സംസ്‌കൃത പേരുള്ള യുവതിക്ക് യൂബറിന്റെ വിലക്ക്; വിവാദത്തെ തുടർന്ന് മാപ്പ് പറഞ്ഞ് കമ്പനി
Mail This Article
സിഡ്‌നി∙ സംസ്‌കൃത പേരുള്ള യുവതിക്ക് തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യൂബർ വിലക്ക് ഏർപ്പെടുത്തി. സ്വസ്തിക ചന്ദ്ര (35) എന്ന പേരുള്ള യുവതിക്കാണ് ദുരുനഭവം നേരിട്ടത്. സ്വസ്തിക എന്ന പേരിന് സംസ്‌കൃതത്തിൽ 'ഭാഗ്യം' എന്നാണ് അർത്ഥമാക്കുന്നതെന്നും ഫിജിയിൽ ഇത് നിരവധി പേർക്ക് ഇതേ പേരുണ്ട്. അവിടെ ഇത് പ്രശ്നമായിരുന്നില്ലെന്നും യുവതി പ്രതികരിച്ചു. സംഭവം വിവാദമായതോടെ യുവതിക്കുള്ള വിലക്ക് പിൻവലിക്കുകയും കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു.
പേരിൽ സ്വസ്തിക ഉള്ളതിനാലാണ് വിലക്ക് വന്നത്. ഹിറ്റ്‌ലറും നാസി പാർട്ടിയും ഉപയോഗിച്ച ചിഹ്നമാണ് സ്വസ്തിക. അതേസമയം, ഹിന്ദു, ബുദ്ധ, ജൈനമതങ്ങളിൽ സ്വസ്തിക ഒരു സാധാരണ പ്രതീകമാണ്, ഇത് സമൃദ്ധി, ഭാഗ്യം, സൂര്യൻ എന്നിവയുടെ പ്രതീകമായിട്ടാണ് കരുതപ്പെടുന്നത്. ചന്ദ്ര തന്‍റെ പേരിന്‍റെ ചരിത്രപരമായ അർത്ഥം അംഗീകരിച്ചുകൊണ്ട് അത് മാറ്റാൻ വിസമ്മതിച്ചു. ജനന സർട്ടിഫിക്കറ്റ്, പൗരത്വ സർട്ടിഫിക്കറ്റ്, ഹെൽത്ത് കെയർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ തന്‍റെ പേര് ഉപയോഗിക്കുന്നുണ്ടെന്ന് ചന്ദ്ര വ്യക്തമാക്കി.ദി ഹിന്ദു കൗൺസിലിന്‍റെയും ന്യൂ സൗത്ത് വെയിൽസ് അറ്റോർണി ജനറലിന്‍റെയും ഇടപെടലിനെ തുടർന്ന് അഞ്ച് മാസത്തിന് ശേഷം ചന്ദ്ര തന്‍റെ യൂബർ അക്കൗണ്ട് പുനഃസ്ഥാപിച്ചു.
∙ മാപ്പ് പറഞ്ഞ് യൂബർ
സംഭവത്തിൽ ചന്ദ്രയോട് ക്ഷമാപണം നടത്തിയതായി യൂബർ അറിയിച്ചു. എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതമായ അനുഭവങ്ങൾ നൽകുന്നതിന് യൂബർ പരിശ്രമിക്കുന്നുണ്ട്. യൂബർ ആപ്പിലുള്ള ചില വാക്കുകൾ അടങ്ങിയ പേരുകളിൽ ഉപയോക്താക്കൾക്ക് ആക്‌സസ് പരിമിതപ്പെടുത്തുന്ന ആഗോള നയമാണെന്നും കമ്പനി അറിയിച്ചു. ഇസ്രയേൽ ഹമാസ് സംഘർഷത്തെ തുടർന്നാണ് യൂബർ സ്വസ്തികയെന്ന വാക്കിന് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് വിവരം.