കുടുംബാംഗങ്ങളെ പലവഴിക്കാക്കി പ്രളയം: ഭാര്യയും പിഞ്ചുകുഞ്ഞും ആശുപത്രിയിൽ; ജോജോ ഫ്ലാറ്റിൽ കുടുങ്ങിയത് 4 ദിവസം
Mail This Article
ഷാർജ ∙ പ്രളയം അകറ്റിയ മലയാളി കുടുംബം 4 ദിവസത്തിനു ശേഷം ഒന്നിച്ചു. ഷാർജ അൽഖാസിമിയയിൽ താമസിക്കുന്ന തിരുവല്ല പുറമറ്റം സ്വദേശിയും ദുബായ് എയർപോർട്ട് ഫ്രീസോണിൽ പബ്ലിക് റിലേഷൻ ഓഫിസറുമായ ജോജോ വർഗീസിനാണ് ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും 4 ദിവസം പിരിഞ്ഞിരിക്കേണ്ടി വന്നത്.
9 മാസം പ്രായമായ നേദവിന് സുഖമില്ലാതായതോടെ 16ന് രാവിലെ ഭാര്യ റൂബി ട്രീസയെയും കുഞ്ഞിനെയും കൂട്ടി ദുബായിലെ കനേഡിയൻ ആശുപത്രിയിലെത്തി. അഡ്മിറ്റാക്കിയതിനാൽ സാധനങ്ങൾ എടുക്കാനായി ഷാർജയിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയതായിരുന്നു ജോജോ. അപ്പോഴേക്കും മഴ തുടങ്ങി. നിമിഷ നേരംകൊണ്ട് പ്രദേശമാകെ വെള്ളത്തിലായി. കഴുത്തൊപ്പം വെള്ളം നിറഞ്ഞതോടെ പുറത്തിറങ്ങാനായില്ല. വൈകാതെ പ്രദേശത്തെ വൈദ്യുതിയും നിലച്ചു. ഇതോടെ വെള്ളവും വൈദ്യുതിയുമില്ലാത്ത കെട്ടിടത്തിൽ ജോജോയും മകൾ നെരിയ മറിയവും ഒറ്റപ്പെട്ടു.
ഭാര്യയുമായി ഫോണിൽ മാത്രമായി ആശയവിനിമയം. പുറത്തിറങ്ങാനാവാത്ത അവസ്ഥ ഭാര്യയോട് പറഞ്ഞ് ബോധ്യപ്പെടുത്തി. 17ന് മകനെ ഡിസ്ചാർജ് ചെയ്തെങ്കിലും റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ആശുപത്രിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. 18ന് ആശുപത്രി വിട്ട അവരെ അൽഖാനിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കി. അതിനിടെ ജോജോയും മകളും മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു മാറി. ഇന്നലെ ഭാര്യയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുവന്നപ്പോഴായിരുന്നു പുനഃസമാഗമം. ഇതുപോലെ ജോലിക്കു പോയ ഭാര്യ, ഭർത്താവ്, മക്കൾ, സുഹൃത്തുക്കൾ തുടങ്ങി ഒട്ടേറെ പേരും ഷാർജയിലെ ഫ്ലാറ്റിൽ തിരിച്ചെത്താനാകാതെ പലയിടങ്ങളിലായി കഴിയുകയാണ്.