ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി മക്കയിലെ മസ്ജിദുൽ ഹറം
Mail This Article
ജിദ്ദ ∙ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി മക്കയിലെ മസ്ജിദുൽ ഹറം മാറിയിരിക്കുന്നുവെന്ന് ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയ പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ പ്രതിവർഷം ഈ വിശുദ്ധ സ്ഥലം സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1.9 കോടിയിലേറെ പേർ റൗദ ശരീഫ് സന്ദർശിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഹജ്, ഉംറ, സിയാറത്ത് ഫോറത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്താൻ ഹജ്, ഉംറ മന്ത്രാലയം നിരന്തര ശ്രമങ്ങൾ നടത്തുന്നുണ്ട്. സൗദിയിൽ എത്തിച്ചേരുന്നതു മുതൽ രാജ്യം വിടുന്നതു വരെയുള്ള കാലത്ത് 3,000 ലേറെ ഉദ്യോഗസ്ഥർ തീർഥാടകരുടെ യാത്ര നിരീക്ഷിക്കുന്നു. ഉംറ, സിയാറത്ത് ഫോറത്തിൽ സൗദി ഉംറ, സിയാറത്ത് കമ്പനികളും ലോക രാജ്യങ്ങളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും തമ്മിൽ 1,500 ലേറെ കരാറുകൾ ഒപ്പുവെക്കും. 28 സർക്കാർ വകുപ്പുകളും 3,000 ലേറെ സൗദി, വിദേശ കമ്പനികളും ഈ ഫോറത്തിൽ പങ്കെടുക്കുന്നു.
ഉംറ തീർഥാടകർക്കും സന്ദർശകർക്കും സൗദി അറേബ്യ നൽകുന്ന സേവനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും ഈ മേഖലയിൽ അവർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനും ഹജ്, ഉംറ മന്ത്രാലയം ശ്രമങ്ങൾ നടത്തുന്നുണ്ട്. തന്‍റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സംഘം സമീപകാലത്ത് 24 രാജ്യങ്ങൾ സന്ദർശിച്ച് ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയതായി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. തീർഥാടകരുടെ അന്വേഷണങ്ങൾക്കും പരാതികൾക്കും 1966 എന്ന നമ്പറിൽ ഒരു കോൾ സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. ഒമ്പത് ഭാഷകളിൽ ഈ കോൾ സെന്‍ററുമായി ആശയവിനിമയം നടത്താൻ സാധിക്കും. ഹറംകാര്യ വകുപ്പുമായി സഹകരിച്ചാണ് ഹജ്, ഉംറ മന്ത്രാലയം ഈ കോൾ സെന്‍റർ തുറന്നത്.