അബ്ദുൽ റഹീമിന്‍റെ മോചനത്തിന് വഴി തുറക്കുന്നു; സൗദി കോടതിയിൽ ഹർജി നൽകി
Mail This Article
റിയാദ്∙ മോചനദ്രവ്യം നൽകാൻ തയ്യാറായ സാഹചര്യത്തിൽ അബ്ദുൽ റഹീമിന്‍റെ മോചനത്തിന് നൽകിയ ഹര്‍ജി സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ശേഷം ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് അന്തിമ വിധിയുണ്ടാകും. വാദി, പ്രതിഭാഗങ്ങൾ കേസ് ഒത്തുതീർപ്പിനുള്ള മറ്റു നടപടികളിലേക്കും ഇന്ന് പ്രവേശിച്ചു.
സൗദി അഭിഭാഷകർ മുഖേനെയാണ് കേസ് സംബന്ധിച്ച തീർപ്പിന് ഇന്ന് ഹർജി നൽകിയത്. സമാഹരിച്ച 34 കോടി രൂപ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വഴി റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈകാതെ പണം എംബസിയിലെത്തും. കോടതി വിധിക്കനുസരിച്ചാണ് പണം കൊല്ലപ്പെട്ട സൗദി പൗരന്‍റെ കുടുംബത്തിന് കൈമാറുക. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അശ്റഫ് വേങ്ങാട്ട്, റഹീമിന്‍റെ കുടുംബത്തിന്‍റെ അറ്റോർണിയും നിയമസഹായസമിതിയുടെ ലീഗൽ കോഓഡിനേറ്ററുമായ സിദ്ദീഖ് തുവ്വൂർ എന്നിവരാണ് നിയമനടപടികൾ ഏകീകരിക്കുന്നത്.