മഴക്കെടുതിയിൽ ഒന്നിച്ച് നിന്ന ജനതയ്ക്ക് നന്ദി പറഞ്ഞ് യുഎഇ ഭരണാധികാരി
Mail This Article
അബുദാബി ∙ യുഎഇയിൽ പെയ്ത കനത്ത മഴ വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചതോടെ, നഷ്ടങ്ങൾ കുറയ്ക്കുന്നതിന് അധികാരികളോട് വേഗത്തിലുള്ള പ്രതികരണം ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രംഗത്തെത്തി. പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ കാണിച്ച അവബോധത്തിനും ഉത്തരവാദിത്തത്തിനും ഷെയ്ഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചു. അതേസമയം, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മഴയുടെ നാശനഷ്ടങ്ങൾ പരിമിതപ്പെടുത്താൻ അധികാരികൾ വേഗത്തിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തുടനീളമുള്ള മഴയുടെ വിവരങ്ങൾ അടങ്ങിയ കാലാവസ്ഥാ ഭൂപടം പുറത്തിറക്കി. അഞ്ച് പ്രദേശങ്ങളിൽ കുറഞ്ഞത് 200 മില്ലിമീറ്റർ മഴ ലഭിച്ചു, ഇത് യുഎഇയുടെ സാധാരണ വാർഷിക മഴയുടെ ഇരട്ടിയാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ ഐനിലെ അൽ ഖത്താറയിലും (259.5 മില്ലിമീറ്റർ) ഷാർജയിലെ കൽബയിലും (239 മില്ലിമീറ്റർ) ആണ്. മഴയും ഇടിയും മിന്നലും രാജ്യത്തുടനീളം പ്രശ്നങ്ങൾ സൃഷ്ടിച്ചു. റാസൽഖൈമയിൽ ചൊവ്വാഴ്ച നടന്ന വെള്ളപ്പൊക്കത്തിൽ ഒരു പ്രാദേശിക നിവാസി മരിച്ചു. ശക്തമായ ഒഴുക്കിൽ വാഹനം ഒഴുകിപ്പോയതിനെ തുടർന്ന് 70 വയസ്സുകാരനാണ് മരിച്ചത്. വെള്ളം കയറിയ വാദി (തടാകം) കടക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹമെന്ന് പൊലീസ് പറഞ്ഞു