യുഎഇയിൽ നിന്ന് 17 വയസ്സുകാരനെ കാണാതായി; രാജ്യത്ത് കൗമാരക്കാർ വീടുവിട്ടിറങ്ങുന്നത് തുടർക്കഥയാകുന്നു
Mail This Article
അജ്മാൻ ∙ അജ്മാനിൽ നിന്നു കാണാതായ പാക്കിസ്ഥാൻ സ്വദേശിയായ ഇബ്രാഹിം മുഹമ്മദിന് (17) വേണ്ടി പൊലീസും ബന്ധുക്കളും തിരച്ചിൽ തുടരുന്നു. അൽ റൗദ 1-ലെ വീട്ടിൽ നിന്ന് ഈ മാസം 12-ാം തീയതി മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0502924491 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അജ്മാൻ പൊലീസിൽ വിവരം അറിയിക്കുകയോ ചെയ്യണമെന്ന് കുടുംബം അഭ്യർഥിച്ചു.
∙ മകനേ, ദയവായി വീട്ടിലേക്ക് വരൂ
ഇബ്രാഹിം മുഹമ്മദിനെ കഴിഞ്ഞ പെരുന്നാൾ ആഘോഷത്തിനിടെയാണ് കാണാതായത്. കറുത്ത ഷർട്ടും സമ്മാനം കിട്ടിയ കുറച്ച് പണവുമായിട്ടാണ് ഇബ്രാഹിം അപ്രത്യക്ഷമായത്. ഇപ്പോൾ രാജ്യം കണ്ട ഏറ്റവും വലിയ മഴയുടെ സമയമായതിനാൽ കുടുംബം വലിയ ആശങ്കയിലാണ്. കുട്ടി പോകാൻ സാധ്യമായ എല്ലാ സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയതിന് ശേഷമാണ് പൊലീസിൽ പരാതിപ്പെട്ടതെന്ന് കുടുംബം പറയുന്നു. മകനില്ലാത്ത ഓരോ നിമിഷവും ദുഃഖം നിറഞ്ഞതാണെന്ന് പറയുന്ന പിതാവ് മുഹമ്മദ് മഷൂഖ്, ഇബ്രാഹിം ഇത് അറിയുന്ന പക്ഷം ദയവായി വീട്ടിലേക്ക് വരാൻ അഭ്യർഥിച്ചു. കുടുംബത്തിലെ രണ്ട് ആൺമക്കളിൽ മൂത്തവനാണ് ഇബ്രാഹിം.
∙ കൗമാരക്കാർ വീടുവിട്ടിറങ്ങുന്നത് തുടർക്കഥയാകുന്നു
യുഎഇയിൽ കൗമാരക്കാർ വീടുവിട്ട് ഇറങ്ങുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഷാർജയിൽ നിന്ന് മറ്റൊരു പാക്കിസ്ഥാനി കുടുംബത്തിലെ 17 വയസ്സുകാരനെ കാണാതായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കുട്ടിയെ കണ്ടെത്തി കുടുംബത്തിന് തിരികെ ഏൽപ്പിച്ചു. ഷാർജയിൽ കാണാതായ ഫ്രഞ്ച് കൗമാരക്കാരിയെ വീടിന് അടുത്തുള്ള മരുഭൂമിയിൽ നിന്നാണ് കണ്ടെത്തിയത്. ഷാർജയിലെ ഒരു മലയാളി കുടുംബത്തിലെ ഓട്ടിസം ബാധിതനായ കൗമാരക്കാരനെ ഷോപ്പിങ് മാളിൽ നിന്നാണ് കാണാതായത്. പിന്നീട് കുട്ടിയെ 18 കിലോമീറ്റർ അകലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിൽ അറേബ്യൻ റാഞ്ചസിൽ നിന്ന് 11 വയസ്സുള്ള ഒരു ആൺകുട്ടിയെ കാണാതായി. അന്ന് ഡ്രോണുകളും സ്നിഫർ നായ്ക്കളും ഉൾപ്പെട്ട വിപുലമായ തിരച്ചിലാണ് നടത്തിയത്. ഒടുവിൽ രാത്രി ഏറെ വൈകി കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആരോഗ്യ വിദഗ്ധർ പറയുന്നത് കൗമാരക്കാരെ സ്നേഹത്തോടെചേർത്ത് പിടിച്ചാൽ ഇത്തരം സംഭവങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ്. കുട്ടികളിലെ മാറ്റങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
..