ജിദ്ദയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിടങ്ങിന്റെയും കോട്ടമതിലിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തി
Mail This Article
ജിദ്ദ∙ ജിദ്ദയിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിടങ്ങും കോട്ടമതിന്‍റെയും അവശിഷ്ടങ്ങൾ കണ്ടെത്തി. ചരിത്ര മേഖലയുടെ വടക്കൻ ഭാഗത്താണ് ഈ പുതിയ കണ്ടെത്തലുകൾ. ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത് ഹിജ്റ നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ (എ.ഡി 10-11 നൂറ്റാണ്ടുകൾ) ഈ പ്രദേശത്ത് ഒരു കോട്ടയുള്ള നഗരം നിലനിന്നിരുന്നതായിട്ടാണ്. ലോക പൈതൃക ദിനത്തോട് അനുബന്ധിച്ചാണ് ആദ്യ ഘട്ടത്തിലെ ജിദ്ദ ചരിത്ര മേഖലയിലെ പുരാവസ്തു ഗവേഷണ ഫലങ്ങൾ പുറത്തുവിട്ടത്.
പുതിയ കണ്ടെത്തലുകൾ നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ കോട്ട സംവിധാനത്തിന്‍റെ പിന്നീടുള്ള ഒരു ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ലബോറട്ടറി പരിശോധനകൾ സൂചിപ്പിക്കുന്നു. ഏകദേശം ഹിജ്റ 12,13 നൂറ്റാണ്ടുകളിൽ (എ.ഡി 18-19 നൂറ്റാണ്ടുകൾ) നിർമിച്ചതാകാനാണ് സാധ്യത. പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത് ഹിജ്റ 13–ാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ (എ.ഡി 19–ാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ) കിടങ്ങ് ഉപയോഗമില്ലാതായിത്തീർന്നു.
ഗവേഷണത്തിൽ ഹിജ്റ 13–ാം നൂറ്റാണ്ടിൽ (എ.ഡി 19 നൂറ്റാണ്ട്) ഇറക്കുമതി ചെയ്ത യൂറോപ്യൻ മൺപാത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ജിദ്ദയുടെ ദീർഘദൂര വ്യാപാര ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്. അൽകിദ്‌വ സ്‌ക്വയറിൽ നിന്ന് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ (എ.ഡി ഒൻപതാം നൂറ്റാണ്ട്) ഒരു മൺപാത്രവും കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ ജിദ്ദയുടെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന പരമ്പരയിലെ പുതിയ കണ്ണികളാണ്.