പ്രവാസി കലാകാരന്മാർ വിഷുവിന് ഒരുക്കിയ ഹ്രസ്വ ചിത്രവും സംഗീത ആൽബവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു
Mail This Article
മനാമ∙ ബഹ്‌റൈനിലെ ഏതാനും കലാകാരന്മാർ വിഷു ആഘോഷത്തിന് വേണ്ടി ഒരുക്കിയ ഹ്രസ്വ ചിത്രവും സംഗീത ആൽബവും യു ട്യൂബിൽ വൈറൽ ആകുന്നു.അമ്പാടി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജയകുമാർ വയനാട് സംവിധാനം ചെയ്ത 'ന്‍റെ കൃഷ്ണാ ' എന്ന സംഗീത ആൽബവും ടീം മാജിക് മൊമന്‍റസിന്‍റെ ബാനറിൽ അച്ചു അരുൺരാജ് സംവിധാനം ചെയ്ത വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രവുമാണ് ഇത്തവണ ബഹ്‌റൈനിലെ വിഷുക്കാഴ്ചയായി പുറത്തിറക്കിയിട്ടുള്ളത്.
ഈ രണ്ട് വിഡിയോകളും ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് യു ട്യൂബിൽ നേടിയത്. ശ്രീജിത്ത് ശ്രീകുമാറിന്‍റെ വരികൾക്ക് ഉണ്ണി കൃഷ്ണൻ ഈണം നൽകിയാണ് എന്‍റെ കൃഷ്ണാ എന്നുള്ള ഗാനം ഒരുക്കിയിട്ടുള്ളത്. വിജിതാ ശ്രീജിത്താണ് ആലാപനം.ചിത്രീകരണത്തിൽ നൃത്തസംവിധാനം ചെയ്തിരിക്കുന്നത് ഡോ.സിത്താര ശ്രീധരനാണ്.ഛായാഗ്രഹണം ബിജു ഹരിദാസ് , സൂര്യ പ്രകാശ് , കിരീടം ഉണ്ണി എന്നിവർ നിർവഹിച്ചപ്പോൾ ,പ്രകാശ നിയന്ത്രണം കൃഷ്ണകുമാർ പയ്യന്നൂരും , ഷിബു ജോണും ഒരുക്കി . ബഹ്‌റൈൻ കലാവേദികളിലെ കലാകാരൻമാർ ഈ സംഗീത ആൽബത്തിന്‍റെ വിവിധ മേഖലകളിൽ ഭാഗമായിരിന്നു . ലളിത ധർമരാജ് , നീതു സലീഷ് എന്നിവർ ചമയവും ശ്യാം രാമചന്ദ്രൻ ,മനേഷ് നായർ തുടങ്ങിയവർ രംഗസംവിധാനവും കൈകാര്യം ചെയ്‌തു . വിഷു ദിനത്തിൽ കോൺവെക്സ് മീഡിയ യൂട്യൂബ് ചാനൽ വഴിയാണ് ആൽബം റിലീസ് ചെയ്തത്
ഹാസ്യത്തിന്‍റെ മേമ്പൊടിയും ചേർത്താണ് ഹ്രസ്വ ചിത്രമായ വീണ്ടും വിഷു പുറത്തിറക്കിയിട്ടുള്ളത്.ഉണ്ണി ഛായാഗ്രഹണവും നന്ദു രഘുനാഥ് ചിത്ര സംയോജനവും നിർവഹിച്ച ഈ ഹ്രസ്വ ചിത്രത്തിൽ നിഖിൽ വടകരയാണ് ശബ്‌ദ മിശ്രണം ചെയ്തിരുക്കുന്നത് .മിഥുൻ ഉണ്ണി, ശരത് ഉണ്ണി എന്നിവർ സംവിധാന സഹായികളായി പ്രവർത്തിച്ചു.അരുൺരാജ് ,പ്രേം വാവ,സായി അർപ്പിത നായർ ,നീതു രവീന്ദ്രൻ ,വൈഷ്ണവി രമേശ് ,സ്റ്റീവ മെർലിൻ ഐസെക് എന്നിവർ അഭിനയിച്ചിരിക്കുന്നു .ശ്രീജിൻ ചീനിക്കൽ വസ്ത്രാലങ്കാരവും ജെന്നിഫർ കഥാപാത്ര നിർണയവും നിർവഹിച്ച ഈ ചിത്രവും ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സിനെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.