ഷാർജ 'മുങ്ങിയപ്പോൾ' ഒറ്റക്കൈ കൊണ്ട് വള്ളം തുഴഞ്ഞ് രക്ഷാകരം നീട്ടി ജാവേദ്; ബീച്ച് ബോട്ട് വാങ്ങിയത് സ്വരുക്കൂട്ടിവച്ച പണമെടുത്ത്
Mail This Article
ഷാർജ/ദുബായ് ∙ കാരുണ്യപ്രവർത്തനത്തിന് ഒരു കൈ ധാരാളമാണെന്ന് തെളിയിച്ച മലയാളിയുണ്ട് ഷാർജയിൽ. അപകടത്തിൽ ഒരു കൈ അറ്റുപോയ എറണാകുളം സ്വദേശി മുഹമ്മദ് ജാവേദ്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ ഷാർജ മുങ്ങിയപ്പോൾ ഒറ്റക്കൈ കൊണ്ട് വള്ളം തുഴഞ്ഞാണ് ജാവേദ് ദുരിതബാധിതർക്ക് രക്ഷാകരം നീട്ടിയത്.
ദുബായിൽനിന്ന് ഷാർജയിലേക്കും തിരിച്ചുമുള്ള പ്രധാന പാതയാണ് അൽവഹ്ദ റോഡ് (അൽഇത്തിഹാദ്). നാനാഭാഗത്തു നിന്നും വെള്ളം അൽവഹ്ദ റോഡിലേക്കു കുത്തിയൊലിച്ച് എത്തിയപ്പോൾ നിമിഷനേരംകൊണ്ട് കടൽ പോലെയായി. 16ന് വൈകിട്ടോടെ ഷാർജ നിശ്ചലം. പ്രധാന റോഡിലെ മാർഗതടസ്സം ഷാർജ നിവാസികൾക്കു മാത്രമല്ല ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ തുടങ്ങി സമീപ എമിറേറ്റുകളിലേക്കുള്ള യാത്രക്കാരെയും സ്തംഭിപ്പിച്ചു. കഴുത്തറ്റം വെള്ളം നിറഞ്ഞതോടെ വാഹനം ഉപേക്ഷിച്ച് ജീവന‍് കൈയിലെടുത്ത് നീന്തിക്കയറിയവർ ഏറെ.
പ്രളയത്തിൽ കഷ്ടപ്പെടുന്നവരെ കണ്ടപ്പോൾ ജാവേദിന് അടങ്ങിയിരിക്കാനായില്ല. ജോലി നഷ്ടപ്പെട്ട ജാവേദ് സൗദിയിൽനിന്ന് സംസം വെള്ളവും ഈന്തപ്പഴവും വരുത്തി ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുകൊടുത്താണ് ഉപജീവനം നടത്തുന്നത്. അങ്ങനെ സ്വരുക്കൂട്ടിവച്ച പണം എടുത്ത് ബീച്ച് ബോട്ട് വാങ്ങി തിരിച്ചെത്തുമ്പോഴേക്കും ഗതാഗതം പൂർണമായി നിലച്ചിരുന്നു.
അൻസാർ മാളിൽനിന്ന് അൽവഹ്ദയിലേക്ക് വെള്ളത്തിലൂടെ നടന്നു. വീട്ടിലെത്തി ഭാര്യ സായിഖയുടെ സഹായത്തോടെ ബീച്ച് ബോട്ടിൽ എയർ നിറച്ചു. ശുദ്ധജലവും ഭക്ഷണവുമെല്ലാം വാങ്ങി ബോട്ടിലാക്കി വിതരണത്തിനിറങ്ങുകയായിരുന്നു. ഇതു കണ്ട ചില വ്യക്തികളും പാക്കിസ്ഥാൻ അസോസിയേഷനും ഭക്ഷണ പാക്കറ്റുകൾ നൽകിയതോടെ കൂടുതൽ പേർക്കു സഹായം എത്തിക്കാനായി. ഷാർജ പൊലീസ്, നഗരസഭ തുടങ്ങിയ ഉദ്യോഗസ്ഥരും സഹകരിച്ചു. വെള്ളത്തിലകപ്പെട്ട മനുഷ്യർ രക്ഷയ്ക്കായി നിലവിളിക്കുമ്പോൾ ദിർഹം കെട്ടിപ്പിടിച്ചിരുന്നിട്ട് എന്താണ് പ്രയോജനം. അവരെ കൈപിടിച്ച് ജീവിതത്തിലേക്കു കയറ്റുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് ഏറ്റവും വലിയ സമ്പത’ ജാവേദ് മനസ്സ് തുറന്നു.
വെള്ളത്തിലൂടെ കഷ്ടപ്പെട്ടു നടന്ന ഫിലിപ്പീനോ കുടുംബത്തെയും ബോട്ടിൽ ജാവേദ് മറുകരയിലെത്തിച്ചു. പ്രദേശത്തെ വെള്ളം കുറയുന്നതുവരെ കാരുണ്യ പ്രവർത്തനം തുടർന്നു. ഇപ്പോൾ അൽവഹ്ദ റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ഇവിടെ ജനജീവിതം സാധാരണ നിലയിലായെങ്കിലും സമീപ പ്രദേശമായ അൽഖാസിമിയ, അൽമജാസ്, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് എന്നിവിടങ്ങളിൽ സാധാരണ നിലയിലായിട്ടില്ല. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജാവേദിന് കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ടത്. കൈ ഇല്ലാത്തത് കുറവായി കാണുന്നവർ ഏതു പ്രതിസന്ധികളിലും തളരാതെ മുന്നേറുന്ന ജാവേദിന്റെ മനസ്സാണ് കാണാതെ പോകുന്നത്.