യുഎഇയിൽ ഇന്ന് തെളിഞ്ഞ അന്തരീക്ഷം
Mail This Article
അബുദാബി ∙ യുഎഇയിൽ ഇന്ന് (ശനി) തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും മലമ്പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പറഞ്ഞു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തെളിഞ്ഞ ആകാശമായിരിക്കും. എന്നാൽ ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം.
സംവഹന മേഘങ്ങൾ പർവതങ്ങൾക്ക് മുകളിൽ രൂപപ്പെട്ടേക്കാമെന്നും ദിവസം മുഴുവൻ താപനില ക്രമാതീതമായി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു. ചില തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ഞായറാഴ്ച രാവിലെ വരെ രാത്രികാലങ്ങൾ ഈർപ്പമുള്ളതായിരിക്കും. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയും, 35 കിലോമീറ്റർ വേഗത്തിൽ പോലും കാറ്റ് വീശാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ യുഎഇയിൽ ശക്തമായ മഴ വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. അതിന് ശേഷവും മഴപ്രവചനം ഉണ്ടായിരുന്നെങ്കിലും എവിടെയും കാര്യമായ മഴ പെയ്തിട്ടില്ല.