ലാതെ പിണഞ്ഞ്പോയ കൈയ്യബദ്ധം 2006 ഡിസംബർ 24 നാണ് റഹീം വധശിക്ഷക്ക് വിധിക്കപ്പെട്ട് നീണ്ട 18വർഷമായി ജയിലഴികളിൽ തുടരാൻ ഇടയായ സംഭവമുണ്ടായത്.
എല്ലാ ചെറുപ്പക്കാരെയും പോലെ നിറമുള്ള ജീവിതസ്വപ്നങ്ങളുമായാണ് ഫറോക്ക്, കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീം എന്ന ഇരുപത്തിയാറുകാരൻ 2006 നവംബർ 28-ന് റിയാദിലെത്തുന്നത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽഷെഹ്‌രിയുടെ മകനായ ശാരീരിക ബുദ്ധിമുട്ടുള്ള ബാലൻ അനസി അൽഷെഹ്‌രിയുടെ പരിചരണമാണ് ഹൌസ് ഡ്രൈവർ ജോലിക്കൊപ്പം കാത്തിരുന്നത്. തലക്ക് താഴെ സ്വയം ചലിപ്പിക്കാനാവാത്ത ശരീരമാണ് സ്പോൺസറുടെ മകൻ അനസിനുള്ളത്. ഭക്ഷണവും വെള്ളവുമൊക്കെ കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെ മാത്രം നൽകാനാവുന്ന പ്രത്യേക അവസ്ഥ. റഹീമിനാകട്ടെ ഇത്തരം അവസ്ഥയിലുള്ളവരുടെ രോഗി പരിചരണത്തെകുറിച്ചൊ ഒന്നും യാതൊരു മുൻപരിചയവുമില്ലായിരുന്നു.അനസിനെ വീൽ ചെയറിൽ ഇരുത്തി വീടിനു പുറത്തും കടകളിലുമൊക്കെ കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വീട്ടിൽ കൊണ്ടുവരികയുമൊക്കെ ഇടയ്ക്കിടെ പതിവുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണങ്കിലും ഇടക്കിടെ പ്രകോപിതനാവുന്ന സ്വഭാവം അനസിനുണ്ടായിരുന്നു.
2006 ഡിസംബർ 24ന് റിയാദിലെ ഷിഫയിലുള്ള വീട്ടിൽ നിന്നും അസീസിയയിലെ പാണ്ട ഹൈപ്പർമാർക്കറ്റിലേക്കുള്ള യാത്രയാണ് റഹീമിന്റെ ജീവിതത്തിൽ കരിനിഴൽ പടർത്തിയത്.അന്നു മുതൽ തുടങ്ങുകയായിരുന്നു ഇക്കരെ കേരളത്തിലെ ഒരു കൊച്ചുവീട്ടിനുള്ളിൽ ചങ്കുപൊട്ടി കണ്ണീരിൽ കുതിർന്ന നിസ്സഹായയായ ഫാത്തിമ ഉമ്മയുടെ 18 വർഷമായി മകനുവേണ്ടി തുടർന്ന കാത്തിരിപ്പ്. സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ യാതൊരു കാരണവുമില്ലാതെ അന്ന് അനസ് വഴക്കിട്ടു.ട്രാഫിക് സിഗ്നൽ നോക്കാത മറികടന്ന് പോകണമെന്ന് ആവർത്തിച്ച് അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താൻ തനിക്കാവില്ലെന്നാണ് റഹീം ആവർത്തിച്ചു പറഞ്ഞത്.വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയതോടെ പിൻസീറ്റിലുണ്ടായിരുന്ന അനസ് വീണ്ടും പഴയപടി വല്ലാതെ ബഹളം ആരംഭിച്ചു.പറഞ്ഞു ബോധ്യപ്പെടുത്താൻ പിറകിലേക്ക് നോക്കിയ റഹീമിന്റെ മുഖത്തേക്ക് അനസ് പലവട്ടം തുപ്പി. തുപ്പുന്നത് തടയാൻ ശ്രമിച്ച റഹീമിന്റെ കൈ ഇതിനിടെ അബദ്ധത്തിൽ അനസിന്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടി. അതേ തുടർന്ന് അനസ് ബോധരഹിതനായി. യാത്ര തുടരുമ്പോൾ പിൻസീറ്റിൽ നിന്നും ഒച്ചപ്പാടും ബഹളവുമൊന്നും കേൾക്കാത്തതിനെ തുടർന്ന് റഹീം പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടകകുന്ന അവസ്ഥയിലാണ് അനസിനെ കാണുന്നത്. മരണ പരിഭ്രാന്തിയിൽ കേസ് വഴിമാറ്റാൻ ശ്രമിച്ചതോടെയാണ് റഹീം കുഴപ്പത്തിലേക്കെത്തിയത്. സംഭവം നടന്നതൊക്കെ ഉടനെ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചു വരുത്തി പറഞ്ഞു. ഭയപ്പാടിലായ ഇരുവരും ചേർന്ന് ഒരു കഥ മെനഞ്ഞു. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കിയെന്നും അനസിനെ ആക്രമിച്ചുവെന്നുമുള്ള കഥ ഉണ്ടാക്കി.തുടർന്ന് റഹീമിനെ സീറ്റിൽ നസീർ കെട്ടിയിട്ടിട്ട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി ചോദ്യം ചെയ്തശേഷം ഇരുവരേയും കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്.മനപ്പൂർവ്വമല്ലാതെ അബദ്ധത്തിൽ സംഭവിച്ചത് വഴി തിരിച്ചുവിടാൻ ശ്രമിച്ച കഥയാണ് ഇരുവർക്കും കുഴപ്പമായത്.സംഭവത്തിൽ നസീർ 10 വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിനായി.
റിയാദ് കോടതി റഹീം സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയാണ് വിധിച്ചത്.2014-ൽ വധശിക്ഷ വിധിച്ചപ്പോൾ ആദ്യഘട്ടം അപ്പീലിന് പോയി വധശിക്ഷ റദ്ദാക്കിയിരുന്നു. പക്ഷേ വാദി ഭാഗം വീണ്ടും കോടതിയെ സമീപിച്ച് ശിക്ഷ പുനസ്ഥാപിച്ചു.പിന്നീടുംഅപ്പീലിന് പോയപ്പൊഴും വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യമാണ് വധശിക്ഷ വിധിച്ചത്.ഇതിനിടെയിൽ നിരവധി തവണ പലതലത്തിൽ രക്ഷിക്കാൻ നീക്കം നടത്തിയെങ്കിലും ശിക്ഷ ഇളവ് ഒന്നും ലഭിച്ചില്ല.റിയാദിലെ അൽ-ഹൈർ ജയിലിൽ കഴിയുമ്പോഴാണ് 18 വർഷത്തോളം നീണ്ട ജയിൽവാസത്തിനിടെ നടത്തിയ നീക്കങ്ങൾക്കും ഇടപെടലുകൾക്കും കൂടികാഴ്ചകൾക്കുമൊടവിൽ ദിയാധനം തന്നാൽ മാപ്പ് നൽകാമെന്ന തീരുമാനം സൗദി കുടുംബം അറിയിക്കുന്നത്. ഏപ്രിൽ 16നകം ഏകദേശം ഒന്നരക്കോടിയോളം റിയാൽ (34 കോടിയുടെ മൂല്യം രൂപ) നൽകണമെന്ന ധാരണയിലാണ് സന്ധിചെയ്യുന്നത്. തുടർന്ന് റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ അടങ്ങിയ നിയമസഹായ സമിതി രൂപീകരിച്ചു.റഹീമിന്റെ നാട്ടുകാരനും സമൂഹിക പ്രവർത്തകനുമായ അഷ്‌റഫ് വേങ്ങാട്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി എന്നിവരടക്കം റിയാദിലുള്ളവർ റഹീമിന്റെ മോചനത്തിന് തങ്ങളാൽ സാധ്യമായ നീക്കങ്ങളും നടത്തി.ഒപ്പം സൗദി ഭരണാധികാരിക്ക് ദയാഹർജിയും നൽകി. സൗദിയിൽ അങ്ങോളമിങ്ങോളമുള്ള ഓരോ മലയാളി, പ്രവാസി സംഘടനയും 34 കോടി എന്ന ഭാരം അതിവേഗം കുറയ്ക്കാനുള്ള ഓട്ടമാരംഭിച്ചു. ഐതിഹാസികമായ സഹജീവിസ്നേഹത്തിന്റെ പുതിയ കേരള ചരിത്രം പിറന്ന കാഴ്ചയ്ക്കാണ് മലയാളക്കര സാക്ഷ്യം വഹിച്ചത്. കോടതി വിധിച്ച ദയാധനം നൽകേണ്ട ദിവസത്തിനും മൂന്ന് ദിവസം മുൻപേ പലതുള്ളികൾ ചേർന്ന് വലിയൊരു പ്രവാഹമായി 34.45 കോടി സ്വരൂപിക്കാൻ കഴിഞ്ഞു.നാട്ടുകാരും ലോകമെങ്ങുമുള്ള മലയാളി സമൂഹവും കൈകോർത്ത് അബ്ദുൽറഹീം നിയമസഹായ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നാട്ടിൽ ഏകോപിപ്പിച്ചത്.ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് മതിയായ നിയമ സഹായവും ഉറപ്പ് വരുത്തി. ആദായ നികുതി വകുപ്പ്, റിസർവ് ബാങ്ക്, ഫെമ എന്നിവയിൽ നിന്ന് അനുമതി നേടിയെടുത്തു.തുടർന്ന് സാമ്പത്തിക സമാഹരണത്തിന് സൗകര്യമാകും വിധം ആപ് ഏർപ്പെടുത്തി. ഓരോ സെക്കൻഡിലും അക്കൗണ്ടിലെത്തുന്ന തുക ആർക്കും കാണാവുന്ന തരത്തിലും സംഭാവനയായി നൽകുന്ന ഓരോ ചെറിയ തുകക്കുപോലും രസീത് ലഭിക്കുന്ന വിധത്തിലുള്ള വിധം സുതാര്യമായിരുന്നു ആപ്പിന്റെ പ്രത്യേകത.വാട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കി ധനസമാഹരണ വിവരങ്ങൾ ഷെയർ ചെയ്തു. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുളള നവസാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചാരണം തുടങ്ങി. ഒടുവിൽ പിറന്നത് കാലുഷ്യത്തിന്റെ ഭിന്നിപ്പിന്റെ കെട്ടകാലത്ത് അതിനെയൊക്കെ തച്ചുടച്ച മലയാളിയുടെ കേരളത്തിന്റെ യഥാർത്ഥ മനുഷ്യസ്നേഹത്തിന്റെ പുത്തൻ ചരിത്രം.
കേരളത്തിലെ കൊച്ചുവീട്ടിൽ 18 വർഷമായി കാത്തിരിക്കുന്ന ഉമ്മയുടെ അരികിലേക്ക് ഓടിയെത്താൻ റഹീം മോചിതനാകാൻ കാത്തിരിക്കുകയാണ ഓരോ മലയാളിയും പ്രവാസിലോകവും.